ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍റെ കബാലി റിലീസിന് മുന്‍പേ സ്വന്തമാക്കിയത് 200 കോടി രൂപ. ജൂലൈയിലാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്‍റെ വിവിധ പ്രദേശങ്ങളിലെ തിയറ്റർ വിതരണാവകാശം വൻ തുകയ്ക്ക് വിറ്റുപോയി കഴിഞ്ഞു. കർണാടകയിൽ നിർമാതാവ് റോക്ലിൻ വെങ്കിടേഷ് റെക്കോർഡ് തുകയ്ക്കാണ് വിതരണം സ്വന്തമാക്കിയിരിക്കുന്നത്. രജനിയുടെ മുന്‍പടം ലിങ്കയുടെ നിര്‍മ്മാതാവും ഇദ്ദേഹമായിരുന്നു. ഇതിനോടൊപ്പം ചിത്രത്തിന്റെ തെലുങ്ക് പതിപ്പും വലിയ തുകയ്ക്ക് കരാ‍ർ ഉറപ്പിച്ച് കഴിഞ്ഞു. എന്നാല്‍ ആരാണ് വിതരണാവകാശം നേടിയത് എന്ന് വ്യക്തമല്ല.

തമിഴ്‌നാടിന് പുറത്ത് നിന്നുള്ള വിതരണത്തില്‍ നിന്ന് മാത്രം ചിത്രത്തിന്‍റെ നാല്‍പ്പത് ശതമാനത്തോളം വരുമാനം നേടിക്കഴിഞ്ഞതായി ചിത്രത്തിന്‍റെ നിര്‍മ്മാതാവ് എസ് താനുവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ചെന്നൈയിലെ ചെങ്കൽപേട്ട്  ഭാഗത്തെ വിതരണത്തിന് മാത്രം മുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിതരണക്കാര്‍ 16 കോടിയാണ് കബാലി നിര്‍മ്മാതാക്കള്‍ക്ക് വാഗ്ദാനം ചെയ്തു എന്നും റിപ്പോര്‍ട്ടുണ്ട്.

യൂട്യൂബില്‍ രണ്ട് കോടിയിലേറെ ക്ലിക്കുകൾ നേടിയ ആദ്യ ഇന്ത്യൻ സിനിമ ടീസർ എന്ന ഖ്യാതിയും കബാലി സ്വന്തമാക്കിക്കഴിഞ്ഞു. 28 ദിവസം കൊണ്ടാണ് ടീസർ ഈ നേട്ടം കൈവരിച്ചത്. തിങ്ക് മ്യൂസിക് ആണ് ഓഡിയോ അവകാശം സ്വന്തമാക്കിയത്. ഹിന്ദി പതിപ്പിന്‍റെ അവകാശത്തിനായി ബോളിവുഡിലെ രണ്ട് പ്രമുഖവിതരണക്കാർ ചെന്നൈയിൽ തമ്പടിച്ചിരിക്കുകയാണ്. വിദേശ റിലീസ് അവകാശങ്ങള്‍ ഏതാണ്ട് 20 കോടിക്ക് മുകളിലാണ് വിറ്റ് പോയത് എന്നാണ് റിപ്പോര്‍ട്ട്.