ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗ എന്ന സിനിമയ്ക്ക് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതിയുടെ അനുമതി ലഭിച്ചത്. സംവിധായകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ചിത്രത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് ഗോവ ചലച്ചിത്രോത്സവ വേദിയില്‍ നിന്നും നായകന്‍ കണ്ണന്‍ നായര്‍ സംസാരിക്കുന്നു. ഈ വിഷയത്തില്‍ അദ്ദേഹത്തിന്‍റെ ആദ്യ പ്രതികരണമാണിത്. ഹണി ആര്‍ കെയുമായി സംസാരിക്കുന്നു. കണ്ണന്‍ നായര്‍ക്കൊപ്പമുള്ള ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫേസ്ബുക്ക് ലൈവ് കാണാം.

കോടതി വിധിയില്‍ സന്തോഷം തോന്നുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി ശ്രമിച്ച എല്ലാവരുടെയും വിജയമായി ഈ വിധിയെ കാണുന്നുവെന്ന് ചിത്രത്തിലെ നായന്‍ കണ്ണന്‍ നായര്‍ പറഞ്ഞു. ഇതിന് വേണ്ടി പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. വിധിയുടെ പകര്‍പ്പ് കിട്ടിയതിന് ശേഷം സംഘാടകരുമായി ചര്‍ച്ച ചെയ്തിട്ടായിരിക്കും ചിത്രം സിനിമാ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. എപ്പോഴാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതെന്ന് വ്യക്തമായിട്ടില്ലയെന്നും അദ്ദേഹം വ്യക്തമാക്കി. 

13 അംഗ ജൂറിയില്‍ 9 പേര്‍ നടപടിക്കെതിരെ രംഗത്ത് എത്തിയിരുന്നു. സാധാരണ ഒരു ഡെലിഗേറ്റ് ആയിട്ടാണ് ഗോവന്‍ സിനിമാ മേളയ്ക്ക് എത്തിയത് ഇനി എസ് ദുര്‍ഗയുടെ ആളായിട്ട് തന്നെ ഉണ്ടാവും വരും ദിവസങ്ങളില്‍ സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരും എത്തുമെന്നും കണ്ണന്‍ നായര്‍ പറഞ്ഞു.