കൊച്ചി: ദിലീപിന്‍റെ മകള്‍ മീനാക്ഷിക്കൊപ്പമാണ് താനെന്ന് വ്യക്തമാക്കി നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഫേസ്ബുക്കില്‍ ഒരു ചിത്രം പങ്കുവച്ചിരുന്നു. ഇതും ഒരു പെണ്ണാണ്, ഞാനിവള്‍ക്കൊപ്പം എന്ന കുറിപ്പോടെ മീനാക്ഷിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ജയചന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് മുന്‍പും ദിലീപിനെ പിന്തുണച്ച് കൂട്ടിക്കല്‍ ജയചന്ദ്രന്‍ മുന്നോട്ട് വന്നിരുന്നു.
എന്നാല്‍ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചയുടനെ കൂട്ടിക്കലിനെതിരെ പ്രതിഷേധവും ഉയര്‍ന്നു. അക്രമിക്കപ്പെട്ട നടിയും പെണ്ണുതന്നെയാണ് എന്ന് പലരും കൂട്ടിക്കലിനോട് പറയുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പോസ്റ്റ് മൂന്നു തവണയാണ് ജയചന്ദ്രന്‍ എഡിറ്റ് ചെയ്തത്. വിമര്‍ശനങ്ങളുടെ മൂര്‍ച്ച കുറയ്ക്കാനായിരുന്നു നീക്കം. എന്നാല്‍ ഇത് കാര്യമായി ഏറ്റില്ല എന്നതാണ് സത്യം.

നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ സിനിമ മേഖലയില്‍നിന്നുള്ളവര്‍ എത്തിത്തുടങ്ങിയതിന് പിന്നാലെയാണ് ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ അറിയിച്ച് അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗോടെ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പെയിന്‍ ആരംഭിക്കുന്നത്. ഗണേഷ് കുമാര്‍, ജയറാം, കെപിഎസി ലളിത, ആന്റണി പെരുമ്പാവൂര്‍, കലാഭന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍ തുടങ്ങി നിരവധി പ്രമുഖര്‍ സിനിമ മേഖലയില്‍ നിന്നും ദിലീപിനെ സന്ദര്‍ശിക്കാന്‍ ജയിലില്‍ എത്തിയിരുന്നു.
ജയിലിലേയ്ക്കുള്ള സിനിമ മേഖലയിലുള്ളവരുടെ ഈ ഒഴുക്കിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അവള്‍ക്കൊപ്പം അവള്‍ക്കൊപ്പം മാത്രം എന്ന ഹാഷ്ടാഗോടെയാണ് അവര്‍ നടിയ്ക്കുള്ള പിന്തുണ അറിയിച്ചത്.അതേസമയം കഴിഞ്ഞ ദിവസം ദിലീപ് സമര്‍പ്പിച്ച ജാമ്യഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇത് നാലാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്. നേരത്തെ ഹൈക്കോടതിയും രണ്ട് തവണ ജാമ്യം നിഷേധിച്ചിരുന്നു.
