കൊച്ചി: ഫഹദ് ഫാസില്‍ നായകനായി വേണു സംവിധാനം ചെയ്ത കാര്‍ബണ്‍ കഴിഞ്ഞ ദിവസമാണ് തീയറ്ററുകളില്‍ എത്തിയത്. മികച്ച നിരൂപക പ്രശംസ നേടിയ മുന്നേറുന്ന ചിത്രത്തില്‍ ഏറെ ജീവിത മോഹങ്ങളുള്ള സിബി എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തെക്കുറിച്ച് ഫഹദ് പറയുന്നത് ഇങ്ങനെ. കാര്‍ബണിലെ കഥാപാത്രം തന്‍റെ ജീവിതത്തോടടുത്തു നില്‍ക്കുന്നതാണ്. കാര്‍ബണ്‍ കാലത്തെ അതിജീവിയ്ക്കുന്ന ചിത്രമാണെന്നും, ഒരു കാലഘട്ടത്തിനു വേണ്ടി മാത്രമായി താന്‍ സിനിമ ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം എന്‍റെ ഇമാജിനേഷനില്‍ നിന്ന് അവതരിപ്പിച്ചവയാണ്. അവര്‍ ഇങ്ങനെയായിരിക്കും ചിന്തിക്കുക , പ്രവര്‍ത്തിക്കുക എന്നൊക്കെ ഇമാജിന്‍ ചെയ്ത് അതിനനുസരിച്ച് അഭിനയിച്ചു. എന്നാല്‍ കാര്‍ബണിലെ സിബി എന്ന കഥാപാത്രത്തില്‍ ഫഹദുണ്ട്. ഫഹദില്‍ സിബിയും എന്റെ എന്തൊക്കെയോ ഭാഗങ്ങള്‍ സിബിയിലുണ്ട്. അതുകൊണ്ടാണ് ആ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കാന്‍ സാധിച്ചത്. 

ഇതിലെ കഥാപാത്രങ്ങളെല്ലാം നമ്മുടെ അയല്‍ക്കാരോ നമുക്ക് അടുത്തറിയാവുന്നവരോ ആണെന്ന തോന്നലുണ്ടാക്കും. അതു തന്നെയാണ് സിനിമയുടെ മികവും. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.