തിരുവനന്തപുരം: ഇരുപത്തിരണ്ടാം രാജ്യാന്തര ചലചിത്ര മേളയിലേക്കുള്ള മലയാള ചിത്രങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിവാദവും. മത്സരവിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയെന്നാരോപിച്ച് സനല്‍കുമാര്‍ ശശിധരന്‍ തന്റെ ചിത്രമായ സെക്‌സി ദുര്‍ഗ മേളയില്‍ നിന്ന് പിന്‍വലിച്ചു. സഞ്ജു സുരേന്ദ്രന്റെ ഏദന്‍, പ്രേം ശങ്കറിന്റെ രണ്ട് പേര്‍ എന്നിവയാണ് ഇരുപത്തിരണ്ടാം മേളയില്‍ മത്സരവിഭാഗത്തില്‍ ഇടം പിടിച്ച മലയാള സിനിമകള്‍.
മലയാള സിനിമ ഇന്ന് വിഭാഗതത്തില്‍ 7 ചിത്രങ്ങള്‍. ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ടേക്ക് ഓഫ്, തൊണ്ടി മുതലും ദൃക്‌സാക്ഷിയും, അങ്കമാലീ ഡയറീസ് കൂടാതെ സെക്‌സി ദുര്‍ഗ, കറുത്ത ജൂതന്‍, മറവി, അതിശയങ്ങളുടെ വേനല്‍ എന്നിവയാണ് മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്.
എന്നാല്‍ പ്രഖ്യാപനം വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ സനല്‍കുമാര്‍ ശശിധരന്‍ സെക്‌സി ദുര്‍ഗ മേളയില്‍ നിന്ന് പിന്‍വലിച്ചു. .നിരവധി അന്താരാഷ്‌ട്രമേളകളില്‍ അംഗീകാരം നേടിയ സെക്‌സി ദുര്‍ഗയ്ക്ക് മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിലുള്ള അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ഡിസംബര്‍ 8 മുതല്‍ 15 വരെയാണ് രാജ്യാന്തര ചലചിത്രമേള.
