'ഞാന്‍ ചെയ്ത നല്ല പ്രവൃത്തികളൊന്നും എപ്പിസോഡുകളില്‍ കാണാനായില്ല'
ബിഗ് ബോസ് എപ്പിസോഡുകളിലൂടെ പ്രേക്ഷകര്ക്ക് കാണാനായത് തന്റെ മോശം വശങ്ങള് മാത്രമാണെന്ന് പുറത്തായ മത്സരാര്ഥി ഹിമ ശങ്കര്. ബിഗ് ബോസ് ഹൗസില് ചെലവഴിച്ച ദിനങ്ങളില് ഞാന് ചെയ്ത നല്ല പ്രവൃത്തികളൊന്നും എപ്പിസോഡുകളില് കാണാനായില്ലെന്നും അവസാന രണ്ട് ദിവസം മാത്രമാണ് എന്താണ് തന്റെ യഥാര്ഥ വ്യക്തിത്വം എന്നത് ഷോയില് വന്നതെന്നും ഹിമ. എന്നാല് അപ്പോഴേക്കും എലിമിനേഷന് എപ്പിസോഡ് ഷൂട്ട് ചെയ്ത് കഴിഞ്ഞിരുന്നുവെന്നും ഹിമ. ഫേസ്ബുക്ക് പേജിലൂടെയാണ് തന്റെ ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ച് ഹിമ തുറന്നുപറയുന്നത്.
"വെല്ലുവിളികള് ഉയര്ത്തി എലിമിനേഷനില് വന്നാലും പ്രേക്ഷകര് എന്നെ മനസിലാക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ (യഥാര്ഥ) എന്നെ കാണാതെ പ്രേക്ഷകര് എങ്ങനെ എന്നെ അറിയും? അര്ഹതയുള്ളവര് ബിഗ് ബോസില് അതിജീവിക്കേണ്ടതല്ലേ," ഹിമ ചോദിക്കുന്നു.
ബിഗ് ബോസ് അനുഭവത്തെക്കുറിച്ച് ഹിമ ശങ്കര്
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ പോകുമ്പോഴേ തീരുമാനിച്ചിരുന്നു, ഹിമ ശങ്കർ എന്ന വ്യക്തിയെ ആളുകൾ മനസിലാക്കേണ്ടത് അവിടുത്തെ എലിമിനേഷനിൽ അകപ്പെടാതിരിക്കാനുള്ള കള്ളക്കളികൾ കൊണ്ടല്ല, നിലപാടുകളിൽ നിന്നുകൊണ്ടുള്ള ശക്തമായ കളികൾ കൊണ്ടാണ് എന്ന്. കാരണം, ജീവിതത്തിൽ പിന്നീട് തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നരുത്. ബിഗ് ബോസിൽ ചെന്ന ദിവസം മുതൽ അവിടുത്തെ ജീവിതത്തെ ക്യൂരിയസ് ആയി വാച്ച് ചെയ്യുകയായിരുന്നു ഞാൻ. പലരും പല രീതിയിൽ ഇടപെടുന്നത് കണ്ടു. ഞാനും എന്റേതായ രീതിയിൽ ഇടപെട്ട് തുടങ്ങി. അവിടെ മുൻപ് പരിചയമുള്ള ചിലർ ഉണ്ടായിരുന്നു. പരിചയമില്ലാത്തവരായിരുന്നു മിക്കവരും. പക്ഷേ, മിക്കവർക്കും എന്നെ അറിയുന്നത് സ്ട്രോംഗ് ആയിട്ടുള്ള , ജീവിതത്തിൽ നിന്ന് പോരാടി, അഭിപ്രായങ്ങൾ പറയുന്ന ഹിമ ശങ്കര് ആയാണ്. ആ ഹിമാശങ്കർ മാത്രമല്ല ഞാൻ. എന്റെ ഉള്ളിലെ കുട്ടിത്തം ഞാൻ കളയാതെ വച്ചിട്ടുണ്ട്. ആ കുട്ടിത്തമില്ലെങ്കിൽ പോരാടുന്ന ഹിമ വളരെ ഫ്രസ്ട്രേറ്റഡ് ആയിരിക്കും.
ഇനി ബിഗ് ബോസിനെ കുറിച്ച്.. മിക്ക എപ്പിസോഡുകളും കാണുകയും ട്രോളുകളും കമന്റുകളും വായിക്കുകയും ചെയ്തപ്പോൾ എന്നെ പുറത്താക്കിയതിൽ, എലിമിനേഷനിൽ എത്തിച്ച കുടുംബാംഗങ്ങളുടെ പങ്കിനേക്കാൾ ചെയ്ത കാര്യങ്ങൾക്ക് വളരെക്കുറച്ച് സ്പേസ് മാത്രം പരിപാടിയിൽ തന്നവര്ക്കാണെന്ന തോന്നലുണ്ടായി. ശക്തരായ മത്സരാര്ഥികൾക്ക് പോലും വെല്ലുവിളിയായി വളരാൻ ഒരാൾ എന്തെങ്കിലും ഒക്കെ ചെയ്തിരിക്കണമല്ലോ. വഴക്കുകൂടൽ മാത്രമല്ല ഹിമ അവിടെ ചെയ്തിട്ടുള്ളത്. എന്തുകൊണ്ട് ഒന്നും പുറത്ത് വന്നില്ല. ആദ്യ ആഴ്ചയിൽ തന്നെ നമ്മളെ പോലെ ഉള്ള ഒരു സാധാരണക്കാരി അവിടെ വെല്ലുവിളി ആയി വരണമെങ്കിൽ എന്തെങ്കിലും ഒക്കെ വരണമല്ലോ. നെഗറ്റീവ് മാത്രമേ ഈയുള്ളവളുടെ പുറത്ത് വന്നിട്ടുള്ളൂ എന്ന് കാണുമ്പോൾ എന്തിനായിരുന്നു പിന്നെ എന്നെ അങ്ങോട്ട് വിളിച്ചത് എന്ന് ഒരു മിനിറ്റ് സങ്കടത്തോടെ ഓർത്തുപോയി.
അവസാന രണ്ട് ദിവസം മാത്രമാണ് ഹിമ എന്താണ് എന്ന് കുറച്ചെങ്കിലും അറിയാൻ പറ്റിയത്. അപ്പോഴേക്കും എലിമിനേഷൻ എപ്പിസോഡിന്റെ ഷൂട്ട് കഴിയുകയും ചെയ്തിരുന്നു. എന്റെ വിശ്വാസം, വെല്ലുവിളികൾ ഉയർത്തി എലിമിനേഷനിൽ വന്നാലും പ്രേക്ഷകർ എന്നെ മനസിലാക്കുമെന്നായിരുന്നു. പക്ഷേ, (യഥാര്ഥ) എന്നെ കാണാതെ പ്രേക്ഷകർ എങ്ങനെ എന്നെ അറിയും? ബിഗ് ബോസിന് അസമത്വം ഉണ്ടോ ? അർഹതയുള്ളവർ അതിജീവിക്കേണ്ടതല്ലേ?
