കൊച്ചി: നടിക്കെതിരായ ആക്രമണത്തിന്‍റെ പേരില്‍ മാധ്യമങ്ങള്‍ ചിലരെ വ്യക്തിഹത്യ ചെയ്യുകയാണെന്ന നിലപാടില്‍ താരസംഘടനായ അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും. അഭ്യൂഹങ്ങളുടെയും കെട്ടിച്ചമച്ച ആരോപണങ്ങളുടെയും അടിസ്ഥാനത്തിലാണ് നിന്ദ്യമായ വ്യക്തിഹത്യ നടത്തുന്നതെന്നാണ് അമ്മ പ്രസിഡന്റ് ഇന്നസെന്റും ജനറല്‍ സെക്രട്ടറി മമ്മൂട്ടിയും നടത്തിയ സംയുക്ത പ്രസ്താവനയില്‍ ഉള്ളത്.
ദിലീപിനെതിരായ വ്യക്തിഹത്യയെ ചെറുക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നിലപാടെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ താരസംഘടനയില്‍ ഉള്ളവരോ ഫെഫ്കയില്‍ ഉള്ളവരോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളോ പങ്കെടുക്കേണ്ടതില്ലെന്നാണ് രഹസ്യ തീരുമാനം.
അന്വേഷണം വൈകുന്നതിലും മുഖ്യപ്രതി പള്‍സര്‍ സുനിയെ പോലീസിന് പിടികൂടാനാകാത്തതിലും ഫിലിം ചേംബറും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ദിലീപിനെ ചോദ്യം ചെയ്തതായി ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കിയതിനെതിരെയും സംഘടനകള്‍ പ്രതിഷേധം അറിയിച്ചു. ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിനെതിരെ വ്യക്തിഹത്യയുണ്ടായെന്നാണ് താരസംഘടനയുടെ വിലയിരുത്തല്‍.
