സ്ക്രീനുകളുടെ എണ്ണം കുറവാണെങ്കിലും യുഎസ്, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലൊക്കെ കൊച്ചുണ്ണി എത്തിയിരുന്നു. യുഎസില്‍ 12 ലൊക്കേഷനുകളിലും ന്യൂസിലന്‍ഡില്‍ നാലിടങ്ങളിലുമാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്.
നിവിന്‍ പോളി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച റോഷന്‍ ആന്‍ഡ്രൂസ് ചിത്രം 'കായംകുളം കൊച്ചുണ്ണി' രണ്ടാംവാരത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച (11) തീയേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യദിനങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ സമ്മിശ്രാഭിപ്രായമായിരുന്നു. എന്നാല്‍ ആദ്യ ആഴ്ച പിന്നിടുമ്പോള്‍ ചെറുപട്ടണങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും റിലീസിംഗ് സെന്‍ററുകള്‍ ഉള്‍പ്പെടെ മിക്ക കേന്ദ്രങ്ങളിലും ചിത്രത്തിന് ഹൗസ്‍ഫുള്‍ പ്രദര്‍ശനങ്ങള്‍ ലഭിക്കുന്നുണ്ട്.
ചങ്ങനാശ്ശേരി, മുക്കം, നിലമ്പൂര്‍, കടക്കല്‍, കഠിനംകുളം, പട്ടാമ്പി തുടങ്ങി നിരവധി സെന്‍ററുകളില്‍ ഹര്‍ത്താല്‍ ദിനമായിരുന്നിട്ടും ഇന്നത്തെ ഫസ്റ്റ്, സെക്കന്‍റ് ഷോകളില്‍ ഒന്നെങ്കിലും ഹൗസ്‍ഫുള്‍ ആയി. ഇന്ന് അര്‍ധരാത്രിയോടടുപ്പിച്ച് പല തീയേറ്ററുകളിലും പ്രേക്ഷകരുടെ അഭ്യര്‍ഥന മാനിച്ച് സ്പെഷ്യല്‍ സ്ക്രീനിംഗ് വച്ചിട്ടുണ്ട്. ആദ്യ ആഴ്ച മുഴുവന്‍ രാത്രി 12 അടുപ്പിച്ച് പ്രത്യേക സ്ക്രീനിംഗ് വച്ച തീയേറ്ററുകളുമുണ്ട്.
എന്നാല്‍ കൊച്ചുണ്ണിയുടെ നാല് ദിവസത്തെ കണക്കേ ഔദ്യോഗികമായി നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടുള്ളൂ. ആദ്യ നാല് ദിനങ്ങളില്‍ ആഗോള ബോക്സ്ഓഫീസില്‍ നിന്ന് 34 കോടി നേടിയെന്നാണ് ഔദ്യോഗിക കണക്ക്. ഒരു വാരം പിന്നിടുമ്പോള്‍ ചിത്രം 50 കോടിയോ അതിന് മുകളിലോ നേടാന്‍ സാധ്യതയുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. സ്ക്രീനുകളുടെ എണ്ണം കുറവാണെങ്കിലും യുഎസ്, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലൊക്കെ കൊച്ചുണ്ണി എത്തിയിരുന്നു. യുഎസില്‍ 12 ലൊക്കേഷനുകളിലും ന്യൂസിലന്‍ഡില്‍ നാലിടങ്ങളിലുമാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. അമേരിക്കയില്‍ നിന്ന് നാല് ദിനങ്ങളില്‍ നേടിയത് 52.97 ലക്ഷം രൂപയും ന്യൂസിലന്‍ഡില്‍ നിന്ന് നാല് ദിനങ്ങളില്‍ 10.18 ലക്ഷവുമാണ് ചിത്രം നേടിയത്.
