സിനിമ എന്നത് ഒട്ടുമിക്ക ചെറുപ്പക്കാരുടെയും സ്വപ്‌ന ഭൂമികയായിരിക്കും. സച്ചിദാനന്ദന്‍ എന്ന സച്ചിയും വ്യത്യസ്തനായിരുന്നില്ല. കോളേജ് പഠനകാലത്തെ ഫിലിം സൊസൈറ്റ് പ്രവര്‍ത്തനവും നാടക സംവിധാനവും സച്ചിയില്‍ സിനിമയെന്ന സ്വപ്‌നത്തിന് ആക്കം കൂട്ടി. പക്ഷേ കുടുംബം അനുകൂലമായിരുന്നില്ല. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കണമെന്ന ആഗ്രഹം അങ്ങനെ മുടങ്ങി. പിന്നീട് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പഠനവും നിയമപഠനവും ഒരുമിച്ചായി. ഒടുവില്‍ ഹൈക്കോടതി അഭിഭാഷകനായി പ്രൊഫഷന്‍ തെരഞ്ഞെടുത്തു.

 

അപ്പോഴും സിനിമയെന്ന സ്വപ്‌നം കെടാതെ നെഞ്ചില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു സച്ചിയെന്ന ചെറുപ്പക്കാരന്‍. സ്വപ്‌നങ്ങളിലേക്ക് കൈയെത്തിപ്പിടിക്കാന്‍ ഏതൊരാള്‍ക്കും ഓരോ നിയോഗങ്ങളുണ്ടായിരിക്കും. സച്ചിയുടെ ആ നിയോഗമായിരുന്നു സേതു. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന കാലത്താണ് സേതുവുമായി പരിചയപ്പെടുന്നതും അടുക്കുന്നതും സിനിമ ചെയ്യാന്‍ ഒരുമിച്ചിറങ്ങിപ്പുറപ്പെടുന്നതും. അങ്ങനെ 2007ല്‍ സച്ചിയുടെ പേര് സേതുവിനൊപ്പം സ്‌ക്രീനില്‍ തെളിഞ്ഞു. പൃഥ്വിരാജ് നായകനായ, ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു സച്ചി-സേതു കൂട്ടുകെട്ടിന്റെ അരങ്ങേറ്റം. ചിത്രം സൂപ്പര്‍ഹിറ്റായതോടെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

പിന്നീട് റോബിന്‍ഹുഡ്, സീനിയേഴ്‌സ്, മേക്കപ്പ്മാന്‍, ഡബിള്‍സ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഇരുവരുമൊരുക്കി. മോഹന്‍ലാല്‍-ജോഷി ചിത്രമായ റണ്‍ബേബി റണ്ണിലാണ് സച്ചി സ്വതന്ത്ര തിരക്കഥാകൃത്താകുന്നത്. പിന്നീട് രാമലീല, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ ചിത്രങ്ങള്‍ക്കും തിരക്കഥയൊരുക്കി.

2015ല്‍ സംവിധായകന്റെ കുപ്പായമണിഞ്ഞു. പൃഥ്വിരാജും ബിജുമേനോനും അഭിനയിച്ച അനാര്‍ക്കലിയിലൂടെയാണ് സംവിധാകനായി അരങ്ങേറിയത്. ചിത്രം വന്‍ ഹിറ്റായി. 2019ലാണ് നിരൂപകപ്രശംസയും വാണിജ്യ വിജയവും ഒത്തുചേര്‍ന്ന സച്ചിയുടെ മാസ്റ്റര്‍പീസായ അയ്യപ്പനും കോശിയും പിറക്കുന്നത്. പൃഥ്വിരാജും ബിജുമേനോനും മത്സരിച്ചഭിനയിച്ച ചിത്രത്തിന്റെ വിജയാവേശം അടങ്ങും മുമ്പാണ് സച്ചി വിടപറയുന്നത്.