ചെന്നൈ: രജനീകാന്ത് നായകനായി എന്തിരന്‍റെ രണ്ടാം ഭാഗം ഒരുക്കുകയാണ് സംവിധായകന്‍ ഷങ്കര്‍, എന്നാല്‍ അടുത്തിടെ ചിത്രത്തിലെ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന താരത്തിനോട് ഷങ്കര്‍ ശരിക്കും ചൂടായി എന്നാണ് വിവരം. കാര്യം മറ്റൊന്നും അല്ല തന്‍റെ ഒരോ ചിത്രത്തിലും കൃത്യമായ രഹസ്യ സ്വഭാവത്തില്‍ ഷൂട്ടിംഗ് മുന്നോട്ട് കൊണ്ടുപോകുന്ന വ്യക്തിയാണ് ഷങ്കര്‍, ചിത്രം ഇറങ്ങതെ ചിത്രത്തിന്‍റെ കഥ സംബന്ധിച്ച് ഒരു ക്ലൂവും ഷങ്കര്‍ തരില്ല.

എന്നാല്‍ ബോളിവുഡ് നടന്‍ സുദാന്‍ശു പാണ്ഡേ ശരിക്കും ഷങ്കറിനെ കുടുക്കി, ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിലെ പ്രധാന ട്വിസ്റ്റും, തന്‍റെ കഥാപാത്രത്തെക്കുറിച്ചും പാണ്ഡ‍േ തുറന്നു പറഞ്ഞു. എന്തിരന്‍ ഒന്നാം ഭാഗത്തില്‍ ബോളിവുഡ് നടന്‍ ഡാനി ഡെന്‍സോങ്പാ അവതരിപ്പിച്ച പ്രൊഫസര്‍ ബൊഹ്രയുടെ മകന്‍റെ റോളാണ് തനിക്ക് എന്നും, ദുഷ്ടമനസ്സുള്ള ഒരു ശാസ്ത്രഞ്ജനെയാണ് താന്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്നതെന്നും പാണ്ഡേ തുറന്നു പറഞ്ഞു, തന്‍റെ കഥാപാത്രം നിര്‍മ്മിക്കുന്ന റോബോട്ടാണ് അക്ഷയ്കുമാറിന്‍റെ കഥാപാത്രം എന്നും സുദാന്‍ശു പറഞ്ഞു കളഞ്ഞു.

സുദാന്‍ശുവിന്‍റെ അഭിമുഖം കണ്ട് ഷങ്കര്‍ കോപാകുലനായെയെന്നാണ് റിപ്പോര്‍ട്ട്. സുദാന്‍ശുവിനെ ചിത്രത്തില്‍ നിന്നും പുറത്താക്കാന്‍ പോലും ഷങ്കര്‍ ആലോചിച്ചെങ്കിലു, ഇത്തരം അഭിമുഖങ്ങള്‍ നടത്തുമ്പോള്‍ ചിത്രീകരണം നടക്കുന്ന സിനിമയെക്കുറിച്ച് യാതൊരു വിവരങ്ങളും പുറത്തുവിടരുതെന്ന് ഉപദേശം കൊടുത്ത് ഒടുവില്‍ സന്ധിയായി എന്നാണ് റിപ്പോര്‍ട്ട്.