ചര്‍ച്ചയില്‍ സന്തുഷ്ടി പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി

താന്‍ ആരംഭിച്ച രാഷ്ട്രീയ പാര്‍ട്ടി മക്കള്‍ നീതി മയ്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരം ഉടന്‍ ലഭിക്കുമെന്ന് കമല്‍ ഹാസന്‍. ഈ ആവശ്യം ഉന്നയിച്ച് ദില്ലിയില്‍ ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ ചന്ദ്ര ഭൂഷണ്‍ കുമാറിനെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കമല്‍. പാര്‍ട്ടിയെക്കുറിച്ച് ചില അന്വേഷണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയിരുന്നുവെന്നും ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും ഇന്ന് ഹാജരാക്കിയെന്നും അദ്ദേഹം പ്രതികരിച്ചു.

Scroll to load tweet…

ശേഷം കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയെയും കമല്‍ ഹാസന്‍ സന്ദര്‍ശിച്ചു. തുഗ്ലക്ക് ലെയ്‍നിലുള്ള രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തിയായിരുന്നു സന്ദര്‍ശനം. കമലുമായുള്ള കൂടിക്കാഴ്ചയുടെ ആഹ്ളാദം രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പ്രകടിപ്പിച്ചു. രണ്ട് പാര്‍ട്ടികളെയും സംബന്ധിച്ചുള്ള കാര്യങ്ങളും തമിഴ്‍നാട്ടിലെ രാഷ്ട്രീയ സാഹചര്യവും ചര്‍ച്ചയില്‍ വന്നുവെന്നും രാഹുല്‍ ഗാന്ധി കുറിച്ചു. സംഭാഷണം രാഹുല്‍ ഗാന്ധിക്കും ഗുണപ്രദമാകുന്നുവെന്ന് പ്രതീക്ഷിക്കുന്നതായി കമലും ട്വിറ്ററിലൂടെ പ്രതികരിച്ചു. 

Scroll to load tweet…

ചെന്നൈ-സേലം എട്ടുവരിപ്പാതാ നിര്‍മ്മാണത്തിനെതിരേ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യുന്ന പളനിസാമി സര്‍ക്കാരിന്‍റെ നടപടിയെ കമല്‍ നേരത്തേ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പരിസ്ഥിതിയെക്കുറിച്ച് സംസാരിക്കുന്നത് കുറ്റകൃത്യമായി പരിഗണിക്കുന്നത് അംഗീകരിക്കാനാവില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കമല്‍ പറഞ്ഞു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെയും സന്ദര്‍ശിക്കാന്‍ കമലിന് പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.