Asianet News MalayalamAsianet News Malayalam

അഗര്‍ തും മില്‍ ജാവോ; അടിച്ചു മാറ്റിയത് ഈണം മാത്രമല്ല; വരികളും!

Indian Songs but Pakistani tunes V
Author
First Published Mar 23, 2017, 1:11 PM IST

Indian Songs but Pakistani tunes V

പഴയ ഡല്‍ഹിയില്‍  1923ലാണ് ഷൗക്കത്ത്‌ അലി ഹാഷ്‌മിയുടെ ജനനം. ഓടക്കുഴലില്‍ സംഗീതത്തിന്റെ ബാലപാഠം. പിന്നെ സിനിമയില്‍ ഭാഗ്യം തേടി 1940 കളില്‍  മുംബൈയിലേക്ക്. പലപേരുകളില്‍ ഈണമൊരുക്കി. ഒടുവില്‍ നഷാദ്‌ എന്നു പേരുറപ്പിച്ചു. സംഗീത ലെജന്‍ഡ് നൗഷാദിനോടുള്ള ആരാധനയായിരുന്നു ഇതിനുപിന്നിലെന്ന് കഥ. എന്തായാലും രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം 1964ല്‍ പാക്കിസ്ഥാനിലേക്കു വണ്ടി കയറി നഷാദ്. ഇത്രയും ഫ്ളാഷ് ബാക്ക്.

Indian Songs but Pakistani tunes V നഷാദ്

ഇനി 2005 ലെ ഒരു ഹിറ്റ് ബോളീവുഡ് ഗാനത്തിലേക്കു വരാം. ചിത്രം 'സെഹര്‍'. 'അഗര്‍ തും മില്‍ ജാവോ' എന്ന സൂപ്പര്‍ ഹിറ്റ്‌ ഗാനം. ഇമ്രാന്‍ ഹാഷ്‌മിയുടെയും ഇന്ദിരാ ഗോസ്വാമിയുടെയും ചൂടന്‍ ചുംബനങ്ങളാല്‍ സമൃദ്ധമായ രംഗങ്ങള്‍. ഗായകര്‍ ശ്രേയാ ഘോഷാലും ഉദിത്‌ നാരായണനും.

വീണ്ടും ഫ്ളാഷ് ബാക്കിലേക്ക്

മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ 1974ല്‍ പാക്കിസ്ഥാനില്‍ ഇറങ്ങിയ ഇമാന്‍ഡര്‍ എന്ന ചിത്രത്തിലെ ഗാനരംഗത്തിലേക്കാണ് നമ്മള്‍ പോകുന്നത്. ഞെട്ടരുത്. 'അഗര്‍ തും മില്‍ ജാവോ' പാടുന്ന നിഷോവിനൊപ്പം മുനാവര്‍ ഷെരീഫ്‌ പാക്ക്‌ മണ്ണിലൂടെ ചുവടുവയ്‌ക്കുന്ന കാഴ്ച കാണാം. ഇമ്രാന്‍ ഹാഷ്‌മിയുടെയും ഇന്ദിര ഗോസ്വാമിയുടെയും ചൂടന്‍ രംഗങ്ങളല്ല, നിഷ്കളങ്ക പ്രണയത്തിന്റെ ഭാവതീഷ്‌ണ മുഹൂര്‍ത്തങ്ങള്‍.

 

'ഇമാന്‍ഡറിന്റെ' ഈണമൊരുക്കിയത്‌ മറ്റാരുമല്ല. പഴയ ആ ദില്ലിക്കാരന്‍ നഷാദെന്ന ഷൗക്കത്തലി. പാടിയത് തസാവുര്‍ ഖനൂം. ഒരേ വരികളും ഈണവും. എന്നിട്ടും സെഹറിലെ ഗാനത്തിന്‍റെ ക്രെഡിറ്റില്‍ സ്വന്തം പേര്‌ ചേര്‍ക്കാന്‍ അനു മാലിക്കിന് ഒട്ടും മടിയോ ലജ്ജയോ തോന്നിയില്ല എന്നതും കൗതുകം.

അനു മാലിക്കിന്‍റെ തന്നെ ഭാസിയിലെ 'ധീരേ ധീരേ ആപ്‌ മേരാ', നസറിലെ (2005) 'മൊഹബത്ത്‌ സിന്ദഗി ഹെ' എന്നിവയും യഥാക്രമം നഷാദ്‌ ഈണമിട്ട് മെഹ്‌ദി ഹസന്‍ ആലപിച്ച 'റഫ്‌താ റഫ്‌താ', 'മൊഹബത്ത്‌ സിന്ദഗി ഹെ' എന്നീ ക്ലാസിക്ക്‌ ഗസലുകളുടെ പകര്‍പ്പുകളാണ്‌. തസ്ലീം ഫാസില്‍ രചിച്ച 'റഫ്‌ത റഫ്‌ത' 1975ല്‍ ഇറങ്ങിയ 'സീനത്ത്‌' എന്ന ചിത്രത്തിലുണ്ട്‌. 'മൊഹബത്ത്‌ സിന്ദഗി' 1974ല്‍ 'തും സലാമത്ത്‌ രഹോ'യ്ക്ക് വേണ്ടി മന്‍സൂര്‍ അന്‍വറിന്റെ വരികള്‍. വിഭജനത്തിനു അരനൂറ്റാണ്ടിനു ശേഷം ആദ്യത്തെ ഇന്‍ഡോ - പാക്ക്‌ ചലച്ചിത്ര സംരംഭമെന്ന പ്രത്യേകതയും നസറിനുണ്ട്‌.

 
നഷാദിനെ നദീം ശ്രാവണ്മാര്‍ കടമെടുത്തതിന്‌ തൊണ്ണൂറുകളിലെ മെഗാ മ്യൂസിക്കല്‍ ഹിറ്റ് ആഷിഖി തന്നെ തെളിവ്‌. കുമാര്‍ സാനുവിന്റെ അവിസ്‌മരണീയ ഗാനം 'തു മേരീ സിന്ദഗീ ഹേ' മൂളുമ്പോള്‍ ഇന്ത്യന്‍ ഗാനപ്രേമികള്‍ നഷാദിനെയും മെഹ്‌ദി ഹസനെയും നിര്‍ബന്ധമായും ഓര്‍ക്കണം. കാരണം 1977ല്‍ പുറത്തിറങ്ങിയ 'മൊഹബത്ത്‌ മാര്‍ നഹീം സക്തി' എന്ന ഉറുദു ചിത്രത്തിനു വേണ്ടി തസ്ലീം ഫാസില്‍ രചിച്ച്‌ നഷാദ്‌ ഈണമിട്ട്‌ നൂര്‍ജഹാനും മെഹ്‌ദി ഹസനും പാടി, പില്‍ക്കാലത്ത്‌ ഗസല്‍ വേദികളില്‍ തസാവുര്‍ ഖനൂം ആവര്‍ത്തിച്ചു പാടിയ ശോകം തുളുമ്പുന്ന ആ ജനപ്രിയഗസല്‍ അതേ 'തു മേരീ സിന്ദഗീ ഹേ'യാണ്‌ കുമാര്‍ സാനുവിന്റെ ശബ്ദത്തില്‍ ഇന്ത്യ കേട്ടത്‌.

 

1996ല്‍ റിലീസായ ഹിമാത്വറിലെ 'കിത്‌നി ചാഹത്ത്‌ ചുപായേ' എന്ന ഗാനം 1975ലെ നൈകി ബാദിയിലെ നഷാദിന്റെ ഈണത്തില്‍ മെഹ്‌ദി ഹസന്‍ പാടിയ 'ദില്‍ മേം തൂഫാന്‍ ചുപായേ' യുടെ കോപ്പി.  കസൂറി (2001)ലെ 'ദില്‍മേരാ തോഡ്‌ ദിയാ' എന്ന ഗാനം നൂര്‍ജഹാന്‍ ശബ്ദം നല്‍കിയ നഷാദ് ഗാനം 'വോ മേരാ ഹോ നാ സകാ' (അസ്‌മത്‌ 1973)ന്‍റെ കോപ്പി.

ജന്മനാട്ടില്‍ തന്റെ ഈണങ്ങള്‍ പുതിയ ശബ്ദങ്ങളില്‍ മുഴങ്ങുന്നത്‌ കേട്ട് ഒരുപക്ഷേ നഷാദ് സന്തോഷിക്കുമായിരുന്നു. പക്ഷേ അതിനൊക്കെ മുമ്പ്‌ അദ്ദേഹത്തെ മരണം കൊണ്ടു പോയി; 1981ല്‍.

താഫു, എ ഹമീദ്, നാസിര്‍ അലി തുടങ്ങിയവരെ ബോളീവുഡ് പകര്‍ത്തിയതിനും തെളിവുകളുണ്ട്. അനു മാലിക്കിന്റെ ചില ഗാനങ്ങള്‍ കേള്‍ക്കൂ. 'യാര്‍ മേരാ ദില്‍ദാരാ' (മിഷന്‍ ഇസ്‌താംബുള്‍ -2008). നാല്‌ പതിറ്റാണ്ട്‌ മുമ്പ്‌ 1978 ല്‍ ഖുദ ഔര്‍ മൊഹബത്ത്‌ എന്ന ചിത്രത്തിനു വേണ്ടി ഫ്യാസ്‌ ഹാഷ്‌മി എഴുതി താഫു ഈണമിട്ട്‌ എ നയ്യാര്‍ പാടിയ 'ഏക്ക്‌ ബാത്ത്‌ കഹൂന്‍ ദില്‍ദാര'യുടെ ഈണവും വരികളുമാണിത്.

ജവാബിലെ (1995) 'യേ ദില്‍ മെ രഹ്നെ വാലെ' നാസിര്‍ അലിയുടെ സംഗീതത്തില്‍ ബാഡ്‌ല്‍ടി റിഷ്‌തെ (1983) യില്‍ മെഹ്നസ്‌ ബീഗവും മെഹ്‌ദി ഹസനും പാടിയ 'യേ ദില്‍ മെ രഹ്നെ വാലെ' എന്ന അതേ ഗാനം തന്നെയാണ്.

'സൗടേന്‍ കി ബേട്ടി'(1989) യിലെ 'ഹം ഭൂലോന്‍ ഗയെ രെ ഹര്‍ ബാത്ത്‌' 1960 ഡിസംബറില്‍ റിലീസ്‌ ചെയ്‌ത എസ്‌ എം യൂസുഫിന്റെ ഉറുദു ചിത്രം 'സഹേലി'യില്‍ എ ഹമീദിന്‍റെ ഈണത്തില്‍ നസീം ബീഗം ആലപിച്ച അതേ ഗാനം.

നാളെ - ചുരണ്ടാന്‍ മോശമല്ല ന്യൂജനറേഷനും

Follow Us:
Download App:
  • android
  • ios