പുരുഷന്‍മാര്‍ക്ക് ഇപ്പോള്‍ തന്നോട് കുറച്ച് കലിപ്പാണെന്ന് കുഞ്ചാക്കോ ബോബന്‍. ഫേസ്ബുക്ക് പേജിലെ വീഡിയോയിലാണ് കുഞ്ചാക്കോ ബോബന്‍ ഒരു രസകരമായ നിരീക്ഷണം പറയുന്നത്.

ഞാന്‍ ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലെ രാജീവ് എന്ന കഥാപാത്രം ചെയ്തപ്പോള്‍ ഒരുപാട് സ്ത്രീകള്‍ക്ക് എന്നോട് ദേഷ്യമായിരുന്നു. പ്രത്യേകിച്ച് വീട്ടമ്മമാര്‍ക്ക്. അവര്‍ക്ക് ദേഷ്യം തോന്നിയത് കൊണ്ടാകണം പുരുഷന്‍മാര്‍ക്ക് എന്നെ വലിയ ഇഷ്ടമായി. ഇപ്പോള്‍ രാമന്റെ ഏദന്‍ തോട്ടം ഇറങ്ങിയപ്പോള്‍ സാഹചര്യം നേരെ തിരിഞ്ഞു. സ്ത്രീകള്‍ക്ക് രാമന്റെ കഥാപാത്രത്തെ ഇഷ്ടമായി. എന്നാല്‍ പുരുഷന്‍മാര്‍ക്ക് എന്നോട് കുറച്ച് കലിപ്പ് തോന്നി. രണ്ടും സ്ത്രീപക്ഷ സിനിമകളാണ്. ദേഷ്യമോ ഇഷ്ടമോ തോന്നിയിട്ടുണ്ടെങ്കില്‍ അത് കഥാപാത്രങ്ങളുടെ വിജയമാണ്. എനിക്ക് ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ തന്ന സംവിധായകരോടും നിര്‍മാതാക്കളോടും നന്ദി പറയുന്നു- കുഞ്ചാക്കോ ബോബന്‍ പറയുന്നു.


രാമന്റെ ഏദന്‍ തോട്ടത്തിന്റെ സംവിധായകനും നിര്‍മാതാവുമായ രഞ്ജിത്ത് ശങ്കര്‍, ചിത്രത്തില്‍ എനിക്കൊപ്പം പ്രവര്‍ത്തിച്ച അനു സിത്താര, ജോജു , അജു വര്‍ഗീസ്, രമേഷ് പിഷാരടി, ശ്രീജിത്ത് രവി, മുത്തുമണി, ഛായാഗ്രാഹകന്‍ മധു നീലക്ണ്ഠന്‍, സംഗീത സംവിധായകന്‍ ബിജി പാല്‍, മറ്റ് എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു- കുഞ്ചാക്കോ ബോബന്‍ പറയുന്നു.