അടുത്തകാലത്ത് മലയാളത്തില്‍ നിന്ന് മാത്രമല്ല സിനിമയില്‍ നിന്നും ഒരു ഇടവേളയെടുത്തിരിക്കുകയായിരുന്നു മഡോണ സെബാസ്റ്റ്യന്‍

കൊച്ചി: അടുത്തകാലത്ത് മലയാളത്തില്‍ നിന്ന് മാത്രമല്ല സിനിമയില്‍ നിന്നും ഒരു ഇടവേളയെടുത്തിരിക്കുകയായിരുന്നു മഡോണ സെബാസ്റ്റ്യന്‍. പ്രേമത്തിലൂടെ മലയാളത്തിന്‍റെ ഹൃദയം കവര്‍ന്ന മഡോണ പിന്നീട് കിംഗ് ലയര്‍ മാത്രമാണ് മലയാളത്തില്‍ അഭിനയിച്ച സിനിമ. പിന്നീട് തമിഴിലും തെലുങ്കിലും സജീവമായ താരം, എന്നാല്‍ മാസങ്ങളായി സിനിമ രംഗത്ത് നിന്നും അപ്രത്യക്ഷമായിരുന്നു. ഒടുവില്‍ തന്‍റെ ഇടവേളയുടെ കാരണം വ്യക്തമാക്കി മഡോണ കാര്യങ്ങള്‍ പറയുന്നു.

താന്‍ ഇവിടെ തന്നെയുണ്ടായിരുന്നു. കുറച്ച് കാലം അഭിനയിക്കാന്‍ എക്സൈറ്റഡായ കഥയൊന്നും കിട്ടിയില്ല. കഴിഞ്ഞ വര്‍ഷത്തിലെ ആദ്യമാസങ്ങളില്‍ വിശ്രമം ഇല്ലാതെ ജോലിയായിരുന്നു. ഇതിന്‍റെ ഫലമായി ശാരീരിക അസ്വസ്തകള്‍ ഉണ്ടായി. മനസും ശരീരവും ഒരുപോലെ ക്ഷീണിച്ചു. കഠിനമായ തലവേദനയും പിടിപെട്ടു. ഒപ്പം മാനസിക പിരിമുറുക്കവും. ഈ അവസ്ഥയില്‍ ഞാന്‍ പല ഡോക്ടര്‍മാരെയും പോയി കണ്ടു. പക്ഷേ ഒരു പ്രയോജനവും കിട്ടിയില്ല.

പിന്നെയാണ് ഒരു കളരി ഗുരുക്കളുടെ അടുത്തുപോയി. അദ്ദേഹം എനിക്കൊരു എണ്ണ തന്നു. അത് ഉപയോഗിക്കുന്നതിനൊപ്പം യോഗ ചെയ്യുന്നതും ആരംഭിച്ചു. ഇവ രണ്ടും എന്നെ സഹായിച്ചു. ഒരു മാജിക് എന്നപോലെ വെറും അഞ്ചു ദിവസം കൊണ്ട് എന്റെ അവശതകള്‍ മാറി. ഇപ്പോള്‍ ഞാന്‍ പൂര്‍ണ ആരോഗ്യവതിയാണ്.

സിനിമ രംഗത്ത് റിസ്കുണ്ട്, എനിക്ക് വലിയ ആത്മവിശ്വാസമാണെന്നാണ് എല്ലാവരും പറയാറ്. എന്നാല്‍ എപ്പോഴും ഒരു ബാക്ക് അപ്പ് വേണ്ടുന്ന വ്യക്തിയാണ് ഞാന്‍. . പലചോദ്യങ്ങളും ഇതിനിടയില്‍ നേരിടണം, എന്താണ് അങ്ങനെ ചെയ്യാത്തത്, വിവാഹം കഴിച്ച് ഏതെങ്കിലും വേറെ ജോലി നോക്കിക്കൂടെ? പഠനം എങ്ങനെ? പിഎച്ച്ഡി എടുക്കുമോ? തുടങ്ങി പലപല ചോദ്യങ്ങളാണ്. ഇതൊക്കെ നേരിടാന്‍ യോഗ എന്നെ ഒരുപാട് സഹായിച്ചു. എന്നെ പോസിറ്റീവ് ആയി നിലനിര്‍ത്തുന്നു.'മഡോണ പ്രതികരിക്കുന്നു.

തമിഴില്‍ രണ്ടു ചിത്രങ്ങളിലും പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലും മഡോണ ഇക്കാലയളവില്‍ അഭിനയിച്ചു. വിജയ് സേതുപതി നായകനാകുന്ന ജുങ്ക എന്ന പുതിയ ചിത്രത്തിലും മഡോണ അഭിനയിക്കുന്നുണ്ട്. ആസിഫ് അലി നായകനാകുന്ന 'ഇബ്ലീസ്' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കുള്ള മടങ്ങിവരവിനും ഒരുങ്ങുകയാണ് താരം.