അമേരിക്കന്‍ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മാധവന്‍- വിജയ് സേതുപതി ചിത്രം വിക്രം വേദ. രാജമൗലിയുടെ ബിഗ് ബജറ്റ് ചിത്രം ബാഹുബലി 2നു ശേഷം യുഎസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് സിനിമയാണ് വിക്രം വേദ. 2.35 കോടി രൂപയാണ് ചിത്രം ഇതിനകം അമേരിക്കയില്‍ നേടിയത്. നിരൂപകരും പ്രേക്ഷകരും ഒരേ സമയം ഏറ്റെടുത്ത ചിത്രം വന്‍ ഹിറ്റിലേക്കാണ് കുതിക്കുന്നത്. പുഷ്കര്‍- ഗായത്രി ദമ്പതികള്‍ സംവിധാനം ചെയ്ത വിക്രം വേദ തമിഴ്നാട്ടില്‍ മാത്രം ആദ്യ ആഴ്ചയില്‍ നേടിയത് 17 കോടി രുപയാണ്. വിക്രമായി മാധവനും വേദയായി വിജയ് സേതുപതിയുമാണ് സിനിമയില്‍ വേഷമിടുന്നത്. ബഹുതാര ചിത്രങ്ങള്‍ അപൂര്‍വ്വമായ് മാത്രം പുറത്തിറങ്ങുന്ന തമിഴ്നാട്ടില്‍ വിക്രം വേദ തിയേറ്ററുകള്‍ ഇളക്കിമറിക്കുകയാണ്.