കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ സംഘത്തിനെതിരെ കാവ്യ മാധവന്‍. പോലീസ് നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെന്നും പോലീസിന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കാവ്യ ആരോപിച്ചു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് പോലീസിനെതിരെ രൂക്ഷവിമര്‍ശനം.

അന്വേഷണ സംഘത്തലവനായ എസ്പിയും സിഐയുമാണ് ഇതിന് പിന്നില്‍. നടിയെ അക്രമിച്ച കേസിലെ പ്രതി സുനില്‍ കുമാറിനെ ദിലീപിനും തനിക്കും അറിയില്ലെന്നും കാവ്യ ഹര്‍ജിയില്‍ പറയുന്നു. ഒന്നാം പ്രതി പറയുന്നത് പൊലീസ് അതേപടി വിശ്വസിക്കുന്നു. അന്വേഷണസംഘം സഹോദരനെയും മാതാപിതാക്കളെയും ഭീഷണിപ്പെടുത്തി. 

പൊലീസ് നിയമ വിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നുവെന്നും കാവ്യ ഹര്‍ജിയില്‍ വ്യക്തമാക്കി. കാവ്യ മാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.