ബാംഗ്ലൂര്‍ ഡെയ്‍സിന് ശേഷമുള്ള അഞ്ജലി മേനോന്‍ ചിത്രം എന്ന നിലയില്‍ പ്രേക്ഷകരില്‍ ഏറെ പ്രതീക്ഷയുണര്‍ത്തി എത്തുന്ന സിനിമയാണ് കൂടെ. ഇപ്പോള്‍ തീയേറ്ററുകളിലുള്ള റോഷ്‍നി ദിനകര്‍ ചിത്രം മൈ സ്റ്റോറിക്ക് പിന്നാലെ പൃഥ്വിരാജ്-പാര്‍വ്വതി കോമ്പിനേഷന്‍ സ്ക്രീനിലെത്തുന്ന ചിത്രമാണ് കൂടെ. ഒപ്പം വിവാഹത്തിന് ശേഷമുള്ള നസ്രിയയുടെ തിരിച്ചുവരവ് ചിത്രവും. സംവിധായകന്‍ രഞ്ജിത്ത് ഒരു മുഴുനീള വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.  ചിത്രത്തിന്‍റെ ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 'ടുഗെതര്‍ സിരീസ്' എന്ന് പേരിട്ടിരിക്കുന്ന വീഡിയോ സിരീസിന്‍റെ ആദ്യഭാഗമാണ് എത്തിയിരിക്കുന്നത്. 

ജൂലൈ 14ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം, സൗബിന്‍ ഷാഹിര്‍ ചിത്രം പറവ ക്യാമറയില്‍ പകര്‍ത്തിയ ലിറ്റില്‍ സ്വയാമ്പ് പോള്‍ ആണ്. പ്രവീണ്‍ ഭാസ്കര്‍ എഡിറ്റിംഗ്. ലിറ്റില്‍ ഫിലിംസ് ഇന്ത്യയുമായി ചേര്‍ന്ന് രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്ത് ആണ് നിര്‍മ്മാണം.