Asianet News MalayalamAsianet News Malayalam

വ്യാജ മേല്‍വിലാസത്തില്‍ വാഹന രജിസ്‌ട്രേഷന്‍; ഫഹദ് ഫാസില്‍ 17 ലക്ഷം രൂപ നികുതി അടച്ചു

fahadh fazil remitted vehicle tax
Author
First Published Nov 21, 2017, 6:25 PM IST

പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പു നടത്തിയതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് അയച്ച സംഭവത്തില്‍ നടന്‍ ഫഹദ് ഫാസില്‍ നികതി അടച്ചു. 17.68 ലക്ഷം രൂപയാണ് ആലപ്പുഴ ആര്‍ടി ഓഫീസില്‍ മാനേജര്‍ വഴി ഫഹദ് നികുതി അടച്ചത്. ഫഹദിന്റെ 70 ലക്ഷം രൂപ വിലയുള്ള മേഴ്‌സിഡസ് ഇ ക്ലാസ് ബെന്‍സ് കാര്‍ പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.പോണ്ടിച്ചേരിയില്‍ ഒന്നര ലക്ഷം രൂപ നല്‍കിയാല്‍ കാര്‍ രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ പോണ്ടിച്ചേരിയില്‍ താമസിക്കുന്ന ആളുടെ പേരില്‍ മാത്രമേ കാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ. ഈ ചട്ടം ലംഘിച്ചാണ് വ്യാജമേല്‍വിലാസം ഉണ്ടാക്കി ഫഹദ് കാര്‍ രജിസ്റ്റര്‍ ചെയ്തത്.

വ്യാജരേഖകള്‍ ഉപയോഗിച്ച് ആഡംബര കാറുകള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തുവെന്ന പരാതിയില്‍ നടി അമലാ പോളിനും മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. തൃപ്പൂണിത്തുറയില്‍ നടന്ന പരിശോധനയില്‍ മൂന്നു കോടി രൂപ വരെ വില വരുന്ന ആഡംബര കാറുകളാണു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. പരിശോധന നടക്കുമ്പോള്‍ ചില കാറുകളുടെ നമ്പര്‍ പ്ലേറ്റുകള്‍ ഇളക്കി മാറ്റിയ നിലയിലായിരുന്നു. എല്‍.ഡി.എഫ് നടത്തിയ ജനജാഗ്രതാ യാത്രയുടെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ ആഢംബര കാര്‍ യാത്ര വിവാദത്തെ തുടര്‍ന്നാണ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് ലക്ഷങ്ങള്‍ നികുതി വെട്ടിക്കുന്ന വാഹനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. അമലാ പോളിന്റെ 1.12 കോടി രൂപ വിലമതിക്കുന്ന എസ് ക്ലാസ് ബെന്‍സ് പോണ്ടിച്ചേരിയില്‍ വ്യാജപേരില്‍ രജിസ്റ്റര്‍ ചെയ്‌തെന്നുമായിരുന്നു ആരോപണം. അമല പോളിനും കോടിയേരി കയറിയ ആഢംബര വാഹനത്തിന്റെ ഉടമ കാരാട്ട് ഫൈസലിനും മോട്ടോര്‍വോഹന വകുപ്പ് അധികൃതര്‍ നോട്ടീസ് അയച്ചിരുന്നു.

20 ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള ആഢംബര കാറുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിയമപ്രകാരം 20 ശതമാനത്തോളം നികുതി അടക്കേണ്ടി വരും. ഇതൊഴിവാക്കാന്‍ വേണ്ടിയാണ് പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നത്. 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഏത് കാറിനും 55,000 രൂപയാണ് പോണ്ടിച്ചേരിയില്‍ ഫ്‌ളാറ്റ് ടാക്‌സ്. മിക്ക ആംഢംബര കാറുകളും രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ 14-15 ലക്ഷം രൂപ വരെ നികുതിയിനത്തില്‍ നല്‍കേണ്ടി വരുമ്പോള്‍ പോണ്ടിച്ചേരിയില്‍ ഏകദേശം ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതിയാകും. ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഒരാള്‍ക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും വാഹനം രജിസ്റ്റര്‍ ചെയ്യാം. അവിടെ സ്ഥിര താമസക്കാരനാണെന്നു തെളിയിക്കുന്ന വ്യക്തമായ വിലാസവും രേഖകളും വേണമെന്നു മാത്രം. എന്നാല്‍ കേരളത്തിനു പുറത്തുള്ള വാഹനങ്ങള്‍ ഇവിടെ സ്ഥിരമായി ഓടിക്കണമെങ്കില്‍ ഇവിടുത്തെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. ഇത്തരം നികുതി വെട്ടിപ്പുകള്‍ പതിവായതോടെയാണ് ഈ നിയമം കര്‍ശനമാക്കിയത്. എന്നാല്‍ കോടിയേരി സഞ്ചരിച്ച കാര്‍ ഉള്‍പ്പെടെയുള്ളവ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം സ്ഥിരമായി കേരളത്തില്‍ ഉപയോഗിക്കുന്നുവെന്നതാണ് ശ്രദ്ധേയം.

പോണ്ടിച്ചേരിയില്‍ താമസിക്കുന്ന ആളുടെ പേരില്‍ മാത്രമേ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ എന്നാണ് നിയമം എന്നിരിക്കെ വ്യാജമേല്‍വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്ത താരങ്ങള്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. അമലാ പോളിന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അമല പോളിനെ നേരിട്ട് അറിയുക പോലും ചെയ്യാത്ത എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ വിലാസത്തിലാണെന്നാണ് ആരോപണം. ഫഹദ് ഫാസിലിന്റെ ബെന്‍സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പേരിലുള്ള കുടുംബത്തിനും ഫഹദിനെ അറിയില്ലെന്നും ആരോപണമുണ്ട്. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വ്യാജ രജിസ്ട്രേഷന്‍ എന്നതാണ് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്.

2010 ല്‍ നടനും രാജ്യസംഭാംഗവുമായ സുരേഷ് ഗോപിക്കെതിരെയും സമാന ആരോപണം ഉയര്‍ന്നിരുന്നു. 75 ലക്ഷത്തോളം വിലയുള്ള ഓഡി ക്യൂ 7  സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതാണ് വിവാദമായത്. എന്നാല്‍ തനിക്ക് പോണ്ടിച്ചേരിയില്‍ അഡ്രസുണ്ടെന്നും അതിനാല്‍ കുഴപ്പമില്ലെന്നും എംഎല്‍എയായ മുകേഷിന്റെ വണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും പോണ്ടിച്ചേരിയിലാണെന്നുമായിരുന്നു അന്ന് സുരേഷ് ഗോപിയുടെ പ്രതികരണം. ആഢംബര കാറുകള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു നികുതിവെട്ടിപ്പു നടത്താന്‍ സൗകര്യം ഒരുക്കുന്ന റാക്കറ്റ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.

Follow Us:
Download App:
  • android
  • ios