ആലുവ: ടൊവിനോ തോമസ് - ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളിയുടെ ഷൂട്ടിം​ഗിനായി ആലുവ ക്ഷേത്രത്തിൻ്റെ സ്ഥലത്ത് പണിത്ത സിനിമാ സെറ്റ് തകർത്ത കേസിലെ പ്രതികളെ ഇന്ന് രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരാക്കും. ​ഗുരുതര വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത് എന്നതിനാൽ ഇവ‍ർക്ക് ജാമ്യം കിട്ടാൻ സാധ്യത കുറവാണ്. സംഭവത്തിൽ പ്രതികളായ മറ്റു ചിലരെ ഉടനെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. 

സമൂഹത്തിൽ മതസ്പർദ്ധ ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുക, 454 പകൽ സമയത്ത് മോഷണം നടത്തുക, 380 വീട്ടിൽ കയറി മോഷണം നടത്തുക... എന്നീ ജാമ്യം കിട്ടാത്ത വകുപ്പുകൾ കൂടാതെ അനധികൃതമായി സംഘം ചേരുക, മാരകായുധങ്ങളുമായി സംഘം ചേരുക, തടവുശിക്ഷ കിട്ടാവുന്ന രീതിയിൽ അതിക്രമിച്ചു കയറുക, സ്വത്ത് വകകൾക്ക് നാശനഷ്ടം വരുത്തുക എന്നീ വകുപ്പുകൾ ചേ‍ർത്തും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. 

സിനിമയുടെ സെറ്റ് തകര്‍ത്ത കേസിലെ രണ്ടു  പ്രതികളെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത്. മലയാറ്റൂർ സ്വദേശി രതീഷ്, കാലടി സ്വദേശി രാഹുൽ എന്നിവരാണ്  പിടിയിലായത്.  കേസിൽ പത്ത് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിരുന്നു.  ഇവരിൽ ചിലരെ കൂടി കസ്റ്റഡിയിലെടുത്തതായാണ് സൂചന. 

വിവിധ സിനിമാ സംഘടനകളുടെയും മണപ്പുറത്ത് ഷൂട്ടിംഗിന് അനുമതി നല്‍കിയ മഹാശിവരാത്രി ആഘോഷ സമിതിയും  നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊലപാതകം ഉൾപ്പെടെ 29 കേസുകളിലെ  പ്രതിയായ രതീഷ് എന്നയാളുടെ നേതൃത്വത്തിലാണ് സെറ്റ് തകർത്തതെന്ന് പൊലീസ് പറഞ്ഞു. അഖില ഹിന്ദു പരിഷത്തിന്‍റെയും അവരുടെ യുവജന സംഘടനയായ ബംജ്റംഗദളിന്‍റെയും പ്രവര്‍ത്തകരും എത്തിയാണ് സെറ്റ് തകർത്തത്.