രജനിയുടെ കന്നടവിരുദ്ധ പരാമർശമാണ് തീവ്ര കന്നട സംഘടനകളെ പ്രകോപിപ്പിച്ചത്.   ചില തീവ്ര കന്നട സംഘടനകൾ സിനിമ റിലീസിം​ഗ് അനുവദിക്കരുതെന്ന ആവശ്യവുമായി  സമീപിച്ചിരുന്നു

രജനീകാന്തിന്റെ കാല സിനിമയെ ചുറ്റിപ്പറ്റി നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങൾ തന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് കർണാടക മുഖ്യമന്ത്രി കുമാരസ്വാമി. കർണാടകത്തിലെ ജനങ്ങളും ഫിലിം ചേംബറും കാല സിനിമ ‌ കാണാൻ ആ​ഗ്രഹിക്കുന്നില്ല എന്നതാകാം വിലക്കിന് കാരണം. ചില തീവ്ര കന്നട സംഘടനകൾ സിനിമ റിലീസിം​ഗ് അനുവദിക്കരുതെന്ന ആവശ്യവുമായി തന്നെ സമീപിച്ചിരുന്നു. പ്രശ്നം പരിശോധിച്ച് അനുയോജ്യമായ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാവേരി നദീജല പ്രശ്നത്തിൽ രജനി നടത്തിയ മുമ്പ് നടത്തിയ പരാമർശമാണ് വിലക്കിന് കാരണം. കാല റിലീസിം​ഗ് അനുവദിക്കരുതെന്ന് ആവശ്യവുമായി തീവ്രകന്നട സംഘടനകളാണ് രം​ഗത്തെത്തിയത്. സുപ്രീം കോടതി വിധി പ്രകാരം തമിഴ്നാടിന് അർഹതപ്പെട്ട വെള്ളം വിട്ടുനൽകാൻ കർണാടക തയ്യാറാകണമെന്നായിരുന്നു രജനീകാന്തിന്റെ വിവാദ പരാമർശം. രജനിയുടെ കന്നടവിരുദ്ധ പരാമർശമാണ് തീവ്ര കന്നട സംഘടനകളെ പ്രകോപിപ്പിച്ചത്. 

എന്നാൽ കർണാടകത്തിലെ രജനി ആരാധകർ കാല റിലീ‌സിം​ഗിന് അനുമതി നൽകിയില്ലെങ്കൽ ആത്മഹ​ത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. ആത്മഹത്യാ ഭീഷണി ഉയർത്തിയവർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. റിലീസിം​ഗ് തടസ്സപ്പെടുത്തരുതെന്ന ആവശ്യവുമായി സിനിമാ താരങ്ങളായ വിശാലും പ്രകാശ് രാജും രം​ഗത്തെത്തിയിരുന്നു. സൗത്തിന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ ഭാ​ഗം തന്നെയാണ് കന്നട ഫിലിം ചേംബർ. അതുകൊണ്ട് പ്രശ്നത്തിൽ അവർ ഇടപെടുമെന്നും പരിഹാരം കാണുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു രജനീകാന്തിന്റെ പ്രതികരണം. 

കഴിഞ്ഞ വർഷം ബാഹുബലി 2 വിലക്ക് നേരിട്ടത് പത്ത് വർഷം മുമ്പ് കാവേരി പ്രശ്നത്തിൽ നടൻ സത്യരാജ് നടത്തിയ പ്രസ്താവനയിൻമേലായിരുന്നു. രജനീകാന്തിന്റെ കുസേലനും വിലക്ക് നേരിട്ടിരുന്നു. ഇവർ രണ്ടുപേരും മാപ്പ് പറഞ്ഞതിന് ശേഷമായിരുന്നു റിലീസിം​ഗ് അനുവദിച്ചത്.