മുംബൈ: 2,000 കോടിയുടെ മയക്കുമരുന്ന് കടത്തുകേസില്‍ പോലീസ് തെരയുന്നവരില്‍ ബോളിവുഡ് താരം മമത കുല്‍ക്കര്‍ണിയുടെ ഭര്‍ത്താവുമെന്ന് സൂചന. യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റിന്റെ വാണ്ടഡ് പട്ടികയിലാണ് വികാസ് ഗോസ്വാമി ഇടംപിടിച്ചിരിക്കുന്നത്. 2014ല്‍ കെനിയയിലും ദുബായിയിലും ഇയാള്‍ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങി.
മുംബൈയിലെ മരുന്നുനിര്‍മാണ ഫാക്ടറിയുടെ മറവില്‍ മയക്കുമരുന്നുകള്‍ ഉണ്ടാക്കി വിദേശത്തേക്കു കടത്തിയതിന്‍റെ പിന്നിലെ ബുദ്ധികേന്ദ്രം വികാസ് ഗോസ്വാമിയാണെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പാര്‍ട്ടികളില്‍ ഉപയോഗിക്കുന്ന മരുന്നുകളാണ് ഇവര്‍ നിര്‍മിച്ചത്. മുംബൈയില്‍നിന്നു യുഎസ് വഴി കെനിയ അടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കാണ് മരുന്നുകള്‍ കടത്തിയിരുന്നത്.
2014ല്‍ പിടിയിലായ ഒരു മയക്കുമരുന്നു കടത്ത് സംഘത്തില്‍നിന്നാണ് അന്വേഷണ സംഘത്തിന് ഈ വിവരം ലഭിച്ചത്. ഇതിന്റെ ചുവടുപിടിച്ച് കഴിഞ്ഞയാഴ്ച മുംബൈയിലെ മരുന്നുനിര്‍മാണ ഫാക്ടറിയില്‍ നടത്തിയ റെയ്ഡില്‍ 20,000 കിലോ മയക്കുമരുന്നു നിര്‍മാണ സാമഗ്രികള്‍ പിടിച്ചെടുത്തിരുന്നു. ഇതിന്റെ മതിപ്പുവില 2,000 കോടി വരുമെന്നാണ് കണക്കുകൂട്ടല്‍. യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.
2013ലായിരുന്നു മമത കുല്‍ക്കര്‍ണിയുടെയും വികാസിന്റെയും വിവാഹം. 90കളില്‍ പുറത്തിറങ്ങിയ ചില സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍ ചിത്രങ്ങളില്‍ വികാസ് മുഖംകാണിച്ചിട്ടുണ്ട്.
