മുംബൈ: ശ്രീ ശ്രീ രവിശങ്കറിനെ പരിഹസിച്ചതിന് ട്വിങ്കിള്‍ ഖന്ന നടത്തിയ ട്വീറ്റിലൂടെ പുതിയ വിവാദം. മലാല യൂസഫ്‌സായ് നോബല്‍ സമ്മാനത്തിന് അര്‍ഹയല്ലെന്ന രവിശങ്കറിന്റെ അഭിപ്രായപ്രകടനത്തിന് പിന്നാലെ ആയിരുന്നു ട്വിങ്കിളിന്റെ ട്വീറ്റ്. 'യോഗാസനത്തില്‍ നിന്നപ്പോള്‍ ഒന്നരയടി നീളമുള്ള താടി വായില്‍ കുടുങ്ങിയതിനാണ് ശ്രീ ശ്രീക്ക് നോബല്‍ കിട്ടിയതെ'ന്നായിരുന്നു ട്വിറ്ററിലൂടെയുള്ള ട്വിങ്കിളിന്റെ ട്രോള്‍.
എന്നാലിത് ശ്രീ ശ്രീ അനുയായികളെ പ്രകോപിപ്പിച്ചു. ആര്‍ട്ട് ഓഫ് ലിവിംഗ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ദര്‍ഷക് ഹാത്തി ട്വിറ്ററിലൂടെത്തന്നെ മറുപടിയുമായെത്തി. ട്വിങ്കിളിന് മറുപടിയായി രവിശങ്കറിന്റെ ലക്ഷക്കണക്കിന് അനുയായികള്‍ അക്ഷയ് കുമാറിന്റെ 'ഹൗസ്ഫുള്‍ 3' ബഹിഷ്‌കരിക്കുമെന്ന് ദര്‍ഷക് ഹാത്തി പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് വീണ്ടും ട്വിങ്കിളിന്‍റെ മറുപടി എത്തി. ജീവനകലയുടെ ഗുരു പരിശീലിക്കുന്നത് 'ഭയപ്പെടുത്തലിന്റെ കലയാണോ' എന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ദര്‍ഷക് ഹാത്തിയോട് ട്വിങ്കിള്‍ ഖന്നയുടെ ചോദ്യം.
ഇതിന് പിന്നാലെ ട്വിങ്കിള്‍ തന്റെ വിവാദ ട്വീറ്റ് പിന്‍വലിച്ച് മാപ്പുപറഞ്ഞു. തെറ്റ് തിരിച്ചറിഞ്ഞതാണോ അതോ ഹൗസ്ഫുള്‍ 3 ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞതാണോ ട്വിങ്കിള്‍ ട്വീറ്റ് പിന്‍വലിക്കാന്‍ കാരണമെന്ന് ഹാത്തിയുടെ അടുത്ത ട്വീറ്റ്.
ഇതിനുപിന്നാലെയാണ് തന്റെ ഭര്‍ത്താവിനെ ഇതിലേക്ക് വലിച്ചിഴച്ചതിലുള്ള അനിഷ്ടം ട്വിങ്കിള്‍ വെളിപ്പെടുത്തിയത്. 'ജീവനകലയുടെ ഗുരു പരിശീലിക്കുന്നത് ഭയപ്പെടുത്തലിന്റെ കലയോ' എന്നായിരുന്നു ട്വിറ്ററിലൂടെയുള്ള ട്വിങ്കിളിന്റെ ചോദ്യം. എന്നാല്‍ താങ്കളുടെ ട്വീറ്റ് എന്റെ വികാരത്തെ വേദനിപ്പിച്ചെന്നും പിന്‍വലിച്ചതിനെ അഭിനന്ദിക്കുന്നുവെന്നും ദര്‍ഷക് ഹാത്തി കുറിച്ചു.
വിവാദ ട്വീറ്റ് ട്വിങ്കിള്‍ ഡിലീറ്റ് ചെയ്തതിന് പിന്നാലെ 'ഹൗസ്ഫുള്‍ 3' ബഹിഷ്‌കരിക്കുമെന്നുള്ള ഭീഷണി ദര്‍ഷക് ഹാത്തിയും ഡിലീറ്റ് ചെയ്തിട്ടുണ്ട്. ട്വിങ്കിളിന് പിന്നാലെ ദര്‍ഷക് ഹാത്തിയും താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് പറഞ്ഞു.
