ചിരിമഴ തീര്‍ക്കാനൊരുങ്ങുന്ന ശിക്കാരിശംഭുവിന്‍റെ സെറ്റില്‍ നാൽപ്പത്തിയൊന്നാം പിറന്നാൾ ആഘോഷിച്ച് മലയാളിയുടെ പ്രിയനടൻ കുഞ്ചാക്കോ ബോബന്‍. പുതിയ ചിത്രമായ ശിക്കാരിശംഭുവിന്‍റെ കോതമംഗലത്തെ സെറ്റിലാണ് സഹപ്രവർത്തകർ ചാക്കോച്ചന് പിറന്നാൾ ആഘോഷം ഒരുക്കിയത്.

വടാട്ടു പാറയിൽ പലവൻ പടി പുഴയോരത്ത് പച്ചപ്പ് നിറഞ്ഞ ഷൂട്ടിങ് ലൊക്കേഷൻ. കുഞ്ചാക്കോ ബോബന് പുറമെ അഭിനേതാക്കളായി ശിവദയും ,വിഷ്ണു ഉണ്ണികൃഷ്ണനും ഹരീഷ് കണാരനും മറ്റ് അണിയറപ്രവർത്തകരും. നഗരത്തിന്റെ തിളക്കങ്ങളൊന്നുമില്ലെങ്കിലും ചാക്കോച്ചന്റെ പിറന്നാൾ എല്ലാവരും ചേർന്ന് ആഘോഷമാക്കി. ചാക്കോച്ചന്റെ ചിത്രമുള്ള കേക്കും പിറന്നാൾ ആശംസ എഴുതിയ പോസ്റ്ററും എന്നു വേണ്ട എല്ലാം തയ്യാർ.

കേക്ക് മുറിക്കലിന് നേതൃത്വം നൽകിയത് ശിക്കാരി ശംഭുവിന്റെ നിർമ്മാതാവ് എസ്.കെ ലോറൻസ് ആണെങ്കില്‍, പിറന്നാൾ സദ്യയായി കോഴിക്കോടൻ ബിരിയാണി ഒരുക്കിയത് നടൻ ഹരീഷ് കണാരൻ. എല്ലാവരുടെയും സ്നേഹത്തിന് ചാക്കോച്ചന്റെ ഹൃദയം നിറഞ്ഞ നന്ദി. മുഴുനീള ഹാസ്യ ചിത്രമായ ശിക്കാരി ശംഭൂവിൽ സംവിധായകരായ ജോണി ആന്റണിയും ,അജി ജോണും നടൻമാരായി എത്തുന്നുണ്ട്. ഡിസംബർ 21-ന് ആണ് ചിത്രത്തിന്റെ റിലീസ്.