ബംഗലൂരു: തമിഴ്താരം വിജയ് നായകനായി എത്തി ബോക്സ് ഓഫീസില്‍ വന്‍ പരാജയമായ ചിത്രമായിരുന്നു സുര. ഈ സിനിമയേപ്പറ്റി അഭിപ്രായം പ്രകടിപ്പിച്ചതിന്‍റെ പേരില്‍ മാധ്യമ പ്രവര്‍ത്തകയായ ധന്യ രാജേന്ദ്രനെതിരെ വധഭീഷണിയും, തെറിവിളിയും. ഇംതിയാസ് അലിയുടെ ഷാരൂഖ്-അനുഷ്‌ക ചിത്രം ജബ് ഹാരി മെറ്റ് സേജല്‍ എന്ന ചിത്രത്തേപ്പറ്റി അഭിപ്രായം പറയുകയായിരുന്നു ധന്യ. സുര എന്ന ചിത്രം ഇന്റര്‍വല്‍ വരെ കണ്ട് ഇറങ്ങിപ്പോരേണ്ടിവന്നു.

എന്നാല്‍ ജബ് ഹാരി മെറ്റ് സേജല്‍ എന്ന ചിത്രം ആ റെക്കോര്‍ഡ് തകര്‍ത്തു. ഇന്‍റര്‍വെല്‍ വരെ പോലും മുഴുമിക്കാനായില്ല. ഇതായിരുന്നു ധന്യയുടെ അഭിപ്രായം. എന്നാല്‍ ഇത് കേട്ടതോടെ വിജയ് ആരാധകരാണെന്ന് അവകാശപ്പെടുന്ന ഒരുകൂട്ടം സൈബര്‍ അക്രമികള്‍ ധന്യയെ കടന്നാക്രമിക്കുകയായിരുന്നു. 30,000 തവണയാണ് ധന്യയുടെ പേര് മെന്‍ഷന്‍ ചെയ്തത്. 

Scroll to load tweet…

വധ ഭീഷണിയും ചില പ്രൊഫൈലുകളില്‍ നിന്ന് ധന്യയ്ക്ക് ലഭിച്ചു. നിരവധി ആളുകള്‍ ധന്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. അശ്ലീലവര്‍ഷവും ആരംഭിച്ച് അവര്‍ക്കെതിരെ ഹാഷ്ടടാഗ് ക്യാമ്പയിനും ആരംഭിച്ചു. പബ്ലിസിറ്റി ബീപ് ധന്യ എന്ന ഹാഷ്ടാഗ് പിന്നീട് ട്വിറ്റര്‍ നീക്കം ചെയ്തു. എന്നാല്‍ ഇക്കാര്യം എത്രപേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത് ഹാഷ്ടാഗുകള്‍ പിന്‍വലിപ്പിക്കാന്‍ സാധിക്കുമെന്ന ആശങ്കയും ധന്യ പങ്കുവച്ചു.

ജബ് ഹാരി മെറ്റ് സേജല്‍ എന്ന ചിത്രത്തെപ്പറ്റി നെഗറ്റീവ് റിവ്യൂകള്‍ മാത്രമാണ് പുറത്തെത്തുന്നത്. ഇക്കാര്യം ശരിവച്ചാണ് മാധ്യമ പ്രവര്‍ത്തക അഭിപ്രായം പറഞ്ഞതും. വിജയ് അഭിനയിച്ച സുര എന്ന ചിത്രവും ഇറങ്ങിയ സമയത്ത് നിരൂപക പരിഹാസം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. ചിത്രം വന്‍ പരാജയമാണ് ഇറങ്ങിയ കാലത്ത് തമിഴ് ബോക്സ് ഓഫീസില്‍ ഉണ്ടാക്കിയത്.