Asianet News MalayalamAsianet News Malayalam

മീ ടൂ കാംപയിന് പുതിയ മുഖം; കിം കി ഡുക്കിനെതിരായ ആരോപണങ്ങള്‍ ഞെട്ടിപ്പിക്കുന്നത്

  • കിംകി ഡുക്കിനെതിരെ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി നടിമാര്‍
Kim Ki duk accused of sexual harassment and rape by multiple actresses

പ്രശസ്ത ദക്ഷിണകൊറിയന്‍ സംവിധായകനായ കിംകി ഡുക്കിനെതിരെ ലൈംഗീക അതിക്രമം നടത്തിയെന്നും ബലാത്സംഗം ചെയ്തെന്നുമുള്ള പരാതിയുമായി നടിമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ദക്ഷിണകൊറിയയിലെ അന്വേഷണാത്മക വാര്‍ത്താ പരിപാടിയായ പിഡി നോട്ട്ബുക്കിലാണ് നടിമാര്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പരിപാടിയെ ഉദ്ധരിച്ച് ദ ഹോളിവുഡ് റിപ്പോര്‍ട്ടറാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2017ല്‍ പേര് വെളിപ്പെടുത്താത്ത നടി കിംകി ഡുക്കിനെതിരെ ലൈംഗിക അതിക്രമത്തിന് കേസ് കൊടുത്തിരുന്നു. 2013ല്‍ മോബിയസ് എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വച്ച് നടിയെ പ്രികൃതി വിരുദ്ധമായ രീതികളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നായിരുന്നു കേസ്.  ഈ കേസില്‍ കിംകി ഡുക്കിന് 5000 ഡോളര്‍ പിഴയൊടുക്കേണ്ടതായും വന്നിരുന്നു. എന്നാല്‍ ആരോപണത്തില്‍ തെളിവില്ലെന്ന് കാണിച്ച് കേസ് തള്ളിപ്പോയി. 

ഇതേ നടി തന്നെയാണ് പരിപാടിയില്‍ പരസ്യമായി ആരോപണം ഉന്നയിച്ചിരിക്കുന്നത്.  മറ്റൊരു യുവതിയുടെ സാന്നിധ്യത്തില്‍ മൂന്ന് അസാധാരണ രീതികളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായി നടി പറയുന്നു. വിസമ്മതിച്ചപ്പോള്‍ തന്നെ വിശ്വാസമില്ലാത്തവരോടൊപ്പം ജോലി ചെയ്യാന്‍ സാധിക്കില്ലെന്ന് കാണിച്ച് കിംകി ഡുക്ക് ചിത്രത്തില്‍ നിന്ന് പുറത്താക്കിയതായും നടി പറയുന്നു. നാല് വര്‍ഷമായി നിയമ പോരാട്ടം നടത്തുകയാണ്. എന്നാല്‍ പ്രമുഖ സിനിമാ നിര്‍മാതാവായ ഡുക്കിനെതിരെ സാക്ഷി പറയാന്‍ മറ്റ് സിനിമാ പ്രവര്‍ത്തകര്‍ ഭയക്കുകയാണെന്നും നടി വെളിപ്പെടുത്തി.

ഡുക്കിന്‍റെ സിനിമയുടെ ഭാഗമായിരുന്ന മറ്റൊരു നടിയും സമാന ആരോപണവുമായി രംഗത്തെത്തി. തന്നെ ഡുക്ക് പതവണ ബലാത്സംഗം ചെയ്തു. പുറമെ ഡുക്കിന്‍റെ ചിത്രങ്ങളില്‍ സ്ഥിരം  സാന്നിധ്യമായ നടന്‍ ചൊ ജ ഹ്യൂമും തന്നെ പലവട്ടം ബലാത്സംഗത്തിനിരയാക്കി. നടന്‍റെ മാനേജറും തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. ബന്ധം തുടര്‍ന്നാല്‍ അടുത്ത ചിത്രത്തില്‍ അവസരം തരാമെന്ന് ഡുക്ക് വാഗ്ദാനം ചെയ്തു. ആദ്യ ചിത്രത്തിന് ശേഷം ഒരു സൈക്കോളജിസ്റ്റിനെ കണ്ട് ചികിത്സ ചെയ്ത ശേഷമാണ് ഈ ഷോക്കില്‍ നിന്ന് താന്‍ മുക്തയായതെന്നും നടി തുറന്നു പറഞ്ഞു.

തന്നെ ശാരീരിക പീഡനത്തിരയാക്കിയില്ലെങ്കിലും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും മറ്റൊരു നടിയും വെളിപ്പെടുത്തി. ദക്ഷിണകൊറിയന്‍ സിനിമാ മേഘലയെ പിടിച്ചു കൂലക്കിയ മീറ്റൂ കാമംപയിന്‍റെ തുടര്‍ച്ചയായാണ് പ്രശസ്ത സംവിധായകന്‍ കിംകി ഡുക്കിനെതിരെ ഗുരതരമായ ആരോപണങ്ങള്‍ ഉയരുന്നത്.

എന്നാല്‍ ആരോപണങ്ങളെല്ലാം കിംകി ഡുക്ക് നിഷേധിച്ചു. താന്‍ ഒരു ചുംബനം മോഷ്ടിച്ചിട്ടുണ്ട്. അതിനപ്പുറം സ്ത്രീകളുടെ സമ്മതമില്ലാതെ ഒന്നും ചെയ്തിട്ടില്ല. എനിക്ക് വളരെ അടുപ്പമുള്ള നിരവധി ബന്ധങ്ങളുണ്ട്. എന്നാല്‍ അതെല്ലാം സമ്മതപ്രകാരമുള്ളവയാണ്. ഒരു കുടുംബസ്ഥനെന്ന നിലയ്ക്ക് ഈ ആരോപണങ്ങള്‍ എന്നെ നാണം കെടുത്തുകയാണ്- കിംകി ഡുക്ക് പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios