കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ശക്തമായ നിലപാടെടുത്തില്ലെന്ന വിമര്‍ശനത്തിന് സാമൂഹിക പ്രവര്‍ത്തക പാര്‍വ്വതിയുടെ മറുപടി. നടിയെ വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ചത് ദിലീപും ബിനീഷ് കോടിയേരിയും ചേര്‍ന്നാണെന്ന് പറയാന്‍ തനിക്ക് സൗകര്യമില്ലെന്നും സമ്മര്‍ദ്ദ തന്ത്രം പ്രയോഗിച്ച് പറയിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും പാര്‍വ്വതി അഭിപ്രായപ്പെട്ടു.

ഇക്കാര്യം തെളിഞ്ഞാല്‍ ആരുടേയും ശുപാര്‍ശ ഇല്ലാതെ പറയുമെന്നും തന്റെ അന്നം സിനിമയില്‍ നിന്നാണെന്ന് ആരും തെറ്റദ്ധരിക്കേണ്ടെന്നും പാര്‍വ്വതി വിമര്‍ശകര്‍ക്ക് മറുപടി നല്‍കി. തന്റെ സിനിമ അവസരങ്ങള്‍ക്ക് വേണ്ടി തെരുവില്‍ ക്രൂരമായി ആക്രമിക്കപ്പെടുന്നവരെ ഒറ്റി കൊടുത്തു എന്നൊക്കെ കേള്‍ക്കുമ്പോള്‍ തനിക്ക് ചിരിയാണ് വരുന്നതെന്ന് പാര്‍വ്വതി പറഞ്ഞു.

കേസ് തെളിഞ്ഞാല്‍ പറയാം, അല്ലെങ്കില്‍ ഇര ഇക്കാര്യം പറയണം. ബിജെപിയുടെ എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞത് കൊണ്ട് തൃപ്തിപ്പെടുക. പാര്‍വ്വതി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു ചാനല്‍ ചര്‍ച്ച സംബന്ധിച്ചായിരുന്നു പാര്‍വ്വതിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. ചര്‍ച്ചയില്‍ പാര്‍വ്വതി ശക്തമായ നിലപാടുകള്‍ സ്വീകരിച്ചില്ലെന്നും ഇത്തരം പ്രശ്നങ്ങളില്‍ സാധാരണ പ്രകടിപ്പിക്കുന്ന ധാര്‍മിക രോഷം ഉണ്ടായിരുന്നില്ലെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.