വല്ലാതെ വെളുപ്പിച്ചതില്‍ മാറ്റവുമായി മെഴുക് പ്രതിമാ നിർമ്മാതാക്കൾ, 'റോക്ക്' ആരാധകരുടെ വിമർശനം ഫലം കണ്ടു
സാധാരണ വേണ്ടിയിരുന്നതിലും അധികം വെളുത്ത് പോയെന്ന് ബോധ്യമായതിനാലാണ് മാറ്റം വരുത്തിയതെന്നാണ് മ്യൂസിയം മേധാവി
പാരീസ്: മെഴുക് പ്രതിമയുടെ നിറത്തേക്കുറിച്ചുള്ള വ്യാപക വിമര്‍ശനത്തിന് പിന്നാലെ ഹോളിവുഡ് താരം ഡ്വയ്ന്‍ ജോണ്‍സന്റെ പ്രതിമയില്‍ മാറ്റങ്ങള്‍ വരുത്തി ഫ്രാന്‍സിലെ പ്രശസ്തമായ ഗ്രെവിന്‍ മ്യൂസിയം. കറുത്ത വര്‍ഗക്കാരനായ നടന്റെ അമിതമായി വെളുപ്പിച്ചെന്നായിരുന്നു രൂക്ഷമായ വിമര്‍ശനം. തന്റെ പ്രതിമയേക്കുറിച്ചുള്ള വിമര്‍ശനത്തേക്കുറിച്ച് നടനും മ്യൂസിയം അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിമയുടെ നിറം അല്‍പം കൂടി ഇരുണ്ടതാക്കി ശില്‍പി പരിഹാരം കണ്ടെത്തിയത്.
ഓയില്‍ പെയിന്റ് ഉപയോഗിച്ചാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. സാധാരണ വേണ്ടിയിരുന്നതിലും അധികം വെളുത്ത് പോയെന്ന് ബോധ്യമായതിനാലാണ് മാറ്റം വരുത്തിയതെന്നാണ് മ്യൂസിയം മേധാവി വെറോണിഖെ ബെരെക്സ് അന്തര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. നാല് പതിറ്റാണ്ടിലേറെയായി മ്യൂസിയത്തിന്റെ ചുമതലയിലുള്ള വ്യക്തിയാണ് വെറോണിഖെ. കഴിഞ്ഞ ആഴ്ചയാണ് ഫ്രാന്‍സിലെ പ്രശസ്തമായ ഗ്രെവിന്‍ മ്യൂസിയം ഹോളിവുഡ് താരം ഡ്വയ്ന്‍ ജോണ്‍സന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്. പ്രതിമയുടെ ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ റോക്കിന്റെ ആരാധകര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു.
കറുത്ത വര്‍ഗക്കാരനായ സമോവന്‍ എന്ന് പരസ്യമായി പറയുന്ന താരത്തെ വല്ലാതെ കണ്ട് വെളുപ്പിച്ചെന്നായിരുന്നു രൂക്ഷമായ ആരോപണം. ഇതോടെ ലണ്ടനിലെയും ന്യൂയോര്‍ക്ക് സിറ്റിയിലേയും മെഴുക് പ്രതിമാ മ്യൂസിയങ്ങള്‍ പോലെ തന്നെ പ്രശസ്തമായ പാരീസിലെ മ്യൂസിയം പുലിവാല് പിടിച്ച അവസ്ഥയിലുമായി. പിന്നാലെ ഡ്വയ്ന്‍ ജോണ്‍സന്‍ തന്നെ നിറം മാറ്റത്തേക്കുറിച്ച് പരാതിപ്പെടുക കൂടി ചെയ്തതോടെ മ്യൂസിയം അധികൃതര്‍ മെഴുകു പ്രതിമയില്‍ മാറ്റം വരുത്തുകയായിരുന്നു. മ്യൂസിയം അധികൃതരുമായി ബന്ധപ്പെടുമെന്നും കുറച്ച് അത്യാവശ്യ മാറ്റങ്ങള്‍ സ്കിന്‍ ടോണിലടക്കം വരുത്താനുണ്ടെന്നും അതിന് ശേഷം അടുത്ത തവണ ഫ്രാന്‍സ് സന്ദര്‍ശിക്കുമ്പോള്‍ പ്രതിമ കാണാന്‍ പോകുമെന്നുമാണ് താരം പ്രതികരിച്ചത്.
ചാർളി ചാപ്ലിന്‍, നെല്‍സണ്‍ മണ്ടേല, ലിയനാഡോ ഡി കാപ്രിയോ അടക്കമുള്ള സെലിബ്രിറ്റികളുടെ മെഴുക് പ്രതിമകള്‍ തയ്യാറാക്കിയിട്ടുള്ള മ്യൂസിയം ആദ്യമായാണ് ഇത്തരമൊരു തിരുത്തല്‍ ആവശ്യം നേരിടുന്നതെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്റ്റെഫാനി ബാരെറ്റ് എന്ന ശില്‍പിയാണ് പ്രതിമ തയ്യാറാക്കിയിട്ടുള്ളത്. താരത്തെ നേരില്‍ കാണാതെ ചിത്രങ്ങളുടേയും വീഡിയോകളുടേയും സഹായത്തോടെയാണ് പ്രതിമ തയ്യാറാക്കിയതെന്നാണ് മ്യൂസിയം സംഭവത്തേക്കുറിച്ച് തിങ്കളാഴ്ച വിശദമാക്കിയത്. നേരത്തെ പ്രതിമയുടെ കണ്ണുകള്‍ മൂന്ന് തവണയാണ് മാറ്റി പണിതതെന്നാണ് ശില്‍പി വിശദമാക്കിയത്. ഡ്വയ്ന്‍ ജോണ്‍സന്റെ കൈകളിലെ ടാറ്റൂ ചെയ്ത് എടുക്കാനായി ഏറെ ദിവസം വേണ്ടി വന്നതായും ശില്‍പി വ്യക്തമാക്കിയിരുന്നു.
ഡബ്ല്യു ഡബ്ല്യു ഇയില്‍ നിരവധി തവണ വിജയി ആയതിന് പിന്നാലെയാണ് ഡ്വയ്ന്‍ ജോണ്‍സണ്‍ അഭിനയത്തിലേക്ക് തിരിയുന്നത്. ഫോബ്സ് കണക്കുകള്‍ അനുസരിച്ച് 2016 മുതല്‍ 2019 വരെയും 2021ലും ഏറ്റവുമധികം പ്രതിഫലം വാങ്ങിയ ഹോളിവുഡ് നടനാണ് ഡ്വയ്ന്‍ ജോണ്‍സണ്‍. സമോവന്‍ ദ്വീപ് നിവാസിയാണ് ഡ്വയ്ന്‍ ജോണ്‍സന്‍റെ അമ്മ. ഡിസ്നിയുടെ അനിമേഷന്‍ ചിത്രമായ മോനയില്‍ പസഫിക് ദ്വീപ് നിവാസി കഥാപാത്രമായ മാവിയെ അവതരിപ്പിച്ചത് ഡ്വയ്ന്‍ ജോണ്‍സണായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം