തിരുവനന്തപുരം: രാജ്യാന്തര ചലചിത്രമേളയുടെ രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കേണ്ടി വന്നേക്കാമെന്ന് മന്ത്രി എ.കെ. ബാലന്‍. പ്രതിനിധികളുടെ എണ്ണവും ഇത്തവണ വെട്ടിച്ചുരുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. ഡെലിഗേറ്റ് പാസിന്റെ നിരക്ക് അറുനൂറ്റിയമ്പത് രൂപയായി വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഇത് അഞ്ഞൂറ് രൂപയായിരുന്നു. ഡെലിഗേറ്റുകളുടെ എണ്ണം നിയന്ത്രിക്കുവാനും നീക്കമുണ്ട്.

ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലചിത്രമേളയുടെ സംഘാടക സമിതി രൂപികരിച്ചു. ബ്രസീല്‍ സിനിമകളുടെ പാക്കേജാണ് ഇത്തവണത്തെ രാജ്യാന്തര ചലചിത്ര മേളയുടെ പ്രധാന ഹൈലൈറ്റ്. മത്സര വിഭാഗത്തിലെ പതിനാല് ചിത്രങ്ങളുള്‍പ്പെടെ ഇരുന്നൂറോളം ചിത്രങ്ങള്‍ ഇത്തവണത്തെ മേളയ്ക്കുണ്ടാകും. റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സുഖറോവിന്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം. സുഖറോവിന്‍ മേളയ്‌ക്കെത്തും. 

ടാഗോര്‍ തിയ്യേറ്റര്‍ ആണ് പ്രധാന വേദി. ഡിസംബര്‍ എട്ടു മുതല്‍ പതിനഞ്ച് വരെയാണ് ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലചിത്രമേള തിരുവനന്തപുരത്ത് നടക്കുക. മേളയുടെ ഭാഗമായി വനിതാ സംവിധായകര്‍ക്കായിഎംപവര്‍ സീരിസ്എന്ന പേരില്‍ സെമിനാറും സംഘടിപ്പിക്കും.