മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'മധുരരാജ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തെത്തിയ 'പോക്കിരിരാജ'യിലെ കഥാപാത്രം രണ്ടാംവരവിലും തീയേറ്ററുകളില്‍ ഓളമുണ്ടാക്കിയേക്കുമെന്നാണ് ഫസ്റ്റ് ലുക്ക് തരുന്ന സൂചന. പോക്കിരിരാജയില്‍ വന്ന അതേ ഗെറ്റപ്പില്‍ വില്ലന്‍ കഥാപാത്രങ്ങളെ അടിച്ചൊതുക്കി പിന്‍തിരിഞ്ഞ് നില്‍ക്കുന്ന മമ്മൂട്ടിയാണ് ഫസ്റ്റ് ലുക്കില്‍.

മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് ശേഷം വൈശാഖിന്റേതായി പുറത്തുവരുന്ന ചിത്രമാണ് മധുരരാജ. പുലിമുരുകന്റെ രചയിതാവ് ഉദയകൃഷ്ണയുടേതാണ് തിരക്കഥ. പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ ഡയറക്ടര്‍. ഷാജി കുമാര്‍ ഛായാഗ്രഹണം. ഇരുവരും വൈശാഖിനൊപ്പം പുലിമുരുകനിലും സഹകരിച്ചിരുന്നു. ഗോപി സുന്ദര്‍ സംഗീതം. നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മ്മാണം. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ഹിറ്റ് പ്രതീക്ഷകളിലൊന്നാണ് ചിത്രം. വിഷുവിന് തീയേറ്ററുകളിലെത്തും.