കോഴിക്കോട്:ജൂനിയര്‍ വിദ്യാര്‍ത്ഥിയെ ആക്രമിച്ച സംഭവത്തില്‍ സീരിയല്‍ താരത്തിനെതിരെ കോഴിക്കോട് കസബ പോലീസ് വധശ്രമത്തിന് കേസെടുത്തു. എം 80 മൂസയെന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധനേടിയ അതുല്‍ ശ്രീവയെ റിമാന്‍ഡ് ചെയ്തു.

ഗുരുവായൂരപ്പന്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് അതുല്‍ ശ്രീവയെ കസബ പൊലീസ് അറസ്റ്റ് ചെയ്തത്. പണം ആവശ്യപ്പെട്ടെന്നും, കിട്ടാതെ വന്നതോടെ അതുലും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് പരാതി. കസബ പോലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് കോളേജിലെ തന്നെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അതുല്‍ ശ്രീവയെ അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു.കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘത്തില്‍ അംഗമാണ് അതുലെന്ന് പോലീസ് പറയുന്നു. വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നത് അതുലുള്‍പ്പെടുന്ന സംഘത്തിന്‍റെ പതിവാണെന്ന് പോലീസ് പറയുന്നു. പണം നല്‍കാന്‍ വിസമ്മതിച്ചാലും, നൂറില്‍ താഴെ രൂപ നല്‍കിയാലും കൂട്ടത്തോടെ മര്‍ദ്ദിക്കുമത്രേ. പല വിദ്യാര്‍ത്ഥികളും പേടിച്ച് പരാതിപ്പെടുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. കേസിലെ മറ്റു പ്രതികള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
എം80 മൂസ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് അതുല്‍ ശ്രീവ അഭിനയരംഗത്തേക്ക് വരുന്നത്. പരമ്പരയില്‍ സുരഭിലക്ഷ്മിയും, വിനോദ് കോവൂരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മകനായാണ് അതുല്‍ ശ്രീവ അഭിനയിക്കുന്നത്.
