അടുത്തിടെയായി ഗുസ്തി പ്രമേയമായ ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയിലെ പ്രത്യേകതകളാണ്. ബോക്‌സ് ഓഫീസ് കീഴടക്കിയ സുല്‍ത്താനും,ദംഗലും കേരളത്തിലും ഹിറ്റായിരുന്നു. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ മലയാളത്തിന്റെ പരിമിതികളും സാധ്യതകളും ഉപയോഗിച്ച് ഗുസ്തി പ്രമേയമാക്കി ബേസില്‍ ജോസഫ് ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഗോദ. ചിരിയുടെയും ചിന്തയുടെയും രസച്ചരടില്‍ കോര്‍ത്ത് പ്രേക്ഷകന് ഹൃദ്യമാകുന്ന രീതിയില്‍ നല്ലൊരു ചിത്രം ഒരുക്കാന്‍ സംവിധായകനും സംഘത്തിനും സാധിക്കുന്നുണ്ട്. 

ഗുസ്തിയുടെ മുന്‍കാല പ്രൗഢി മനസില്‍ സൂക്ഷിച്ച് അതില്‍ ജീവിക്കുന്ന ഒരു ഗ്രാമത്തിലെ പഴയതലമുറയും, അവരോട് നിരന്തരം പുതുമയുടെ പേരില്‍ ഏറ്റുമുട്ടേണ്ടിവരുന്ന പുതുതലമുറയും തമ്മിലുള്ള രസകരമായ ഉരച്ചിലുകളില്‍ നിന്നാണ് പടത്തിലെ ആദ്യകാഴ്ചകള്‍ തുടങ്ങുന്നത്. പഴയതലമുറയുടെ നായകനാകുന്നത് രഞ്ജിപണിക്കര്‍ അഭിനയിച്ച ക്യാപ്റ്റന്‍ എന്ന കഥാപാത്രം. പഴയകാല ഗുസ്തിതാരവും, പരിശീലകനുമാണ് ക്യാപ്റ്റന്‍. ഇദ്ദേഹത്തിന്റെ മകനായ ടൊവീനോ അവതരിപ്പിക്കുന്ന അജ്ഞനേയ ദാസ് പുതുതലമുറയുടെ പ്രതിനിധിയാണ്. ഈ സംഘര്‍ഷത്തില്‍ നിന്നും ഒഴിവാക്കാന്‍ ക്യാപ്റ്റന്‍ മകനെ പഠനത്തിനായി പഞ്ചാബിലേക്ക് അയക്കുന്നു. അവിടെ വച്ച് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചു ഗുസ്തിക്കാരിയായ അതിഥി സിംഗിനെ ദാസ് കണ്ടുമുട്ടുന്നു. തുടര്‍ന്ന് പുരോഗമിക്കുന്ന രസകരമായ രംഗങ്ങളിലൂടെയാണ് ഗോദ എന്ന ചലച്ചിത്രം പുരോഗമിക്കുന്നത്.

ആദ്യചിത്രമായ കുഞ്ഞിരാമായണത്തിലൂടെ തന്നെ കോമഡിയിലും, കഥപറയുന്നതിലെ രസകരമായ രീതികളും പ്രേക്ഷകനെ ബോധ്യപ്പെടുത്തിയ ബേസില്‍ ആ രീതിയില്‍ ഒരിക്കല്‍ കൂടി രസിപ്പിക്കുന്നുണ്ട്. സ്ത്രീ സ്വതന്ത്ര്യത്തിന് നല്‍കേണ്ട പ്രധാന്യമാണ് അതിഥി സിംഗ് എന്ന വമീഖ ഗബ്ബി അവതരിപ്പിക്കുന്ന നായിക റോള്‍ കാണിച്ചു തരുന്നത്. പെണ്‍കുട്ടികള്‍ എന്നത് വിവാഹം കഴിക്കാനും, കുട്ടികളെ ജനിപ്പിക്കാനും മാത്രമല്ലെന്ന് അതിഥി സിംഗ് ചിത്രത്തില്‍ ഒരിടത്ത് സൂചിപ്പിക്കുന്നു, ഓരോ സാക്ഷിമാലിക്കിന് വേണ്ടി കയ്യടിക്കുമ്പോളും നമ്മുടെ വീട്ടില്‍ ഒരു സാക്ഷിമാലിക്ക് വേണ്ടെന്ന് സമൂഹത്തിന്റെ പൊതുനിലപാടിന് സാക്ഷിയിലൂടെ കൊട്ട് കൊടുക്കുന്നുണ്ട് സംവിധായകന്‍.

ബീഫും പശുവും ഒക്കെ ഹാസ്യത്തില്‍ കലര്‍ത്തി അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. അവസാനത്തില്‍ എത്തുമ്പോള്‍, നായകന് സ്വയം തിരിച്ചറിയാനുള്ള ഒരു ഉപകരണമായി മാത്രം നായികയുടെ വിജയങ്ങള്‍ പരിഗണിക്കപ്പെടുന്നുണ്ടോ എന്ന സംശയമാണ് കാഴ്ചക്കാരനില്‍ അവശേഷിക്കുന്നത്. സാധാരണ വഴികളില്‍ നിന്നും ഊഹിച്ചെടുക്കാവുന്ന രംഗങ്ങളില്‍ കൂടിയാണ് 'തിര' എന്ന ചിത്രത്തിന്റെ കഥകൃത്തായ രാകേഷ് മണ്ടോടിയുടെ തിരക്കഥ പുരോഗമിക്കുന്നത്. പതിവ് പോലെ ആള്‍ക്കൂട്ട കോമഡികളാണ് ബേസില്‍ രണ്ടാം ചിത്രത്തിലും വര്‍ക്ക്ഔട്ട് ചെയ്തിരിക്കുന്നത് എന്ന് ന്യായമായി സംശയിക്കാം. അതിനാല്‍ തന്നെ അജുവര്‍ഗ്ഗീസ്, ബിജുകുട്ടന്‍, ധര്‍മ്മജന്‍ തുടങ്ങുന്ന സംഘത്തിന്റെ സംഭാവന പലപ്പോഴും ഉയര്‍ന്ന് നില്‍ക്കുന്നുണ്ട്. 

ടൊവീനോയുടെ അഞ്ജനേയ ദാസ്, രഞ്ജിപണിക്കരുടെ ക്യാപ്റ്റന്‍ എന്നിവരുടെ കഥാപാത്രങ്ങളേക്കാള്‍ പലപ്പോഴും ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി വമീഖ ഗബ്ബി അവതരിപ്പിച്ച നായിക കഥാപാത്രം കടന്നുവരുന്നുണ്ട്. സ്‌പോര്‍ട്‌സ് ചലച്ചിത്രം എന്ന ലേബലില്‍ നിന്നും മോചിപ്പിച്ച് ഒരു രസകരമായ ചില ഓര്‍മ്മപ്പെടുത്തലാണ് ഗോദ. ഷാന്‍ റഹ്മാന്റെ ഇതിനകം ഹിറ്റായ ഗാനങ്ങള്‍ ചിത്രത്തിന്റെ ഒഴുക്കിന് ഒപ്പം ആസ്വാദന തടസങ്ങള്‍ ഇല്ലാതെ നീങ്ങുന്നുണ്ട്. വിഷ്ണുശര്‍മ്മയുടെ ഛായഗ്രഹണവും ചിത്രത്തിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നു.