തലശ്ശേരി: വിലക്കുകള്‍ ഏര്‍പ്പെടുത്തി മലയാള സിനിമയിലെ വിതരണ സംഘടന അടക്കി വാണ ലിബര്‍ട്ടി ബഷീറിന് സമരത്തിന് ശേഷം വന്‍ തിരിച്ചടി. സമരത്തിന് ശേഷം പ്രേക്ഷകര്‍ തിയറ്ററുകളിലേക്ക് ഒഴുകുകയാണ്. പുതിയ സംഘടനയും നേതൃത്വത്തില്‍ ചിത്രങ്ങള്‍ വീണ്ടും റിലീസായി. എന്നാല്‍ ഒന്നരമാസത്തോളം നീണ്ട സിനിമ സമരത്തിന് നേതൃത്വം നല്‍കിയ ലിബര്‍ട്ടി ബഷീറിനും ഒപ്പം നില്‍ക്കുന്ന മറ്റ് തീയേറ്റര്‍ ഉടമകള്‍ക്കും റിലീസ് സിനിമകള്‍ ഒന്നും പ്രദര്‍ശിപ്പിക്കാന്‍ ആയില്ല. തങ്ങളുടെ വ്യവസ്ഥകള്‍ രേഖാമൂലം അംഗീകരിക്കുന്നത് വരെ സിനിമകള്‍ നല്‍കില്ലെന്നായിരുന്നാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും നിലപാട്.

ലിബര്‍ട്ടി ബഷീറിന്‍റെ തലശ്ശേരിയിലെ ലിബര്‍ട്ടി തിയറ്റര്‍ കോപ്ലക്സില്‍ ഇപ്പോള്‍ കളിക്കുന്നത് എല്ലാം, അന്യഭാഷ ചിത്രങ്ങളോ, എ ചിത്രങ്ങളോ ആണ്. അഞ്ച് സ്ക്രീന്‍ ആണ് ഇവിടെയുള്ളത് ഇതില്‍ നാലില്‍ മാത്രമാണ് ഇപ്പോള്‍ പ്രദര്‍ശനം. ലിബര്‍ട്ടി പാരഡൈസില്‍ ഇപ്പോള്‍ പ്രദര്‍ശനമില്ല. ലിറ്റില്‍ പാരഡൈസിലും ലിബര്‍ട്ടി മൂവി ഹൗസിലും കളിക്കുന്ന ചിത്രങ്ങള്‍ ഇവയാണ്, പതിമൂന്നാംപക്കം പാര്‍ക്കാം, സീക്രട്ട് ഗേള്‍സ് 009, പൊല്ലാത്തവള്‍ എന്നീ സിനിമകള്‍. സി ക്സാസില്‍ കളിക്കാറുള്ള എ ചിത്രങ്ങളാണ് ഇവ. മിനി പാരഡൈസില്‍ ശശികുമാറിന്‍റെ പുതിയ തമിഴ് സിനിമ കളിക്കുന്നു.

ബോളിവുഡ് ചിത്രം റയീസ് ലിബര്‍ട്ടി സ്യൂട്ട് എന്ന ചെറിയ കളിക്കുന്നുണ്ട്. എന്തായാലും ലിബര്‍ട്ടി ബഷീറിന്‍റെ ഈ വീഴ്ച വലിയ ചര്‍ച്ചയാകുകയാണ് സോഷ്യല്‍ മീഡിയയില്‍. ഒരു കാലത്ത് വിലക്കുകളുമായി നടന്ന വ്യക്തിയുടെ പതനമായി പലരും ഇത് കാണുന്നു. അതേ സമയം ചില പത്രങ്ങളിലെ ഇന്നത്തെ സിനിമ പേജ് ഷെയര്‍ ചെയ്താണ് ലിബര്‍ട്ടി ബഷീറിനെ ചിലര്‍ ട്രോളുന്നു. അതേ സമയം പുതിയ സംഘടനയല്ല, വിതരണക്കാരുടെയും നിര്‍മ്മാതാക്കളുടെയും തീരുമാനമാന പ്രകാരമാണ് വിലക്ക് എന്നാണ് വിതരണക്കാരുടെ പുതിയ സംഘടന പറയുന്നത്.