കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പ്രതികളിലൊരാളെ പിടികൂടിയത് തന്‍റെ ഫ്‌ളാറ്റില്‍ നിന്നല്ലെന്ന് നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍. പ്രതിയെ പിടികൂടിയത് തന്റെ ഫ്‌ളാറ്റില്‍ നിന്നാണെന്ന വാര്‍ത്ത വേദനയുണ്ടാക്കി. വ്യാജവാര്‍ത്തയുടെ ആഘാതത്തിലാണ് താനെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. തനിക്കെതിരായി പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്.

രാവിലെ മുതല്‍ തന്നെ തനിക്കെതിരായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വിശദമായി പ്രതികരിക്കാണെന്നാണ് ആലോചിക്കുന്നതെങ്കിലും ഇപ്പോള്‍ അതിനുള്ള മാനസികാവസ്ഥയിലല്ലെന്നും സിദ്ധാര്‍ത്ഥ് ഒരു മാധ്യമത്തോട് പറഞ്ഞു. 

നടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ നടനും സംവിധായകനും കൂടിയായ ഒരാളുടെ കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്ന് പ്രതികളിലൊരാളെ പിടികൂടിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആലുവയിലുള്ള ഒരു പ്രമുഖ നടനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ആ നടന്‍ താനല്ലെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു.