നീലി എന്ന മിത്തിൽ ഉൾച്ചേർന്നിട്ടുള്ള സൂപ്പർ ഹീറോ സാധ്യതകളും അതിനെ സാമ്പ്രദായികമായി കൊണ്ടാടിയ ഭീകര സ്വത്വം എന്നതിൽ നിന്നുള്ള മോചനം കൂടിയാണ് ലോകയിലൂടെ സംവിധായകൻ സാധ്യമാക്കിയിട്ടുള്ളത്.
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് കല്യാണി പ്രിയദർശൻ നായികയായി എത്തിയ 'ലോക ചാപ്റ്റർ 1 : ചന്ദ്ര' മികച്ച പ്രേക്ഷക നിരൂപക പ്രശംസകൾ നേടിക്കൊണ്ട് മുന്നേറുകയാണ്. മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ ഹീറോ എന്ന ഖ്യാതിയുമായി എത്തിയ ലോക റിലീസിന് മുന്നെയുണ്ടായിരുന്ന എല്ലാ ഹൈപ്പുകളും കാത്തുസൂക്ഷിച്ചു എന്ന് തന്നെ പറയാവുന്നതാണ്. ഇന്ത്യൻ സിനിമകൾ എല്ലാകാലത്തും മിത്തുകളെയും ഐതിഹ്യങ്ങളെയും ആസ്പദമാക്കി സിനിമകളും മറ്റ് കലാ സാഹിത്യ സൃഷ്ടികളും നിർമ്മിച്ചിട്ടുണ്ട്. എന്നാൽ അവയെല്ലാം ഹിന്ദു പുരാണേതിഹാസങ്ങളെ അടിസ്ഥാനമാക്കിയാണ് പുറത്തിറങ്ങിയിട്ടുള്ളത്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി കേരളത്തിൽ നിലനിന്നിരുന്ന കള്ളിയങ്കാട്ട് നീലി എന്ന മിത്തിനെ ആസ്പദമാക്കിയയാണ് ഡൊമിനിക് അരുൺ ലോക ഒരുക്കിയിട്ടുള്ളത്. നടിയും ഡൊമിനികിന്റെ ആദ്യ ചിത്രമായ തരംഗത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ശാന്തി ബാലചന്ദ്രൻ ആണ് ലോകയുടെ സഹ രചയിതാവ്.
മലയാളത്തിൽ തന്നെ നിരവധി സിനിമകൾക്കും നാടകങ്ങൾക്കും സാഹിത്യ സൃഷ്ടികൾക്കും നീലി അടിസ്ഥാനമായിട്ടുണ്ടെങ്കിലും ചെറുപ്പം മുതൽ നമ്മളെല്ലാവരും നീലിയെ കേവലമൊരു ഭീകര സ്വത്വമായിട്ടാണ് കണ്ടുപോന്നിട്ടുള്ളത്, അതിനൊരു പരിധി വരെ കാരണമായിട്ടുള്ളത് ഇത്തരം കലാസൃഷ്ടികൾ കൂടിയാണ് എന്നുള്ളത് വിസ്മരിക്കാൻ കഴിയാത്ത ഒരു കാര്യമാണ്. എന്നാൽ ലോകയിലേക്ക് വരുമ്പോൾ കള്ളിയങ്കാട്ട് നീലിയെ നായികയായാണ് സംവിധായകൻ അവതരിപ്പിച്ചിട്ടുള്ളത്. നീലി എന്ന മിത്തിൽ ഉൾച്ചേർന്നിട്ടുള്ള സൂപ്പർ ഹീറോ സാധ്യതകളും അതിനെ സാമ്പ്രദായികമായി കൊണ്ടാടിയ ഭീകര സ്വത്വം എന്നതിൽ നിന്നുള്ള മോചനം കൂടിയാണ് ലോകയിലൂടെ സംവിധായകൻ സാധ്യമാക്കിയിട്ടുള്ളത്.

മാത്രമല്ല നീലി കൃത്യമായും പ്രതിനിധീകരിക്കുന്നത് ആദിവാസി വിഭാഗത്തെയാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ ആദിവാസി സൂപ്പർ ഹീറോ ആയിരിക്കും നീലി. പൊതുവെ നാം കണ്ടു ശീലിച്ച വാർപ്പുമാതൃകകളിൽ നിന്നും വ്യത്യസ്തമായി ഒരു സ്ത്രീ സൂപ്പർ ഹീറോ ആയി വരുന്നു, അതിൽ തന്നെ അവരുടെ സ്വത്വം എന്നത് ആദിവാസി എന്നത് കൂടിയാവുന്നു എന്ന് പറയുന്നത് കേവലം യാദൃശ്ചികമായി മാത്രം കാണാനാവില്ല. ചിത്രത്തിൽ വിജയരാഘവൻ അവതരിപ്പിച്ച കഥാപാത്രം നീലിയുടെ കഥ പറയുമ്പോൾ സൂചിപ്പിക്കുന്നുണ്ട് പണ്ട് ഇവിടെയെല്ലാം കാട് ആയിരുന്നുവെന്ന്. കൂടാതെ നസ്ലെന്റെ കഥാപാത്രമായ സണ്ണിയുടെ കൂടെ ചന്ദ്ര നടക്കാനിറങ്ങുമ്പോൾ വിജയരാഘവൻ പറഞ്ഞ കഥയിലെ ആദിവാസികളുടെ ആരാധനാമൂർത്തിയായ ദേവിയുടെ വിഗ്രഹവും കത്തിനശിച്ച മരവും കാണാൻ സാധിക്കും. എങ്ങനെയാണ് അധികാരവും ജാതി എന്ന സാമൂഹിക മൂലധനവും ഉപയോഗിച്ചുകൊണ്ട് ഈ നാട്ടിലെ അടിസ്ഥാന ജനവിഭാഗങ്ങളായ ആദിവാസികളെയും ദലിതരെയും പൊതുസമൂഹം പുറന്തള്ളിയത് എന്നതിന്റെ ഉദാഹരണമായി സിനിമയിലെ ഈ വ്യാഖ്യാനത്തെ കാണാവുന്നതാണ്. അതേസമയം വരും ഭാഗങ്ങളിൽ ചിത്രം എത്രത്തോളം മിത്തിനുള്ളിലെ ഈ ചരിത്രത്തെ ചർച്ച ചെയ്യുന്നുവെന്നതും പ്രധാനപ്പെട്ടതാണ്.
അടിസ്ഥാന വർഗ്ഗത്തിൽ നിന്നുള്ള 'സൂപ്പർ ഹീറോസ്'
ഇന്ത്യൻ സിനിമ, പ്രത്യേകിച്ച് വാണിജ്യ സിനിമകൾ കാലങ്ങളായി കൊണ്ടാടുന്ന ചില ചേരുവകളുണ്ട്. അതിൽ നിന്ന് എന്തെങ്കിലും കുറച്ചോ, മാറ്റം വരുത്തിയോ മറ്റൊരു കഥയോ കഥാപരിസരത്തെ പറ്റിയോ ചിന്തിക്കാൻ സംവിധായകരും എഴുത്തുകാരും തയ്യാറാവുന്നില്ല എന്നതിൽ നിന്നാണ് ഇവിടെ പുരുഷകേന്ദ്രീകൃതമായ സിനിമകളും ആഖ്യാനങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അത്തരമൊരു സിനിമാഖ്യാനത്തിന് എപ്പോഴും കുറഞ്ഞതോതിലെങ്കിലും വെല്ലുവിളി ഉയർത്തിയിട്ടുള്ളത് മലയാള സിനിമയാണെന്ന് നിസ്സംശയം പറയാവുന്നതാണ്. മഞ്ഞുമ്മൽ ബോയ്സ് ഇറങ്ങിയപ്പോൾ എന്തുകൊണ്ട് ഇത്തരം സ്ത്രീ കേന്ദ്രീകൃത സിനിമകൾ മലയാളത്തിൽ ഉണ്ടാവുന്നില്ല എന്നുള്ള വാലിഡ് ആയിട്ടുള്ള ചർച്ചകൾ രൂപപ്പെട്ടിരുന്നു. ലോകയിലേക്ക് വരുമ്പോൾ ചന്ദ്ര തന്നെയാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. ചന്ദ്രയുടെ അസ്തിത്വം അധികാരത്തോടും ജാതിയോടുമുള്ള ഏറ്റുമുട്ടലിന്റെ ചരിത്രം കൂടി പറയുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഹിന്ദു മിത്തോളജിയിൽ നിന്നുള്ള മറ്റ് 'സൂപ്പർ ഹീറോ', നായക സങ്കൽപ്പങ്ങളെ സൂക്ഷ്മമായ ചരിത്ര പുനർമിതിയിലൂടെ ലോക വെല്ലുവിളിക്കുന്നത്. നീലിയുടെ അസ്തിത്വം, അതിന്റെ ചരിത്രത്തിൽ നിന്നും വേർപെടുത്താതെ, ഇല്ലങ്ങളിലും മനകളിലും തളച്ചിടാതെ, പുതിയൊരു ആഖ്യാനം നൽകാൻ സംവിധായകൻ തയ്യാറായതിൽ തീർച്ചയായും പ്രശംസയർഹിക്കുന്നുണ്ട്.
അതേസമയം ജിതിൻ ലാൽ സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായി എത്തിയ 'അജയന്റെ രണ്ടാം മോഷണം' ചിത്രത്തിലും നായക കഥാപാത്രത്തിന്റെ സ്വത്വം അടിസ്ഥാന ജനവിഭാഗത്തിന്റേതാണെന്ന് കാണാൻ കഴിയും. ജാതിയും അധികാരവും എങ്ങനെയാണ് പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതെന്നും എങ്ങനെയാണ് ഒരു വിഭാഗം ജനങ്ങൾ മാത്രം ജനനത്തിന്റെ പേരിൽ സമൂഹത്തിൽ നിന്നും പുറന്തള്ളപ്പെട്ട് പോകുന്നതെന്നും അജയന്റെ രണ്ടാം മോഷണം ചർച്ച ചെയ്യുന്നുണ്ട്. ഹരിപുരം എന്ന ഗ്രാമത്തിൽ പ്രാചീന കാലത്ത് ആകാശത്ത് നിന്നും പതിച്ച ഉലക്കയിൽ നിന്നും രാജാവിന്റെ നിർദ്ദേശ പ്രകാരം ചോതിവിളക്ക് നിർമിക്കുന്ന കേളുവും, അത് വഞ്ചനയിലൂടെ കൈക്കലാക്കുന്ന രാജാവും അതേത്തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് മൂന്ന് കാലഘട്ടങ്ങളിൽ നടക്കുന്ന കഥയായി അജയന്റെ രണ്ടാം മോഷണത്തിലൂടെ സംവിധായകൻ പറയുന്നത്.

കേളു എന്ന കഥാപാത്രത്തെ കൂടാതെ മണിയൻ, അജയൻ എന്നീ കഥാപാത്രങ്ങളായി വ്യത്യസ്ത കാലഘട്ടത്തിൽ ടൊവിനോ തോമസ് തന്നെ വേഷമിടുന്നു. ചിത്രത്തിൽ മണിയൻ എന്ന സൂപ്പർ ഹീറോയും അതിന്റെ ചരിത്രവും മിത്തിന്റെ രൂപത്തിൽ സംവിധായകൻ പറഞ്ഞുപോകുമ്പോൾ മലയാള സിനിമ അതുവരെ കണ്ടുശീലിച്ച നായക സങ്കൽപ്പങ്ങളെ കൂടിയായിരുന്നു ചിത്രം വെല്ലുവിളിച്ചത്. മോഷണം എന്ന പ്രവൃത്തിയെ ജാതിയുമായി ബന്ധപ്പെടുത്തി സമൂഹം എങ്ങനെയാണ് കൊണ്ടാടുന്നത് എന്ന് വളരെ സൂക്ഷമായി തന്നെ അജയന്റെ രണ്ടാം മോഷണത്തിൽ കാണാൻ കഴിയും.
ലോകയിലും അജയന്റെ രണ്ടാം മോഷണത്തിലും സാമ്പ്രദായികമായ കഥാപാത്ര നിർമ്മിതികളിലെ പൊളിച്ചെഴുത്തുകൾ തീർച്ചയായതും ഇനിയും ചർച്ചകൾ അർഹിക്കുന്നുണ്ട്. പുരുഷ കഥാപാത്രങ്ങളെ കായികപരമായി നേരിടുന്ന നായിക മലയാള സിനിമകളിൽ വിരളമാണെന്നിരിക്കെ അതിന്റെ അസ്തിത്വം വികലമാക്കപ്പെടാതെ തന്നെ എഴുത്തിലും ആഖ്യാനത്തിലും കൊണ്ടുവന്ന ഡൊമിനികും ശാന്തിയും പ്രശംസിക്കപ്പെടേണ്ടതാണ്. മണിയൻ ആയി ടൊവിനോ വീണ്ടുമെത്തുമ്പോൾ മലയാള സിനിമയിൽ മിത്തുകളും ചരിത്രവും അപരവത്കരിക്കപെടാതെ തന്നെ സൂപ്പർ ഹീറോകളായി തന്നെ സ്‌ക്രീനിൽ കാണാൻ കഴിയും എന്നും പ്രതീക്ഷിക്കാം.
ലോകയിൽ ഒടിയനും ചാത്തനും വരും ഭാഗങ്ങളിൽ എത്തുമ്പോൾ ചരിത്രവും മിത്തും എങ്ങനെയാണ് സംവിധായകൻ സമന്വയിപ്പിക്കാൻ പോകുന്നതെന്ന ആകാംക്ഷയും നിലനിൽക്കുന്നുണ്ട്. അതോടൊപ്പം തന്നെ വരും ഭാഗങ്ങളിൽ എങ്ങനെയായിരിക്കും നീലിയുടെ പ്രാധാന്യമെന്നും ചർച്ച ചെയ്യപ്പെടേണ്ടതാണ്. മലയാള സിനിമയിലെ ബഹുജൻ സൂപ്പർ ഹീറോകളുടെ തുടർച്ചകൾ ഇനിയുമുണ്ടാവട്ടെ, സാംസ്കാരികമായി അവ കവർന്നെടുക്കാതെ (Cultural appropriation) യഥാർത്ഥ ചരിത്രവും മിത്തുകളും പ്രേക്ഷകർ ചർച്ച ചെയ്യട്ടെ!



