ചെന്നൈ: മാട്രാനില്‍ സൂര്യയും കാജല്‍ അഗര്‍വാളും ചെയ്ത ലിപ് ലോക്ക് ചുംബന രംഗം ശരിക്കുമുള്ളതല്ലെന്ന് തെളിഞ്ഞു. ക്രോമ സ്‌ക്രീന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ രംഗം ചിത്രീകരിച്ചത്. 2012ല്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തു വന്നതോടെയാണ് ചുംബന തട്ടിപ്പ് പുറത്തായത്. 2014 ല്‍ യൂട്യൂബില്‍ വന്ന വീഡിയോ ആണെങ്കിലും ഇപ്പോഴാണ് ഇത് വാര്‍ത്തകളില്‍ നിറയുന്നത്.

വിഷ്വല്‍ എഫക്റ്റസിന്റെ സഹായത്തോടെ ദൃശ്യമികവ് പകര്‍ന്ന ചിത്രത്തില്‍ ഒരു സിനിമ തീയറ്ററിനുള്ളിലാണ് ചുംബന രംഗമുള്ളത്. ഈ രംഗം സ്റ്റുഡിയോയില്‍ ചിത്രീകരിക്കുന്നതിന്റെ മേക്കിംഗ് വീഡിയോ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സ്റ്റുഡിയോയില്‍ വെവ്വേറെ ചിത്രീകരിച്ച രംഗങ്ങള്‍ വി.എഫ്.എക്‌സിന്‍റെ സഹായത്തോടെ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. 

ആക്ഷന്‍ രംഗങ്ങളും മറ്റ് സങ്കീര്‍ണമായ സീനുകളും ക്രോമയുടെയും മറ്റ് സാങ്കേതികവിദ്യകളുടെയും സഹായത്തോടെ ചിത്രീകരിക്കാറുണ്ടെങ്കിലും ചുംബനരംഗവും അങ്ങനെ ചിത്രീകരിക്കാം എന്നതാണ് സംവിധായകന്‍ കെ.വി ആനന്ദ് തെളിയിച്ചിരിക്കുന്നത്.

എന്നാല്‍ ചുംബന രംഗം കളിപ്പിച്ചതാണെന്ന് മനസിലായതോടെ, സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പ്രതിഷേധം രേഖപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്. സഹതാരങ്ങളെ ചുംബിക്കാന്‍ മടിയുള്ള താരങ്ങള്‍ക്കുള്ള കുറുക്കുവഴിയാവുകയാണ് ക്രോമ സ്‌ക്രീന്‍ സാങ്കേതികവിദ്യ.