ഭൂരിഭാഗവും നല്ല മലയാളം പറയാന്‍ കഷ്ടപ്പെടുമ്പോള്‍ സംസ്കൃതം വരെ ഉപയോഗിക്കുകയാണ് അനൂപ് ചന്ദ്രന്‍

ബിഗ് ബോസിൽ മലയാളം മാത്രമേ സംസാരിക്കാൻ പാടുള്ളൂ എന്നാണ് നിയമം. എന്നാൽ ഈ ഷോയിൽ ഏറ്റവും ചിരിയുണർത്തുന്ന സന്ദർഭങ്ങൾ ശ്വേതയും അർച്ചനയും അതിഥിയും രഞ്ജിനിയുമൊക്കെ മലയാളം പറയുന്നതാണ്. വെള്ളിയാഴ്ചത്തെ എപ്പിസോഡില്‍ സാധനങ്ങളുടെ ലിസ്റ്റ് വായിക്കുമ്പോൾ ശ്വേത മേനോന്‍ പൈൻ ആപ്പിൾ ബിഗ് ബോസ് എന്ന് നീട്ടി വിളിച്ചത് പ്രേക്ഷകരിൽ ചിരി ഉയര്‍ത്തിയിരിക്കും. മലയാളം സംസാരിക്കുമ്പോൾ കൃത്യമായ ഗ്രാമറോ നിർത്തേണ്ട സ്ഥലമോ ശ്വേതയ്ക്ക് അറിയില്ല. കഴിഞ്ഞ ദിവസം അനൂപിന്റെ മാടമ്പിത്തരം എന്ന് പറയാൻ ശ്വേത എടുത്ത എഫർട്ടും രസകരമായിരുന്നു. 

ബിഗ് ബോസ് ഹൗസിലെ ഏറ്റവും വലിയ ബഹളക്കാരിയാണ് അര്‍ച്ചന. എന്നാൽ ആ ബഹളം മുഴുവൻ തമിഴ് കലർന്ന മലയാളത്തിലായതിനാല്‍ അത് പ്രേക്ഷരിലും മറ്റ് മത്സരാര്‍ഥികളില്‍ത്തന്നെയും ഉണ്ടാക്കുന്ന ആശയക്കുഴപ്പം ചെറുതല്ല. തമാശ പറയുകയാണോ അതോ ദേഷ്യപ്പെടുകയാണോ കളിപ്പിക്കുകയാണോ എന്നൊന്നും അർച്ചനയുടെ ഭാഷയിൽ നിന്നോ മുഖത്ത് നിന്നോ വായിച്ചെടുക്കല്‍ ബുദ്ധിമുട്ടാണ്. ആദ്യ ദിവസങ്ങളിൽ പൂർണമായും മലയാളം പറഞ്ഞിരുന്ന രഞ്ജിനി, മത്സരാർത്ഥികൾ തമ്മിലുള്ള ഉരസലിലേക്ക് ഷോ മുറുകുമ്പോള്‍ തെറി വിളിക്കാനായി ഇംഗ്ലീഷിനെ ആശ്രയിക്കുന്നതാണ് കാണുന്നത്. കഴിഞ്ഞ എപ്പിസോഡില്‍ അനൂപിന് മേല്‍ ആധിപത്യം നേടാന്‍ രഞ്ജിനി ഇംഗ്ലീഷാണ് തെരഞ്ഞെടുത്തത്.

മുന്‍പ് അവതാരകയായിരുന്ന പരിപാടികളില്‍ രഞ്ജിനിയുടെ മലയാളം പലപ്പോഴും ട്രോളുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാല്‍ ബിഗ് ബോസില്‍ എത്തിയപ്പോഴാണ് രഞ്ജിനിക്ക് മലയാളം നന്നായി വഴങ്ങുമെന്ന് പ്രേക്ഷകര്‍ മനസ്സിലാക്കുന്നത്. കേരളത്തിന് പുറത്ത് ജീവിക്കുന്ന അതിഥിക്കും മലയാളം പറയാൻ പ്രയാസമാണ്. അതേസമയം അനൂപ് ചന്ദ്രനാവട്ടെ സംസാര ഭാഷയിൽ സംസ്കൃതം പോലും ഉപയോഗിക്കുന്നുണ്ട്.