സത്യരാജിനെപ്പോലെ രജനിയും മാപ്പ് പറയണമെന്നാണ് തീവ്ര കന്നഡ സംഘടനകളുടെ ആവശ്യം
കാവേരി നദീജല തർക്കത്തിൽ രജനീകാന്ത് നടത്തിയ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് കാല സിനിമയുടെ റിലീസിംഗിന് കർണാടകയില്‍ പ്രതിസന്ധി നേരിടുകയാണ്. തീവ്ര കന്നഡ സംഘടനകളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‍സാണ് കാല കര്‍ണാടകയില്‍ വേണ്ടെന്ന തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ ആദ്യമായല്ല കര്‍ണാടകം മറുഭാഷാ സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. കാലയ്‍ക്ക് മുന്‍പ് ഇത്തരത്തിലൊരു വിലക്ക് നേരിട്ടത് ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ബാഹുബലി 2 ആണ്. ഇതാണ് കര്‍ണാടകില്‍ പല കാലങ്ങളില്‍ റിലീസിംഗ് പ്രതിസന്ധി നേരിട്ട സിനിമകള്‍, അവയുടെ കാരണങ്ങളും ഏറെക്കുറെ സമാനമാണ്.
കാല

ലോകമെങ്ങുമുള്ള ആരാധകർ കാത്തിരുന്ന രജനി ചിത്രമാണ് കാല. ജൂൺ ഏഴിന് റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ക്കും ട്രെയ്ലറിനുമൊക്കെ വന്പന്‍ പ്രതികരണമാണ് ലഭിച്ചത്. ട്രെയ്‍ലര്‍ പുറത്തെത്തിയതിന് പിന്നാലെയാണ് ഇരുട്ടടി പോലെ ആ വാര്‍ത്തയെത്തിയത്. കാലയ്ക്ക് കര്‍ണാടകയില്‍ വിലക്ക് നേരിടുമെന്ന വാര്‍ത്ത. തീവ്ര കന്നഡ സംഘടനകളുടേതാണ് തീരുമാനം. കാവേരി നദീജല വിഷയത്തിൽ രജനീകാന്ത് മുമ്പ് നടത്തിയ ചില പ്രസ്താവനകളാണ് ഇതിന് കാരണം. ഇക്കാര്യത്തിൽ തിയേറ്റർ ഉടമകളുടെയും വിതരണക്കാരുടെയും പിന്തുണ ഉണ്ടെന്നാണ് ഈ സംഘടനകളുടെ വാദം. നിരോധനം സംബന്ധിച്ച വാദങ്ങളുമായി സംഘടനകൾ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സിനെ സമീപിച്ചിരുന്നു.
ബാഹുബലി 2

ബാഹുബലി 2 ൽ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച സത്യരാജ് പത്ത് വർഷം മുമ്പ് കാവേരി നദീജല പ്രശ്നത്തിൽ നടത്തിയ പരാമർശമായിരുന്നു വിലക്കിന് പിന്നിൽ. ചിത്രം റിലീസ് ചെയ്താൽ തിയേറ്ററുകൾ അടിച്ചുതകര്‍ക്കുമെന്നായിരുന്നു തീവ്ര സംഘടനകളുടെ ഭീഷണി. സത്യരാജ് മാപ്പ് പറഞ്ഞതിന് ശേഷമാണ് ചിത്രം റിലീസ് ചെയ്തത്.
മാട്രാൻ

തമിഴ്‍നടൻ സൂര്യ ഇരട്ട വേഷത്തിലെത്തിയ ചിത്രമായിരുന്നു മാട്രാൻ. കാവേരി നദീജല പ്രശ്നമായിരുന്നു ഈ ചിത്രവും കർണാടകയില്‍ വിലക്ക് നേരിടാന്‍ കാരണം. മാട്രാൻ എന്ന പേരിൽ ചിത്രം റിലീസ് ചെയ്യാൻ പറ്റില്ലെന്നായിരുന്നു ആവശ്യം. പിന്നീട് പേരിൽ മാറ്റം വരുത്തി ബ്രദേഴ്സ് ആയി ചിത്രം റിലീസ് ചെയ്തു.
ആരംഭം

വിഷ്ണുവർദ്ധൻ സംവിധാനം ചെയ്ത അജിത്ത് ചിത്രം ആരംഭം കർണാടകത്തിൽ വിലക്കാൻ രണ്ട് കാരണങ്ങളുണ്ടായിരുന്നു. 2013 ൽ രാജ്യോത്സവ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കർണാടകത്തിൽ താത്ക്കാലികമായി റിലീസിംഗ് നിരോധിച്ചിരുന്നു. രണ്ടാമത്തെ കാരണം തമിഴ്നാടും കർണാടകവും തമ്മിൽ നിലനിൽക്കുന്ന കാവേരി നദീജലപ്രശ്നമായിരുന്നു.
കുസേലൻ

ഹൊഗനക്കൽ വാട്ടർ പ്രൊജക്റ്റ് വിഷയത്തിൽ രജനീകാന്ത് നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു കുസേലൻ റിലീസിംഗ് വിലക്ക് നേരിട്ടത്. മലയാളത്തിലെ കഥ പറയുമ്പോൾ എന്ന ചലച്ചിത്രത്തിന്റെ തമിഴ് മൊഴിമാറ്റമായിരുന്നു കുസേലൻ. രജനീകാന്ത് മാപ്പ് പറഞ്ഞതിന് ശേഷമായിരുന്നു റിലീസിംഗ്.
സുപ്രീം കോടതി വിധി പ്രകാരം തമിഴ്‍നാടിന് അർഹതപ്പെട്ട വെള്ളം വിട്ടുനൽകാൻ കർണാടക തയ്യാറാകണമെന്നായിരുന്നു രജനീകാന്തിന്റെ വിവാദ പരാമർശം. ഈ പരാമർശത്തെ അടിസ്ഥാനപ്പെടുത്തിയാണ് കാല സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. രജനി മാപ്പ് പറഞ്ഞാൽ കാലാ റിലീസ് അനുവദിക്കാമെന്ന് തന്നെയാണ് ഇത്തവണവും കന്നഡ തീവ്ര സംഘടകൾ പറഞ്ഞിരിക്കുന്നത്. ഈ പ്രശ്നം ഒത്തുതീർപ്പാകുമെന്ന് തന്നെയാണ് താൻ പ്രതീക്ഷിക്കുന്നതെന്നാണ് രജനീകാന്തിന്റെ പ്രതികരണം.
