ടീസര്‍ വീഡിയോ പ്രകാശനത്തിന് ശേഷം ഇരിപ്പിടത്തിലേക്ക് മടങ്ങാനൊരുങ്ങിയ നസ്രിയയെ തടഞ്ഞ്, ഒപ്പം നിര്‍ത്തിയാണ് ഫഹദ് സംസാരിച്ചത്.
ആധുനിക ജീവിതത്തിലെ സമസ്ത മേഖലകളുമായും ബന്ധപ്പെട്ട വിഷയമാണ് സൈബര്‍ സുരക്ഷയെന്ന് ഫഹദ് ഫാസില്‍. സൈബര്‍ സുരക്ഷ സംബന്ധിച്ചുള്ള രാജ്യാന്തര സമ്മേളനം 'കൊക്കൂണ്‍ 11'ന്റെ പ്രചരണത്തിനായി തിരുവനന്തപുരം ടെക്‌നോ പാര്‍ക്കില്‍ എത്തിയതായിരുന്നു ഫഹദ്, ഒപ്പം നസ്രിയയും. പരിപാടിയുടെ ടീസര്‍ വീഡിയോ ഫഹദും നസ്രിയയും ചേര്‍ന്നാണ് പ്രകാശനം ചെയ്തത്.
താരദമ്പതികളുടെ സാന്നിധ്യം ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ നന്നായി ആസ്വദിച്ചു. ടീസര്‍ വീഡിയോ പ്രകാശനത്തിന് ശേഷം ഇരിപ്പിടത്തിലേക്ക് മടങ്ങാനൊരുങ്ങിയ നസ്രിയയെ തടഞ്ഞ്, ഒപ്പം നിര്‍ത്തിയാണ് ഫഹദ് സംസാരിച്ചത്. 'ഞാന്‍ ഉദ്ഘാടനം ചെയ്താല്‍ മതി, ഇവള്‍ സംസാരിച്ചോളാമെന്നാണ് പറഞ്ഞത്', സദസ്സിനോട് ഫഹദ് തമാശ പറഞ്ഞു. ഇവിടെയെത്തിയപ്പോള്‍ പ്ലാന്‍ മാറ്റിയെന്നും ഇപ്പോള്‍ ഞാനാണ് ഉദ്ഘാടനം ചെയ്തതെന്നും അതിനാല്‍ നിങ്ങള്‍ സംസാരിക്കണമെന്നുമായിരുന്നു നസ്രിയയുടെ കൗണ്ടര്‍. സൈബര്‍ സുരക്ഷയെക്കുറിച്ച് ലളിതമായി വിവരിക്കാനും ഫഹദ് ഇരുവര്‍ക്കുമിടയിലുണ്ടായ സംഭാഷണത്തെക്കുറിച്ച് പറഞ്ഞു. സൈബര്‍ സെക്യൂരിറ്റി നമ്മുടെ ജീവിതത്തില്‍ എങ്ങനെയാണ് ഇടപെടുകയെന്ന് ഇങ്ങോട്ടുള്ള യാത്രയ്ക്കിടെ നസ്രിയ തന്നോട് ചോദിച്ചെന്നും ഫുഡ് ഹോം ഡെലിവെറി ആപ്പുകളുടെ അത്രതന്നെ പ്രാധാന്യമുണ്ട് സൈബര്‍ സെക്യൂരിറ്റിക്ക് എന്നായിരുന്നു തന്റെ മറുപടിയെന്നും ഫഹദ് പറഞ്ഞു.
സൈബര്‍ സുരക്ഷ സംബന്ധിച്ച് രാജ്യത്തെ പ്രധാനപ്പെട്ട പരിപാടിയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഇരുവരും പറഞ്ഞു.

(ചിത്രത്തിന് കടപ്പാട്: മൂവി മാന്‍ ബ്രോഡ്കാസ്റ്റിംഗ്)
