മുംബൈ: ഇംതിയാസ് അലി-ഷാരൂഖ് ഖാന്‍ ചിത്രം 'ജബ് ഹാരി മെറ്റ് സെജാലി'ന്‍റെ ബോക്സ്ഓഫീസ് പ്രകടനം മോശമെന്ന് റിപ്പോര്‍ട്ട്. ആദ്യദിനത്തിലെ കണക്ക് അനുസരിച്ച് 15 മുതല്‍ 18 കോടി വരെയാണ് ചിത്രം സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. റിലീസ് ദിനമായ വെള്ളിയാഴ്ച നടന്ന ഷോകളിലെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പരിശോധിച്ചുള്ള റിപ്പോര്‍ട്ടാണിത്. 

ആദ്യ ഷോകളില്‍ നിന്ന് 'ശരാശരിലും താഴെ' എന്ന അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് ഉയര്‍ന്നത് എന്നതിനാല്‍ ചിത്രം വലിയ മെച്ചം ഉണ്ടാക്കില്ലെന്നാണ് ബോളിവുഡ് ട്രൈഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. അതായത് അടുത്തകാലത്തിറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രങ്ങളിലെ മോശം പ്രകടനമാണ് 'ജബ് ഹാരി മെറ്റ് സെജാലി'ന് സംഭവിച്ചത് എന്നാണ് വിലയിരുത്തല്‍.

അടുത്തകാലത്തിറങ്ങിയ ഷാരൂഖ് ചിത്രങ്ങളില്‍ ഫാന്‍ ഒരു നിയന്ത്രിത അവധിദിനത്തിലാണ് തീയേറ്ററുകളിലെത്തിയത്. റയീസ് പുറത്തിറങ്ങിയത് വാരാന്ത്യത്തില്‍ തന്നെയാണ് എന്നാല്‍ ഷാരൂഖ് ചിത്രങ്ങള്‍ക്ക് മുന്‍പ് ലഭിച്ചിരുന്ന കളക്ഷന്‍ ചിത്രം നേടിയില്ല. 

3200 സ്‌ക്രീനുകളിലാണ് 'ജബ് ഹാരി മെറ്റ് സെജാല്‍' റിലീസ് ചെയ്തത്. ആദ്യ ഷോകളുടെ 40-45 ശതമാനം ടിക്കറ്റുകളാണ് വിറ്റുപോയത്. ഈ ചിത്രവും മികച്ച പ്രകടനം നടത്താതോടെ തുടര്‍ച്ചയായി മൂന്നാമത്തെ ഷാരൂഖ് ചിത്രമാണ് ബോളിവുഡിനെ നിരാശപ്പെടുത്തുന്നത്.