95 താമസക്കാരെ ഒഴിപ്പിച്ചു

ബോളിവുഡ് താരം ദീപിക പദുകോണിന്‍റെ മുംബൈയിലെ ഫ്ളാറ്റ് സമുച്ചയത്തില്‍ തീപിടുത്തം. വൊര്‍ളി അപ്പാസാഹേബ് മറാത്തെ മാര്‍ഗിലുള്ള ബ്യൂമോണ്ടെ ടവേഴ്‍സിനാണ് ഇന്ന് ഉച്ചയോടെ തീ പിടിച്ചത്. സംഭവം നടക്കുമ്പോള്‍ ഒരു പരസ്യ ചിത്രീകരണത്തിനായി ദീപിക പുറത്തുപോയിരിക്കുകയായിരുന്നു. അഗ്നിബാധയില്‍ ആളപായമില്ല.

ബ്യൂമോണ്ടെ ടവേഴ്‍സിലെ 26ാം നിലയിലാണ് ദീപികയുടെ ഫ്ലാറ്റ്. 33ാം നിലയിലാണ് അഗ്നിബാധയുണ്ടായത്. സംഭവത്തെത്തുടര്‍ന്ന് കെട്ടിടത്തിലുണ്ടായിരുന്ന 95 താമസക്കാരെ ഒഴിപ്പിച്ചു. ലെവല്‍ 3 അഗ്നിബാധയെന്നാണ് മുംബൈ അഗ്നിശമനസേനയുടെ വിലയിരുത്തല്‍.

2010ലാണ് നാല് കിടപ്പുമുറികളുള്ള ഫ്ലാറ്റ് ദീപിക വാങ്ങുന്നത്. 16 കോടി രൂപയായിരുന്നു വില. 26ാം നിലയില്‍ മൂന്ന് പാര്‍ക്കിംഗ് സ്ലോട്ടുകളോട് കൂടിയതാണ് താമസസ്ഥലം. മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിനടുത്താണ് കെട്ടിടം.