നടപ്പു ബൗദ്ധികസ്വത്തവകാശ നിയമ പ്രകാരം ഇളയരാജയാണ് അങ്ങേരു ജീവിച്ചിരിക്കുമ്പോഴും മരിച്ചു കഴിഞ്ഞ് ഇരുപത്തഞ്ചോ അതിലധികമോ വര്‍ഷവും കോപ്പിറൈറ്റ് ഓണര്‍. അനുവാദമില്ലാതെ ഫോട്ടോകളും കണ്ടന്റും അടിച്ചുമാറ്റുമ്പോള്‍ തിളയ്ക്കുന്ന അതേ തിള തന്നെയാണ് ഇളയരാജയുടെ നോട്ടീസിന്റെയും മൂലാധാരം. പ്രശ്നം നിയമവാഴ്ചയുടെയും കൂടെയാണ്. വ്യാപകവും പ്രസക്തവുമായ പ്രത്യാഘാതങ്ങളുണ്ടെങ്കില്‍ മാറേണ്ടത് നിയമമാണ്. അതു മാറ്റാനും പുതിയതു സൃഷ്ടിക്കാനും തിരുത്താനും ഒക്കെ കൂടെയാണ് ജനപ്രതിനിധികള്‍. അല്ലാതെ ബന്ധുക്കള്‍ക്ക് ജോലി കൊടുക്കാനും കമ്മീഷനടിക്കാനും ഉദ്ഘാടനത്തിനു റിബ്ബണു മുറിക്കാനും പാവത്തുങ്ങള്‍ക്ക് വല്ലപ്പോഴും എമര്‍ജന്‍സി ക്വോട്ടയില്‍ ടിക്കറ്റെടുത്തു തരാനും മാത്രമല്ല.

ഇളയരാജ സ്വന്തം പ്രോപ്പര്‍ട്ടി റൈറ്റ്സ് പ്രസ്സു ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ കാരണം നിയമം മാത്രമാണെന്നു തിരിച്ചറിയുമ്പോള്‍ പാതി പ്രശ്നം തീരും. ശിഷ്ടം കുറച്ചു മനോഭാവമാണ്. പരസ്പരബന്ധമില്ലെന്നു തോന്നിയേക്കാമെങ്കിലും കുറഞ്ഞത് ഒന്നിനോടൊന്നു സാദൃശ്യം ചൊല്ലാനും മാത്രമുളള മനോഭാവ പ്രശ്നങ്ങള്‍.

സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ജനം ഒച്ച വെക്കുമെങ്കിലും വ്യക്തിതലത്തില്‍ മിക്കവാറും എല്ലാവരും പൈറേറ്റഡ്  സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ചു കൊണ്ടിരുന്ന കാലവും ദേശവുമൊക്കെയുണ്ടായിരുന്നു. കമ്പ്യൂട്ടറുകളോടൊപ്പം ബണ്ടില്ഡ് സോഫ്റ്റ്വെയര് വന്നു തുടങ്ങിയപ്പോഴാണ് പൈറസി അല്‍പം കുറഞ്ഞത്. എന്നാലും ഓപ്പറേറ്റിങ്ങ് സിസ്റ്റമൊഴികെ നാട്ടിലോടിക്കൊണ്ടിരുന്നതിലെത്ര ശതമാനം പെറൈറ്റഡ് അല്ലാത്ത സോഫ്റ്റ്വെയറായിരുന്നു എന്നു ചിന്തിച്ചാല്‍ പൈറസിയുടെ വ്യാപ്തിയറിയാം. പൈറസി ഒരു സംസ്കാരമായതിന്റെയും ധാര്‍മ്മികമോ മൂല്യപരമോ ആയ ബാധ്യതകളൊന്നുമില്ലാതെ അത് വ്യാപകമായതിന്റെയും.

അടിച്ചുമാറ്റലും മോഷണവും വിപ്ലവപ്രവര്‍ത്തനമൊന്നുമല്ല. ദാരിദ്ര്യരേഖയ്ക്കു താഴെ കഴിയുന്ന പാവങ്ങള്‍ക്ക് കഞ്ഞി വീഴ്ത്താന്‍ വേണ്ടി ചെയ്തതുമല്ല സോഫ്റ്റ് വെയറ്‍ പൈറസി. മറിച്ച് മുതലാളിത്ത ടേംസിലെ കരിയര്‍ പ്രൊസ്പക്ട്സിനു വേണ്ടി മാത്രം ചെയ്തതാണ്. മോഷണം അവരിട്ടാലും നമ്മളിട്ടാലും ബര്‍മുഡയും വളളിക്കളസവുമൊക്കെ തന്നെയാണ്.  സോഫ്റ്റ്‍വെയര്‍ പോലെ മറ്റൊന്നാണ് സിനിമയും ടോറന്റും. ഇളയരാജയെ അപലപിച്ചവരിലെത്ര പേര് സിനിമ ടോറന്റു വഴിയോ അല്ലാതെയോ കാണാറുണ്ടാവും? സിനിമയ്ക്ക് ഒരു നീതിയും ഇളയാരജ്ക്കു വേറൊരു നീതിയും.

സംഭവം അടിസ്ഥാനപരമായി ഒരു മാനസികാവസ്ഥയാണ്. വിധേയത്വത്തിന്റെയും വിധേയന്റെ കണ്ടീഷനിങ്ങിന്റെയും സങ്കീര്‍ണതകള്‍ ചേര്‍ന്നത്. വിധേയത്വ ശൃംഖലകള്‍ താഴേക്കു പോകുന്തോറും കൂടുതല്‍ സങ്കീര്‍ണമാകുന്നു. ഒടിഞ്ഞു മടങ്ങി നില്‍ക്കുന്നവനു കീഴില്‍ ആരെങ്കിലും ഗതികെടുന്നുണ്ടെങ്കില്‍ അവരോട് ചോദിച്ചാലറിയാം വിധേയന്റെ തനിരൂപം. ഏറ്റവും ലളിതമായി ആ സങ്കീര്‍ണത വിവരിക്കാനുളള ദൃഷ്ടാന്തം ഹര്‍ത്താലാണ്. സ്വാതന്ത്ര്യ സമരകാലത്ത് ഹര്‍ത്താലുണ്ടായിരുന്നോ എന്നുറപ്പില്ല. ഒന്നാമത് ജനത്തിനു സഞ്ചരിക്കാനുളള പാങ്ങില്ലാരുന്നു. വാഹനം പോയിട്ടു നടക്കാന്‍ കാലെങ്കിലുമുണ്ടെന്നുറപ്പില്ലായിരുന്നു. കാലുണ്ടേലും എല്ലാ സ്ഥലത്തും നടക്കാന്‍ പറ്റില്ലായിരുന്നു. അതുകൊണ്ടു തന്നെ ഹര്‍ത്താല്‍ അല്ലെങ്കില്‍ ബന്ദ് എന്നത് സ്വാതന്ത്ര്യ സമരശേഷമുരുത്തിരിഞ്ഞ കലാരൂപമാവണം.

ശരിക്കും ഒരു ബന്ദിനു കല്ലു വെക്കുമ്പോഴെന്താണ് സംഭവിക്കുന്നത് ? സമൂഹത്തിലെ കുറച്ചു പേര് മറ്റുളളവരുടെ സമ്മതമോ താല്പര്യമോ പോലുമില്ലാതെ സ്വന്തം സമരമുറ മറ്റുളളവരുടെ മുകളില്‍ അടിച്ചേല്‍പ്പിക്കുന്നു. നികുതി കൊടുക്കുന്ന റോഡിലൂടെ സ്വന്തം വാഹനം ഓടിച്ചു കൊണ്ടു പോകുന്നതിനും സ്വന്തം മുതല്‍ മുടക്കുളള സ്ഥാപനം തുറക്കുന്നതിനും സ്വന്തം ജോലി ചെയ്യുന്നതിനുമെല്ലാം സ്വന്തം ഇഷ്ടത്തിനു വിപരീതമായി വിലക്കു വരുന്നു. സഞ്ചാരമടക്കമുളള നൂറു കൂട്ടം അവകാശങ്ങളുടെ നിരാസം. ചികിത്സ കിട്ടാതെ ആരു മരിച്ചാലും ചത്താലും പ്രത്യേകിച്ചു ആരും ഉത്തരവാദിയല്ലാത്ത ആര്‍ക്കും ചോര തിളയ്ക്കാത്ത ഒരു വെടിവഴിപാട്. ചില്ലറ ഹെഡ് ലൈനുകളല്ലാതെ. സംഭവം ലളിതമായി പറഞ്ഞാല്‍ നിങ്ങളുടെ അവകാശങ്ങള്‍ നിങ്ങളുടെ ഇഷ്ടമില്ലാതെ നിരസിക്കപ്പെടുമ്പോള്‍ നിങ്ങളൊരു ചിക്കനും ബിവറേജസ്സില്‍ നിന്നൊരു കുപ്പിയുമായി ഭയങ്കര ഹാപ്പിയാണ്. സ്വന്തം ബൗദ്ധിക അവകാശങ്ങള്‍ നിരസിക്കപ്പെടുമ്പോള്‍ ഇളയരാജ ഹാപ്പിയല്ല. അദ്ദേഹം സ്വന്തം അവകാശം ഡിമാന്റു ചെയ്യുന്നു. അത് പലരേയും അലസോരപ്പെടുത്തുന്നു. എന്തു കൊണ്ട്?

അവിടെയാണ് കലയ്ക്കും കലാകാരനും എഴുത്തുകാരനുമൊക്കെ ഒരു സമൂഹം കൊടുക്കുന്ന വില പ്രസക്തമാവുന്നത്. വില വരണമെങ്കില്‍ ചെയ്യുന്ന പണിക്കു കാശു കിട്ടിണമെങ്കില്‍ സെലിബ്രിറ്റി സ്റ്റാറ്റസ്സ് വരണം. എംടി എഴുതിയാല്‍ അഞ്ചക്കം പ്രതിഫലം കിട്ടുമായിരിക്കും. പക്ഷെ സെലിബ്രിറ്റിയല്ലാത്തവനെഴുതിയാല്‍ അഞ്ഞൂറു തികച്ചു കിട്ടില്ല. അഞ്ഞൂറു രൂപയ്ക്ക് പുളിക്കീഴ് മേക്ക് ജവാന്‍ റം പോലും കിട്ടില്ല. ഗ്രേഡ് എ എഴുത്തുകാര്‍ക്ക് തച്ചൊന്നിനു മൂവായിരം. ചിത്ര പാടിയാല്‍ ലക്ഷം കിട്ടുമായിരിക്കും. തുടക്കക്കാരന്‍ പാടിയാല് തൊണ്ട ല്യൂബ്രിക്കേറ്റ് ചെയ്യാനൊളളത് പോലും കിട്ടില്ല. സംഭവം ലളിതമാണ്. സെലിബ്രിറ്റിയല്ലാത്തവന്‍ പാടിയാല്‍, എഴുതിയാല്‍, കലയുണ്ടാക്കിയാല്‍ മിനക്കേടു കൂലി പോലും കിട്ടില്ല. അവന്റെ അദ്ധ്വാനത്തിനു വിലയില്ല. കലാസൃഷ്ടിക്കു പ്രതിഫലമില്ല. കലാകാരനെ കേള്‍ക്കുന്നത് കല ആസ്വദിക്കുന്നത് കലകാരനോട് ചെയ്യുന്ന ഔദാര്യമാണ്. കലാകാരനല്ല കയ്യടിയും അംഗീകാരവും വേണ്ടത് പകരം കലാസ്വാദകര്‍ക്കാണ്. അവര്‍ക്ക് തിരുബാഡികളുടെ ഗ്രേഡനുസരിച്ചു തരാതരം. ഈ തിരുബാഡികളാണ് കലാ രംഗത്ത് എപ്പോഴും പൊതുപ്രദര്‍ശനം നടത്തുന്നത്. കലാകാരന്മാരെ സെലിബ്രിറ്റികളാക്കുന്നത്. അരിയിട്ടോ ഇടാതെയോ വാഴ്ചയും വേഴ്ചയും നടത്തുന്നത്.

ഒരു മനോഭാവവും ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളയ്ക്കുന്നതല്ല. സംഘകാലത്തിനു ശേഷമുളള കേരളമെടുക്ക്. ഓരോ കലയും ജാതിബദ്ധമായിരുന്നു. സമുദായങ്ങളില്‍ പരിമിതവും. സവര്‍ണ്ണന്‍ ശാസ്ത്രീയ സംഗീതം പഠിക്കും, മോഹിനിയാട്ടം നടത്തും, കഥകളി വിസ്തരിക്കും. കുറഞ്ഞവന് നാടന്‍ പാട്ടു മതി. നാടന്‍ നൃത്തം മതി. മേലളന്റെ കലയും കീഴാളന്റെ കലയും തമ്മില്‍ പ്രകാശ വര്‍ഷങ്ങള്‍ അകലമുണ്ടായിരുന്നു. ഒപ്പന മറ്റു മതങ്ങളിലുളളവര്‍ കളിച്ചിരുന്നില്ല. മിക്കവാറും എല്ലാ കലകള്‍ക്കും ജാതിയും മതവും തനത് അധികാര കേന്ദ്രങ്ങളുമുണ്ടായിരുന്നു.

അധികാരകേന്ദ്രം. അതാണ് വാക്ക്. ദേവദാസി നര്‍ത്തകിയായിരുന്നു. നര്‍ത്തകി മാത്രമല്ല രതിയുടെ ദാതാവുമായിരുന്നു. ചോദിക്കുന്നവര്‍ക്ക് കൊടുക്കാന്‍ ബാധ്യസ്ഥ. ജനം സെക്സു വേണോ കല വേണോ എന്നൊരു ഓപ്ഷന്‍ വെച്ചാല്‍ സാധാരണ തിരഞ്ഞെടുക്കുന്നതു തിരഞ്ഞെടുത്തതു കൊണ്ടു കാലക്രമത്തില്‍ കല അരക്കെട്ടിലേക്കു മാറി. കല നിന്ദ്യമായി. കലാകാരി കൂത്തിച്ചിയായി. കൂത്തിച്ചി തെറിയായി. മനോഭാവപ്രശ്നങ്ങളുടെ ശ്രീമൂല സ്ഥാനങ്ങളിലൊന്ന് ഈ അപചയമാണ്. നൃത്തം ശിക്ഷിതനായ കലാസ്വാദകനുളളതാണ്. ലാസ്യം മുതല്‍ ഭാവവും ഉടലെന്ന സൗന്ദര്യവും. വെറുതെ സ്ഖലിക്കുന്നതിനു കലാശിക്ഷണം വേണ്ട. മഹാഭൂരിപക്ഷം സ്ഖലിച്ചപ്പോള് കല അപ്രത്യക്ഷമായി , നിന്ദ്യമായി , ആരു വിളിച്ചാലും തുറന്നു കൊടുക്കേണ്ട ഗതിയായി. കല വില കെട്ടു. കലാകാരനും.

ചിലപ്പോള്‍ ഭരണമായി അധികാര കേന്ദ്രം. ചിലപ്പോള്‍ മതവും. കല ജാതിപരമായ ബാധ്യതയായി. ഇടയ്ക്ക കൊട്ടുന്നത് കഞ്ഞികുടിക്കാനല്ല. ആരാധനയ്ക്കാണ്. ചെയ്തേ തീരുവെന്ന വിധേയത്വത്തിലാണ്. കിട്ടിയാ കിട്ടി. ഇല്ലെങ്കില്‍ പട്ടിണിയും പരിവട്ടവും. തൊഴില്‍ തിരിച്ചുളള ജാതിയുടെ അടിമ നുകങ്ങള്‍ പേറുന്നവരായിരുന്നു കലാകാരന്മാരും. കലാകാരന്മാരെക്കുറിച്ച് കേട്ട കഥനകഥകളിലും നെടുവീര്‍പ്പുകളിലുമെല്ലാം പണിക്കൂലി പോയിട്ടു മെനക്കേടു കൂലി പോലും കിട്ടാത്ത യാഥാര്ത്ഥ്യങ്ങളുണ്ടായത് കല തൊഴിലെന്നതിലുപരി ജാതിയും ആചാരങ്ങളും അടിച്ചേല്‍പ്പിച്ച ബോണ്ടഡ് ലേബറായതു കൊണ്ടാണ്. ചെയ്ത ജോലിക്കു പ്രതിഫലം ലഭിക്കാത്തത് ചോദിക്കാന്‍ പറ്റാത്തത് അതു കൊണ്ടാണ്. ആ മാനസികാവസ്ഥകളും മനോഭാവങ്ങളും അവശേഷിക്കുന്നതു കൊണ്ടും കൂടെയാണ് റോയല്റ്റി ചോദിക്കുമ്പോള്‍ ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ ചൊറിയുന്നത്. കലാകാരന് പകര്പ്പവകാശം എന്നു കേള്‍ക്കുമ്പോള്‍ പൊതുജനത്തിനു അജീര്‍ണവും അതിസാരവുമൊക്കെ വരുന്നത്. നേരത്തെ പറഞ്ഞ ദേവദാസി ഫാക്ടര്‍. സിനിമയും നാടകവും വന്നില്ലായിരുന്നെങ്കില്‍ സിനിമയിലും നാടകത്തിലുമൊക്കെ അഭിനയിക്കുന്നത് മ്ലേച്ഛവും കുടുംബത്തില്‍ പിറന്നവരു ചെയ്യുന്ന കാര്യവുമല്ലായിരുന്നെങ്കില്‍, റേഡിയോയും കസെറ്റും ടിവിയും വന്നില്ലായിരുന്നെങ്കില്‍ കല ഇന്നും പഴയതു പോലൊക്കെ തന്നെ തുടരുമായിരുന്നു.

ജെസി ഡാനിയലും റോസിയുമൊന്നും ഹിമയുഗത്തിലു സംഭവിച്ച കാര്യമല്ല. കാലഗണനയില്‍ മൈക്രോസ്കോപ്പിക് കണം പോലുമല്ലാത്ത നൂറു വര്‍ഷത്തിനുളളില്‍ സംഭവിച്ചതാണ്. സിനിമ പണമുണ്ടാക്കി. നാടകം പണമുണ്ടാക്കി. പിന്നെ സീരിയലു പണമുണ്ടാക്കി. ഷോകള്‍ പണമുണ്ടാക്കി. കല സാര്‍വത്രികമായി. പൊതുജനത്തിനു വേദി ലഭിച്ചു. ആദ്യം യുവജനോത്സവങ്ങളില്‍ നിന്നും പിന്നെ ചാനല്‍ ഷോകളില്‍ നിന്നും അഭ്രലോകത്തേക്കു റിക്രൂട്ട്മെന്റു നടന്നു. വരയന്‍ മീശ വെച്ചവരെല്ലാം നസീറായില്ല. ഉടലിളക്കിയവരെല്ലാം സില്‍ക്കും. എങ്കിലും കലയുടെ സോഷ്യലിസ്സം വന്നു. ക്ലാസ്സിന്റെ അപനിര്‍മ്മാണം നടന്നു.

ആദ്യം നാടകം വേദികൊടുത്തു, സിനിമ വേദി കൊടുത്തു, പിന്നെ റേഡിയോ വേദി കൊടുത്തു. അതും കഴിഞ്ഞു ചാനലും സീരിയലുമെല്ലാം വന്നു. അതു നടന്നില്ലായിരുന്നില്ലെങ്കില്‍ കല എന്നത് ശുദ്ധകണ്ഠങ്ങളുടെ വിധത്തിലും തരത്തിലുമുളള സാധകം മാത്രമായി ഒതുങ്ങുമായിരുന്നു. അല്ലെങ്കില്‍ കളിവിളക്കും തിരിയുമൊക്കെയായി മുണ്ടും വാങ്ങി ശാരീരത്തെയും ശരീരത്തെയും കുറിച്ചുളള അതിശയോക്തികളു കേട്ടു വടീം വിഴുങ്ങി തിരികെ പോവുമായിരുന്നു. ഗള്‍ഫുകാരന്‍ സമുദായ ശരീരത്തില്‍ സാമ്പത്തിക ഉഴുതുമറിച്ചില്‍ നടത്തിയതു പോലെയാണ് പുതിയ വേദികള്‍ കലയിലെ ചാതുര്‍ വര്‍ണ്യത്തെ കുഴമറിച്ചത്. പണവും പ്രശസ്തിയും കലയെ മ്ലേച്ഛമല്ലാതാക്കിയത്. പക്ഷെ ഇപ്പോഴും കലാസ്വാദനം ഔദാര്യമാണ്.

ശ്രദ്ധിച്ചാല്‍ കാണാം. കാലു പിടുത്തവും ഗുരു സങ്കല്പവും ഭവ്യതയും വിനയവുമൊക്കെ കൊടികുത്തി നില്ക്കുന്ന വേദിയാണ് ഇപ്പഴും കല. എഴുത്താണേലും സംഗീതമാണെങ്കിലും. കാലുപിടുത്തങ്ങളുടെ മഹാകാലങ്ങള്‍ കഴിഞ്ഞാണ് ഒരു സെലിബ്രിറ്റിയുണ്ടാകുന്നത്. പഞ്ചപുച്ഛമടക്കലിന്റെയും വിധേയപ്പെടലിന്റെയും ആദ്യപാഠം ഈ കാലുപിടുത്തമാണ്. ആ വിധയത്വത്തിന്റെ കളത്തില്‍ കലാകാരന്‍ എന്ന പാവത്തെ, അവന്റെ ജീവിതത്തെ , അവന്റെ കണ്ണീരിനെ ആവാഹിച്ചിരുത്തുന്നു. കുറച്ചു പൊന്നാടയും കുറച്ച് വീതിക്കരയന്‍ മുണ്ടും കുറെ മാലയും ചരടുമല്ലാതെ അവനു ഭൗതികമായൊന്നുമില്ല. അടുത്ത തലമുറ പിള്ളേരു കാലുപിടിക്കാന്‍ വരുന്നവ‍‍ര്‍ വല്ലതും കൊടുത്താലല്ലാതെ. അതങ്ങനെ തന്നെ നിലനില്ക്കുന്നതിനെതിരെയുളള ചെറുത്തു നില്‍പ്പു കൂടെയാണ് ഇളയരാജ.

ജന്മാലോ കര്‍മ്മാലോ കലയുടെ സോപാനത്തില്‍ കൊട്ടിപ്പാടി അരിഷ്ടിച്ചനുഭവിച്ചു ചത്തു പൊകേണ്ടവര്‍ക്കൊക്കെ പ്രതിഫലം കിട്ടിത്തുടങ്ങിയതേ പാപം. കഷ്ടപ്പെട്ടുണ്ടാക്കിയതിനു ബൗദ്ധിക സ്വത്തവകാശം കൊടുത്തത് കൊടുമൈ. കൊടും പാപം. ഇളയരാജാ ഇന്നു സെലിബ്രിറ്റിയോ മറ്റെന്തുമാവട്ടെ. അയാളുടെ ജീവിതം അയാളുടെ സ്വന്തമാണ്. മറ്റാരുടെയും ജീവിതം പോലെ. കഷ്ടപ്പെടാതെയോ കഷ്ടപ്പെട്ടോ ഉണ്ടാക്കിയത് നാട്ടുകാരു തിന്നണ്ട കാര്യമൊന്നുമില്ല. അയാളാണ് അയാളു കലയുടെ ചക്രവര്‍ത്തിയും കുലപതിയും ഏകാധിപതിയും. അതങ്ങനെയാവുമ്പോള്‍ അയാള്‍ക്ക് അയാളുടെ വിലയിടാം. ചെണ്ടേം തൂക്കി ബസ്സു കാത്തു നില്ക്കുന്നതിനു പകരം എസ്സ് ക്ലാസ്സിലു പോയാ ചന്തിക്കു പരുവൊന്നും വരില്ല. ഹിസ് പ്രൊഡക്ട് ഹിസ് ചോയ്സ്. അതിലുപരി കലാകാരന് സ്വന്തം ബൗദ്ധിക സ്വത്തിലവകാശമുണ്ടാവുക എന്ന വലിയ മാറ്റത്തിലെ ആദ്യപടി കൂടെയാണ് ടി നോട്ടീസ്സ്. ഒരു നൂറു നോട്ടീസുകള്‍ വിരിയട്ടെ. കലാകാരനും പത്തു പുത്തനുണ്ടാക്കട്ടും.

ചിട്ടപ്പെടുത്തലുകളുടെ ആധികാരികത കോപ്പി റൈറ്റ് ആക്ടിന്റെ വിഷയമല്ല. അതു മറ്റൊരു ജൂറിസ്ഡിക്ഷനാണ്. നിയമ പരമായി എത്തിച്ചേര്‍ന്ന എഗ്രിമെന്റു പ്രകാരം സ്വന്തം ബൗദ്ധിക സ്വത്ത് മറ്റുളളവരും ധനസമ്പാദനത്തിനു പയോഗിക്കുന്നതില്‍ തന്റെ വീതം ചോദിക്കുക മാത്രമാണ് ഇളയരാജ ചെയ്തത്. ഇനിയും സീന്‍ ഡാര്‍ക്കാണെങ്കില്‍ ബൗദ്ധിക സ്വത്തവകാശം എന്നൊന്നുണ്ട്. ലോകത്തെവിടെയും അതിനു നിയമങ്ങളുണ്ട്. സാധാരണ എല്ലാ നിയമങ്ങളും പോലെ പകര്‍ത്തെഴുത്ത്. അതു പ്രകാരമാണ് ഇളയരാജ നോട്ടീസ് അയച്ചിരിക്കുന്നതത്. ഇളയരാജ എക്സര്‍സൈസ്സ് ചെയ്യുന്നത് അദ്ദേഹത്തിന്റെ നിയമപരമായ അവകാശം മാത്രമാണ്. അതദ്ദേഹത്തിനു കിട്ടിയിത് കണ്‍സൈന്‍സസ് ഡി ഇഡം എന്നു നിയമഭാഷയില്‍ പറയുന്ന പരസ്പരബോധ്യം ഉളള നിയമപരമായ കരാറു വഴിയാണ്. കരാറിനോ നിയമത്തിനോ പോരായ്മകളുണ്ടെങ്കില്‍ ജനവിരുദ്ധമാണങ്കില്‍ ഇളയരാജയുടെ നെഞ്ചത്തു പൊങ്കാലയിടുകയല്ല വേണ്ടത്. ആദ്യം പറഞ്ഞത് വീണ്ടുമാവര്ത്തിക്കുന്നു. സാമാജികര്‍ ചായേം പഴംപൊരീം കഴിക്കാനല്ല നിയമനിര്‍മ്മാണ സഭകളിലിരിക്കുന്നത്.