മലയാളത്തിന്റെ എക്കാലത്തെയും റൊമാന്റിക്കും ചോക്ലേറ്റ് നായകനെന്നൊക്കെ മലയാളികള്‍ ഓമന പേരിട്ടു വിളിച്ച കുഞ്ചാക്കോ ബോബന്‍ അപ്പൂപ്പനായി. ഒരു സിനിമയില്‍ നിന്ന് മറ്റൊന്നിലേക്ക് പറന്ന് ജനഹൃദയങ്ങളില്‍ ചേക്കേറിയ ഈ യുവനടന്‍ അപ്പൂപ്പനായതിന് പിന്നിലെ കാരണം ചികഞ്ഞാല്‍ അങ്ങ് അമേരിക്ക വരെ പോകേണ്ടി വരും.

ഷിക്കാഗോയിലാണ് സംഭവം നടക്കുന്നത്, നാഫ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് ഒരു കൊച്ചുമിടുക്കി കുഞ്ചാക്കോ ബോബനെ അപ്പൂപ്പനെന്നു വിളിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ അവാര്‍ഡ് വാങ്ങാന്‍ പോകുന്നതിന് തൊട്ടു മുന്‍പായിരുന്നു അപ്പൂപ്പന്‍ വിളി. ഇത് അക്ഷരാര്‍ത്ഥത്തില്‍ കുഞ്ചാക്കോ ബോബനെ ഞെട്ടിച്ചു. ഈ വിളികേള്‍ക്കാന്‍ പ്രേക്ഷകരോടൊപ്പം ഭാര്യ പ്രിയയും ഉണ്ടായിരുന്നുവെന്നതാണ് കൗതുകകരമായ കാര്യം.

 എന്നാല്‍ ഈ മിടുക്കി കുട്ടിയുടെ അപ്പൂപ്പന്‍ വിളി വളരെ രസകരമായ സംഭവമാണെന്ന് കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ്ബുക്കിലൂടെ കുറിച്ചു.

 ഫേസ്ബുക്ക് കുറിപ്പിങ്ങനെ..

 'ഒരുപാട് പേര്‍ തന്നെ എവര്‍ഗ്രീന്‍ ഹിറോ, ചോക്ലേറ്റ് ഹീറോ എന്നൊക്കെ വിളിക്കാറുണ്ട്. എന്നാല്‍ ചോട്ടയ്ക്ക് ഇതിനെ കുറിച്ച് വേറെ ചിന്തകളാണ്. ഈ കുറുമ്പി അപ്പൂപ്പന്‍ എന്ന് എന്നെ വിളിച്ചു. അവാര്‍ഡ് വാങ്ങാന്‍ പോകുന്നതിന് തൊട്ടുമുന്‍പായിരുന്നു അത്. പിള്ള മനസ്സില്‍ കള്ളമില്ലല്ലോ എന്നാണല്ലോ' എന്ന് കുറിപ്പും ഫോട്ടോയും താരം ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. ഈ മിടുക്കിയുടെയും കുഞ്ചാക്കോ ബോബന്റെയും ഫോട്ടോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.