ഓര്‍ക്കസ്ട്രയൊന്നുമില്ലാതെ ഇന്ത്യന്‍ സിനിമാ സംഗീതം പതിയെ പിച്ചവച്ചു തുടങ്ങുന്ന ബാല്യകാലത്താണ് വിപ്ലവകാരിയുടെ മനക്കരുത്തും ബംഗാളി നാടോടി സംഗീതത്തിന്‍റെ ഈണക്കരുത്തുമായി അനില്‍ കൃഷ്ണ ബിശ്വാസ് എന്ന ചെറുപ്പക്കാരന്‍ ബോംബെയില്‍ വണ്ടിയിറങ്ങുന്നത്. ബംഗാളിലെ ബാരിസാല ഗ്രാമത്തില്‍ നിന്നും ചോരയില്‍ ശ്യാമസംഗീതവും രബീന്ദ്ര സംഗീതവുമായുള്ള അനിലിന്‍റെ വരവ് ഇന്ത്യന്‍ സിനിമാ സംഗീതത്തിന്‍റെ ചരിത്രത്തിലെ വഴിത്തിരിവായിരുന്നു. ഇന്ത്യയിലെ സിനിമാപ്പാട്ടുകള്‍ക്ക് ആദ്യമായി ഓര്‍ക്കസ്ട്ര എന്ന ആശയം ഒരുക്കിയ അനില്‍ ബിശ്വാസിന്‍റെ 102-ാം ജന്മവാര്‍ഷികമാണ് ഇന്ന്.

കിഴക്കന്‍ ബംഗാളിലെ ബരിസാലയില്‍ 1914ല്‍ ജനനം. കുട്ടിക്കാലം മുതല്‍ തബലയില്‍ ജതി പിടിച്ച് മിടുക്കനായ അനില്‍ ബിശ്വാസ് നാടക ഗായകനായും നടനായും തിളങ്ങിയിരുന്ന കാലം. പാട്ടും തബലവാദനവും നാടകാഭിനയവുമൊക്കെ കൊണ്ടുചെന്നെത്തിച്ചത് കൊല്‍ക്കത്തയിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ കളിയരങ്ങുകളില്‍. പ്രശസ്ത ബംഗാളി കവി ഖ്വാസി നൂറുല്‍ ഹാസനുമായും രംഗ്‍മഹല്‍ തിയേറ്ററുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച കാലം. 1930 കളില്‍ തുടര്‍ച്ചയായി ജയില്‍വാസം. 1934ല്‍ ഇരുപതാംവയസ്സിലാണ് മുംബൈയിലെത്തുന്നത്. രാം ദാര്യായിനിയുടെ ഈസ്റ്റേണ്‍ സിന്‍ഡിക്കേറ്റ് എന്ന സംഗീത സംഘത്തില്‍ തുടക്കം. 1935ല്‍ പുറത്തിറങ്ങിയ ധരം കി ദേവി ആയിരുന്നു ആദ്യമായി സംഗീതസംവിധാനം ചെയ്ത ചിത്രം. പശ്ചാത്തല സംഗീതം നല്‍കിയതിനൊപ്പം ചിത്രത്തില്‍ പാട്ടുപാടി അഭിനയിക്കുകയും ചെയ്തു അനില്‍. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങള്‍. 1937ല്‍ മെഹബൂബ് ഖാന്‍റെ ജാഗിര്‍ദറിന്‍റെ ഈണക്കാരനായതോടെ തിരിക്കേറി. റോത്തി (1942) കിസ്മത്ത് (1943) വാരിസ് (1954), പര്‍ദേശി (1957) തുടങ്ങി തൊണ്ണൂറോളം സിനിമകള്‍.

1935 മുതല്‍ 1965 വരെയുള്ള കാലം അനില്‍ ബിശ്വാസിന്‍റെ സുവര്‍ണ്ണകാലമായിരുന്നു. അനില്‍ ഇട്ടുകൊടുത്ത അടിത്തറയുടെ മേലെയാണ് ആധുനിക ബോളീവുഡ് സംഗീതം തലയുയര്‍ത്തി നില്‍ക്കുന്നത്. കോറല്‍ ഇഫക്ടുകളോടു കൂടിയ പാശ്ചാത്യ ഓര്‍ക്കസ്ട്രേഷന്‍ മ്യൂസിക്കും ട്വല്‍വ് പീസ് ഓര്‍ക്കസ്ട്രയുള്‍പ്പെടുന്ന രാഗ്‍മാലയുമൊക്കെ ബോളീവുഡിന് ആദ്യമായി പരിചയപ്പെടുത്തുന്നത് അനിലാണ്. ബംഗാളി നാടോടി സംഗീത വിഭാഗങ്ങളായ ബാവുള്‍, ഭാട്യാലി തുടങ്ങിയവയില്‍ ചാലിച്ചതായിരുന്നു അനില്‍ ബിശ്വാസിന്‍റെ ഈണങ്ങള്‍.

പിന്നെയുമുണ്ട് ഇന്ത്യന്‍ സംഗീത ചരിത്രത്തില്‍ അനില്‍ ബിശ്വാസിന്‍റെ വിശേഷങ്ങള്‍. 1945ല്‍ പുറത്തിറങ്ങിയ പെഹലി നസര്‍ എന്ന ചിത്രത്തില്‍ അനില്‍ ബിശ്വാസ് അവതരിപ്പിച്ച ഗായകനാണ് പില്‍ക്കാലത്ത് പ്രശസ്തിയുടെ കൊടുമുടിയിലേക്ക് നടന്നു കയറിയ ഗായകന്‍ മുകേഷ്. അനില്‍ ഈണമിട്ട ദില്‍ ജല്‍താ ഹേ ആയിരുന്നു മുകേഷിന്‍റെ ആദ്യഗാനം. 1949ല്‍ ആര്‍സൂ എന്ന ചിത്രത്തിലൂടെ മറ്റൊരു ഗായകനെക്കൂടി അനില്‍ ഇന്ത്യയക്ക് സമ്മാനിച്ചു. തലത്ത് മഹമ്മൂദ്. 2003 മെയിലാണ് ഇന്ത്യന്‍ ഓര്‍ക്കസ്ട്രേഷന്‍റെ പിതാമഹനെ മരണം വന്നു വിളിക്കുന്നത്. ല്‍ 88 ആം വയസ്സില്‍.