'ജയന്‍റ് മാഗ്' എന്ന് പറഞ്ഞാല്‍ ഒരു പക്ഷേ ഗെയിം ഓഫ് ത്രോണ്‍ ടെലിവിഷന്‍ പരമ്പരഹരമായ എല്ലാര്‍ക്കും അറിയാം. ഗെയിം ഓഫ് ത്രോണിലെ ഈ ഭീമനെ അവതരിപ്പിച്ച ബ്രിട്ടനിലെ ഏറ്റവും ഉയരം കൂടിയ ആളും നടനുമായ ഫിംഗള്‍ട്ടണ്‍ 36-മത്തെ വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി. 7 അടി 7 ഇഞ്ച് ഉയരക്കാരനായ ഇയാള്‍ ബാസ്‌ക്കറ്റ്‌ബോളില്‍ നിന്നും ആയിരുന്നു അഭിനയത്തിലേക്ക് എത്തിയത്. ശനിയാഴ്ചയായിരുന്നു മരണം സംഭവിച്ചത്.

എച്ച്ബിഒ ചാനലിലെ ഗെയിംഓഫ് ത്രോണ്‍ ടെലിവിഷന്‍ സീരിയലില്‍ ജയന്‍റ് മാഗ് ദി മൈറ്റി എന്ന കഥാപാത്രമായി ലോകത്തുടനീളമായി അനേകം ആരാധകരെ ഫിംഗ്‌ളെട്ടണ്‍ സ്വന്തമാക്കിയിരുന്നു. ഇംഗ്‌ളണ്ടിലെ ഡറാമില്‍ ജനിക്കുകയും പതിനാറാം വയസ്സില്‍ സ്‌കൂള്‍ വിദ്യാഭ്യാസാനന്തരം അമേരിക്കയിലേക്ക് ചേക്കേറുകയും ആയിരുന്നു. അമേരിക്കയില്‍ ബാസ്‌ക്കറ്റ്‌ബോള്‍ താരമായി ഉയര്‍ന്ന നീല്‍ അവിടെ നിന്നും സ്‌പെയിന്‍, ചൈന, ഇറ്റലി, ഗ്രീസ്, ഇംഗ്‌ളണ്ട് എന്നിവിടങ്ങളിലും കളിച്ചു.

2015 ല്‍ ബിബിസിയിലെ ഡോക്ടര്‍ഹൂവില്‍ ഫിഷര്‍ കിംഗ് എന്ന വില്ലനെ അവതരിപ്പിച്ച് അഭിനയജീവിതത്തിലേക്ക് വന്ന നീല്‍ ഫിംഗ്‌ളെട്ടണ്‍ ഗെയിം ഓഫ് ത്രോണിലൂടെ വന്‍ വിജയം നേടുകയായിരുന്നു. അതിന് മുമ്പ് എക്‌സ്‌മെനിലും വേഷമിട്ടു. ബ്രിട്ടനിലെ ഏറ്റവും നീളം കൂടിയ വ്യക്തി എന്ന് ഖ്യാതിയുള്ള ഫിംഗ്‌ളെട്ടണ്‍ പതിനൊന്നാം വയസ്സില്‍ തന്നെ ഏഴടി ഉയരക്കാരനായി മാറിയിരുന്നു.

2007 ല്‍ ബ്രിട്ടനിലെ ഉയരം കൂടിയ വ്യക്തിയായി മാറിയ ഫിംഗ്‌ളെട്ടണ്‍ ലോകത്തെ 25 ഉയരം കൂടിയ വ്യക്തികളില്‍ ഒരാളുമാണ്. കഴിഞ്ഞ സീസണില്‍ ഇദ്ദേഹത്തിന്‍റെ ഗെയിം ഓഫ് ത്രോണിലെ കഥാപാത്രം കൊല്ലപ്പെടുന്നതായാണ് കാണിച്ചിരുന്നത്.