പനാജി: ഗോവയില്‍ നടക്കുന്ന 48 ാ മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നിന്ന് എസ്.ദുര്‍ഗയും മറാത്തി ചിത്രം ന്യൂഡും ഒഴിവാക്കിയതില്‍ ഗീതുമോഹന്‍ ദാസ് പ്രതിഷേധം രേഖപ്പെടുത്തി. പനോരമ ലിസ്റ്റില്‍ നിന്ന് ഏകപക്ഷീയമായ രണ്ട് മനോഹര സിനിമകള്‍ നീക്കം ചെയ്തു എന്ന വാര്‍ത്ത് കേട്ടുകൊണ്ടാണ് ഇന്നു രാവിലെ ഉറക്കം തെളിഞ്ഞതെന്നും സംവിധായകരുടെ ആവിഷ്ക്കാര സ്വാതന്ത്ര്യം എവിടെയാണെന്നും ഗീതു മോഹന്‍ദാസ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

പ്രതിബന്ധങ്ങളില്ലാതെ സ്വന്തം അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കാനും കലാരൂപം പ്രകടിപ്പിക്കാനുമുള്ളത് നമ്മുടെ സ്വാതന്ത്ര്യമാണ്. ചിത്രം കാണണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകനാണ്. ഇത്തരത്തില്‍ സിനിമ ഒഴിവാക്കിയത് രാജ്യത്തെ സര്‍ഗശേഷിയുള്ള ആളുകള്‍ക്ക് നാണക്കേടാണെന്നും ഇത് പ്രതികരിക്കേണ്ട സമയമാണെന്നും ഗീതു പറയുന്നു. അല്ലെങ്കില്‍ നിങ്ങളുടെ സിനിമയും നിശ്ബദമാക്കപ്പെടുന്നത് വരെ കാത്തിരിക്കാം എന്നും ഗീതു പോസ്റ്റില്‍ പറയുന്നുണ്ട്.