ലണ്ടന്‍: ജെയിംസ് ബോണ്ട് പരമ്പരയില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ചൂടുപിടിക്കുന്നത്. പേരും, കഥയും, സസ്‌പെന്‍സായി വച്ചിരിക്കുകയാണ്. എന്നാല്‍ ചിത്രത്തിന്‍റെ കഥ ചോര്‍ന്നതായാണ് പുതിയ വാര്‍ത്ത. 2019 നവംബറില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

എന്നാല്‍ സിനിമയുടെ പേര് സീക്രട്ട് ആയി നിലനിര്‍ത്തിയിരിക്കെയാണ്. അതേസമയം ഡാനിയേല്‍ ക്രെയ്ഗ് സീക്രട്ട് ഏജന്റ് 007 ആകുന്ന പുതിയ ചിത്രത്തിന്റെ കഥ പക്ഷെ നാട്ടില്‍ പാട്ടായി. ചിത്രത്തിന്റെ കഥ ചോര്‍ന്നതായാണ് വിവരം. ബോണ്ട് ആദ്യമായി വിവാഹം കഴിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബോണ്ടിന്‍റെ ഭാര്യ കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ പ്രതികാരത്തിനിറങ്ങുന്നതാണ് കഥ. 

കഴിഞ്ഞ ആറ് ബോണ്ട് ചിത്രങ്ങളുടെയും തിരക്കഥാകൃത്തുക്കളായ നീല്‍ പര്‍വീസും, റോദോയുമാണ് പുതിയ ബോണ്ട് ചിത്രവും അണിയിച്ചൊരുക്കുന്നത്.ചില ഇംഗ്ലീഷ് സൈറ്റുകളാണ് കഥതന്തു പുറത്തുവിട്ടത്.