കൊച്ചി: സ്ത്രീവിരുദ്ധ നിലപാടുകളെ ന്യായീകരിച്ചും തന്റെ സിനിമകളിലെ ബലാത്സംഗ പരാമര്‍ശങ്ങളെ വിമര്‍ശിച്ചവരെ പരിഹസിച്ചുമുള്ള സംവിധായകന്‍ രഞ്ജിത്തിന്റെ നിലപാടിനെതിരെ വിമര്‍ശനവുമായി എംഎ നിഷാദ്. രഞ്ജിത് താങ്കള്‍ മാടമ്പി സംസ്‌കാരത്തിന്റെ കുഴലൂത്തുകാരനാണോ എന്നാണ് സംവിധായകനായ എംഎ നിഷാദിന്റെ ചോദ്യം.

തിരുത്തലുകളുണ്ടാക്കാന്‍ സിനിമാ മേഘല ഒന്നായി ശ്രമിക്കുമ്പോള്‍, കടുത്ത സ്ത്രീവിരുദ്ധതയിലൂന്നി, ഇനിയും ബലാല്‍സംഘം ചെയ്യണമെന്ന് ആവര്‍ത്തിച്ചു പറയുകയാണോ താങ്കളുടെ നിലപാടുകളെന്ന് എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല കൈയ്യടി കിട്ടുന്നത് നല്ലതാ. പക്ഷെ ഇത്തരം പ്രസ്താവനകളില്‍ കിട്ടുന്നത് മനോവൈകല്ല്യമുളളവരുടെ കൈയ്യടിയാണ്. മറ്റുളളവരുടെ വേദനകളില്‍ സന്തോഷം കണ്ടെത്തുന്നവരുടെ കൈയ്യടിയാണെന്നും നിഷാദ് പറയുന്നു.

കൊച്ചിയില്‍ നടി ആക്രമണത്തിനരയായതിന് പിന്നാലെ നടന്‍ പൃഥ്വിരാജും ഡോക്ടര്‍ ബിജു, നിഷാദ് തുടങ്ങിയ സംവിധായകരും ഇനി തങ്ങളുടെ സിനിമകളില്‍ സ്ത്രീവിരുദ്ധത ആഘോഷിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. മലയാള സിനിമാ രംഗമാകെ തിരുത്തലിന് ശ്രമിക്കുമ്പോഴാണ് മാതൃഭൂമി ആഴ്ചപതിപ്പില്‍ വന്ന ലേഖനത്തെ വിമര്‍ശിച്ച് രഞ്ജിത്ത് രംഗത്ത് വന്നത്.