ഇൻഡസ്ട്രിയിലെ പ്രചാരണങ്ങൾക്ക് വിപരീതമായി ഷെയ്ൻ നിഗം വളരെ മര്യാദക്കാരനാണെന്ന് 'ബൾട്ടി' സിനിമയുടെ നിർമ്മാതാവ് സന്തോഷ് ടി കുരുവിള. സംവിധായകൻ ജീത്തു ജോസഫിനും ഇതേ അഭിപ്രായമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഷെയ്ൻ നിഗത്തെ പ്രശംസിച്ച് നിർമ്മാതാവ് സന്തോഷ് ടി കുരുവിള. ഷെയ്ൻ ഒരു ഉഴപ്പനാണെന്നാണ് ഇൻഡസ്ട്രിയിൽ പറഞ്ഞുകേട്ടിട്ടുള്ളതെന്നും, ഈ സിനിമയിൽ ഏറ്റവും മര്യാദക്കാരൻ ഷെയ്ൻ ആയിരുന്നുവെന്നും ജീത്തു ജോസഫും തന്നോട് ഈ വിഷയത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും സന്തോഷ് ടി കുരുവിള പറഞ്ഞു. ബൾട്ടി സിനിമയുടെ പ്രസ് മീറ്റിനിടെയായിരുന്നു ചിത്രത്തിൻറെ നിർമ്മാതാവായ സന്തോഷ് ടി കുരുവിളയുടെ പ്രതികരണം.
"ഷെയ്ൻ നിഗം ഉഴപ്പനാണെന്ന് ഇൻഡസ്ട്രിയിൽ പറഞ്ഞുകേട്ടിട്ടുണ്ട്. ഷെയ്ൻ എന്റെ വീടിന്റെ നേരെ എതിർവശത്താണ് എന്നുള്ളതായിരുന്നു ഈ സിനിമ ചെയ്യാനുള്ള എന്റെ ധൈര്യം. പക്ഷേ സിനിമയിൽ എത്തിയപ്പോൾ എന്റെ കൂടെ അഭിനയിച്ച എല്ലാ അഭിനേതാക്കളെക്കാളും മര്യാദ കാണിച്ചത് ഷെയ്ൻ ആണ്. ഇത്രയും മര്യാദക്കാരനായ ആളെപ്പറ്റിയാണോ ഇങ്ങനെയൊക്കെ പറയുന്നത് എന്ന് ഞാൻ പലരോടും ചോദിച്ചു. ജീത്തു ജോസഫിന്റെ പടത്തിലും ഷെയ്ൻ അഭിനയിച്ചു. ഈ ഷെയ്നെപ്പറ്റിയാണോ ആളുകൾ ഇങ്ങനെ പറയുന്നത് എന്ന് ജീത്തുവും എന്നോട് ചോദിച്ചു. സാറേ, ഇതാണ് നമ്മുടെ നാട് എന്ന് ഞാൻ ജീത്തുവിനോട് പറഞ്ഞു. പരസ്പര സഹകരണത്തിലാണ് ഇൻഡസ്ട്രി മുന്നോട്ട് പോകേണ്ടത്." സന്തോഷ് ടി കുരുവിള പറഞ്ഞു.
മികച്ച പ്രതികരണങ്ങളുമായി ബൾട്ടി
അതേസമയം, ഷെയ്ൻ നിഗത്തെ നായകനാക്കി നവാഗതനായ ഉണ്ണി ശിവലിംഗം എഴുതി സംവിധാനം ചെയ്ത സ്പോർട്സ് ആക്ഷൻ ചിത്രമായ "ബൾട്ടി" തീയേറ്ററുകളിൽ മികച്ച അഭിപ്രായവുമായി മുന്നേറുന്നു. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നു നിർമ്മിച്ച ചിത്രത്തിന്റെ കഥ വീറും വാശിയുമുള്ള ചെറുപ്പക്കാരിലൂടെയാണ് വികസിക്കുന്നത്. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ നായക വേഷത്തിലെത്തിയ ഷെയിൻ നിഗത്തിന്റെ ഉദയൻ എന്ന കഥാപാത്രം തീയേറ്ററുകളിൽ വൻ കൈയ്യടിയാണ് നേടുന്നത്
കേരള തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ചിത്രം കബഡിയും സൗഹൃദവും പ്രണയവും സംഘർഷവുമെല്ലാം പറയുന്നുണ്ട്. മികച്ച മേക്കിങ് ക്വാളിറ്റി കൊണ്ടും കബഡി ചുവടുകളിലൂടെയുള്ള സംഘട്ടന രംഗങ്ങൾ കൊണ്ടും ഗംഭീര കാഴ്ച്ചാനുഭവമാണ് ബൾട്ടി പ്രേക്ഷകർക്ക് നൽകുന്നത്. ഓരോ ദിനം കഴിയുംതോറും ബോക്സ് ഓഫീസിൽ കുതിച്ചു കേറുകയാണ് ബൾട്ടി.
"ബൾട്ടി യെ കുറിച്ചുള്ള മികച്ച അഭിപ്രായങ്ങൾ സമൂഹത്തിൻ്റെ നാനാവിധ മേഖലകളിൽ നിന്നും വ്യക്തിത്വങ്ങളിൽ നിന്നും ലഭിയ്ക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. തീയറ്ററിൽ നല്ല രീതിയിൽ ആസ്വദിയ്ക്കാൻ കഴിയുന്ന ഒരു മികച്ച എൻ്റർൻ്റെയിനർ ആണ് 'ബൾട്ടി " , തികച്ചും പുതുമയുള്ള ട്രീറ്റ്മെൻ്റ് ഏവരേയും ആഹ്ളാദിപ്പിയ്ക്കും , ഉറപ്പ്!" - ചിത്രത്തിന്റെ നിർമ്മാതാവ് സന്തോഷ് ടി കുരുവിള സന്തോഷപൂർവ്വം ഫേസ്ബുക്കിൽ കുറിച്ചു.
ചിത്രത്തിന്റെതായി ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ട്രെയിലർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ആക്ഷനും സോങ്ങും ചേർന്ന ട്രെയിലർ ചിത്രത്തിന്റർ ക്വാളിറ്റി തന്നെയാണ് വ്യക്തമാക്കുന്നത്. ട്രെയിലറിനെ ഹൈലൈറ്റ് ചെയ്യുന്ന സായ് അഭ്യങ്കറിന്റെ സംഗീത മികവ് തന്നെയാണ് ട്രെയിലറും ജനങ്ങൾ എടുത്തു പറയുന്നത് കാര്യം. ശന്തനു ഭാഗ്യരാജ്, അൽഫോൻസ് പുത്രൻ , സെൽവരാഘവൻ, പൂർണ്ണിമ ഇന്ദ്രജിത് എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.



