സിങ്കം 4 അഞ്ച് വര്‍ഷത്തിന് ശേഷമെന്ന് സൂര്യ പറഞ്ഞിരുന്നു
വിക്രത്തിന്റെ കരിയറിലെ മികച്ച വിജയങ്ങളിലൊന്നായിരുന്നു 2003ല് ഹരിയുടെ സംവിധാനത്തില് പുറത്തിറങ്ങിയ സാമി. പതിനഞ്ച് വര്ഷങ്ങള്ക്ക് ശേഷം ചിത്രത്തിന് ഒരു രണ്ടാംഭാഗം പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കപ്പെട്ടത് മുതല് വിക്രം ആരാധകര്ക്കിടയില് ഒരു പ്രതീക്ഷയുണ്ട്. നേരത്തേ പുറത്തെത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന് പോസ്റ്ററിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. തൂത്തുക്കുടി സംഘര്ഷം കാരണം റിലീസ് മാറ്റിവച്ച ട്രെയ്ലര് ഇന്നലെയാണെത്തിയത്. പക്ഷേ ട്രെയ്ലറിന് അത്ര മെച്ചപ്പെട്ട പ്രതികരണമല്ല സോഷ്യല് മീഡിയയില് ലഭിക്കുന്നത്. ആക്ഷന്റെ അതിപ്രസരമുള്ള ട്രെയ്ലര് കണ്ടിട്ട് സാമിയുടെ സീക്വല് പോലെ തോന്നുന്നില്ലെന്നും മറിച്ച് ഹരി തന്നെ സംവിധാനം ചെയ്ത സൂര്യയുടെ സിങ്കം സിരീസിലെ നാലാം ചിത്രം ഭാഗം പോലെ തോന്നുന്നുവെന്നാണ് പ്രധാന ആരോപണം.

ട്രെയ്ലറിന്റെ യുട്യൂബ് ലിങ്കിനുതാഴെ അനേകം പേര് ഇത്തരത്തില് കമന്റ് ചെയ്തിട്ടുണ്ട്. ഇതുവരെ 68,000 ലൈക്കുകള് ലഭിച്ചപ്പോള് 10,000 ഡിസ്ലൈക്കുകളും വീഡിയോ സമ്പാദിച്ചിട്ടുണ്ട്. #Singam4 എന്ന ഹാഷ്ടാഗും ട്വിറ്ററില് വ്യാപിക്കുന്നുണ്ട്.
ഷിബു തമീന്സ് ആണ് ചിത്രത്തിന്റെ നിര്മ്മാണം. മഹാനടിയിലൂടെ തെലുങ്കില് തരംഗം തീര്ത്ത മലയാളി താരം കീര്ത്തി സുരേഷാണ് ചിത്രത്തില് നായികയായി എത്തുന്നത്. പ്രഭു, ബോബി സിംഹ, ജോണ് വിജയ്, സൂരി തുടങ്ങിയ താരനിരയും മറ്റ് കഥാപാത്രങ്ങളായി എത്തുന്നു.

അതേസമയം സിങ്കത്തിന്റെ നാലാംഭാഗത്തിനായി ഹരിയുമായി ഒന്നിക്കുമെന്ന് നേരത്തേ സൂര്യ വെളിപ്പെടുത്തിയിരുന്നു. പക്ഷേ അത് അഞ്ച് വര്ഷത്തിന് ശേഷം മാത്രമാണെന്നും സിങ്കം 3 റിലീസിന് പിന്നാലെ സൂര്യ പറഞ്ഞിരുന്നു.

