ന്യൂയോര്‍ക്ക്; ഹോളിവുഡ് ആക്ഷന്‍ഹീറോ ഹാരിസണ്‍ ഫോര്‍ഡിനെതിരേ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഇദ്ദേഹം തന്‍റെ സ്വകാര്യ വിമാനം തെറ്റായ സ്ഥലത്ത് ഇറക്കാന്‍ ശ്രമിച്ചപ്പോള്‍ 110 യാത്രക്കാരുമായി പോയ ബോയിംഗ് 737 വിമാനത്തെ ഇടിക്കാതെ മാറിപ്പോയത് തലനാരിഴയ്ക്ക് ആയിരുന്നു. വന്‍ ദുരന്തത്തിന് വഴിവെയ്ക്കാന്‍ ശ്രമിച്ചു എന്നതാണ് താരത്തിനെതിരായ ആരോപണം.

താന്‍ സഞ്ചരിച്ച ഒറ്റയാള്‍ വിമാനം താരം റണ്‍വേയ്ക്ക് പകരം ടാക്‌സി വേയ്ക്ക് സമീപം ഇറക്കിയാണ് ഇന്ത്യാന ജോണ്‍സ് ഫെയിം ഫോര്‍ഡ് വിവാദമുണ്ടാക്കിയത്. താഴേയ്ക്ക് വന്ന സ്വകാര്യ വിമാനവും പറന്നുയര്‍ന്ന യാത്രാ വിമാനവും നേരിയ വ്യത്യാസത്തില്‍ താഴെയും മുകളിലുമായി മാറിപ്പോയി. കാലിഫോര്‍ണിയയിലെ ഓറഞ്ച് കൗണ്ടിയില്‍ ജോണ്‍ വെയ്ന്‍ വിമാനത്താവളത്തില്‍ തിങ്കളാഴ്ച നടന്ന സംഭവത്തില്‍ 20 എല്‍ റണ്‍വേയില്‍ ഇറക്കാനായിരുന്നു എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നിര്‍ദേശം നല്‍കിയത്. 

പക്ഷേ തെറ്റുപറ്റിയ താരം സിംഗിള്‍ എഞ്ചിന്‍ ഹസ്‌കി വിമാനം ഇറക്കിയതാകട്ടെ അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റിന്റെ തൊട്ടു മുകളിലൂടെ ടാക്‌സിവേയിലും. ഭാഗ്യം കൊണ്ടു മാത്രമായിരുന്നു 110 യാത്രക്കാരും ആറ് ജോലിക്കാരുമായി പോയ അമേരിക്കന്‍ എയര്‍ലൈന്‍സില്‍ തട്ടാതിരുന്നത്. ആ വിമാനം എന്റെ കീഴേ കൂടിയാണോ പോയതെന്ന് താരം ചോദിക്കുന്നത് ട്രാഫിക് കണ്‍ട്രോള്‍ റെക്കോഡിംഗില്‍ പതിയുകയും ചെയ്തു. 

അപ്പോഴാണ് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ റണ്‍വേയ്ക്ക് പകരം ടാക്‌സിവേയിലാണ് വിമാനം ഇറക്കിയതെന്ന വിവരം ഹാരിസണെ അറിയിച്ചത്. 
സുരക്ഷാമാനദണ്ഡങ്ങള്‍ തെറ്റിച്ചതിന് താരത്തിനെതിരേ ഫെഡറല്‍ ഏവിയേറന്‍ ഭരണസമിതി കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എഫ്എഎ അന്വേഷണം നടത്തി കുറ്റക്കാരനാണെന്ന കണ്ടെത്തിയാലും വലിയ ശിക്ഷയ്ക്ക് സാധ്യതയില്ല. 

ഫോര്‍ഡിന്റെ പൈലറ്റ് ലൈസന്‍സ് റദ്ദാക്കുകയോ കനത്ത താക്കീത് നല്‍കി വിട്ടയയ്ക്കുകയോ ചെയ്യാനേ സാധ്യതയുള്ളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.